തൃശ്ശൂർ: കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിൽ മലയാളി സാന്നിധ്യത്തിന് സാധ്യതയേറി. കൊച്ചി ആസ്ഥാനമായ പി.എൻ.ബി. വെസ്പർ എന്ന കമ്പനിക്ക് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതിലഭിച്ചു. ബ്രിട്ടനിൽ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഡെക്‌സാമെത്താസോണിനെക്കാൾ നല്ല പ്രകടനമാണ് ആദ്യഘട്ടത്തിൽ കാണുന്നതെന്ന വിലയിരുത്തലിലാണ് അനുമതി. പി.എൻ.ബി-001 (ജി.പി.പി. ബലഡോൾ) എന്ന പേരിട്ടിരിക്കുന്നതാണ് രാസമൂലകം. മൂന്ന് പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിയാലാണ് മരുന്നിന് നിർമാണാനുമതി കിട്ടുക. രണ്ടാംഘട്ടത്തിൽ മികച്ച പ്രകടനമാണെങ്കിൽ മുൻകൂട്ടി അനുമതി നൽകിയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയെങ്കിൽ മാസങ്ങൾക്കകം കോവിഡ് മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഡ്രഗ്‌സ് കൺട്രോൾ ജനറലിന്റെ അനുമതിപ്രകാരം പരീക്ഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന് കമ്പനി എം.ഡി. തൃശ്ശൂർ സ്വദേശി പി.എൻ. ബലറാം പറഞ്ഞു. അമേരിക്ക, ഇംഗ്ലണ്ട്, തായ്‌ലൻഡ്, ജർമനി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി ചേർന്നാണ് കമ്പനിയുടെ ഗവേഷണം. ആദ്യ ഘട്ടത്തിൽ 74 പേരാണ് പങ്കാളികളായത്. അഹമ്മദാബാദ് കേന്ദ്രീകരിച്ചുനടന്ന പഠനത്തിൽ മികച്ച ഫലവുമുണ്ടായി. ഇതിനെത്തുടർന്നാണ് ബയോസ്പിയർ ക്ലിനിക്കൽ റിസർച്ച് എന്ന സ്ഥാപനംവഴി രണ്ടാംഘട്ടത്തിനുള്ള അനുമതി തേടിയത്. പുണെ ബി.ജി. സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ഭേദപ്പെട്ട നാൽപ്പതുപേരിലാണ് പരീക്ഷണം. ഡെങ്കിപ്പനിക്കെതിരായ അന്വേഷത്തിന്റെ ഭാഗമായി 2017 മുതലാണ് ഈ മൂലകത്തിന്റെ ഗവേഷണം തുടങ്ങിയത്. കുടലിന്റെയും കരളിന്റെയും നീർവീക്കത്തിനെതിരേ ഇത് ഫലപ്രദമാണെന്ന നിഗമനം വന്നു. കോവിഡ് രൂക്ഷമായതോടെ അതുംകൂടി പരീക്ഷണത്തിന്റെ ഭാഗമാക്കുകയായിരുന്നു. പ്രതിരോധശേഷി നിയന്ത്രിക്കുന്ന സൈറ്റോക്കൈനുകളെ അവശ്യാനുസരണം ക്രമീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ കഴിയുമെന്നതാണ് ഈ മരുന്നിന്റെ അടിസ്ഥാനതത്ത്വം. ഏറെ സാമ്പത്തിക ബാധ്യതയുള്ള പ്രവർത്തനം തുലോം ചെറിയതോതിലുള്ള തങ്ങൾക്കു നടത്താനായത് അഭിമാനമായെന്ന് ബാലറാം പറയുന്നു. മരുന്ന് ഫലപ്രദമാണെന്നു തെളിയിക്കപ്പെട്ടാൽ ഏറ്റവും മികച്ച കമ്പനിയെ കണ്ടെത്തി നിർമാണം ഏൽപ്പിക്കാനാണു പദ്ധതി. ഇത്തരത്തിൽ കമ്പനിക്ക് പേറ്റന്റുള്ള അഞ്ച് പുതിയ രാസമൂലകങ്ങളുടെ ഗവേഷണവും വലിയ മുന്നേറ്റത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
from mathrubhumi.latestnews.rssfeed https://ift.tt/3bSPWTS
via
IFTTT
No comments:
Post a Comment