നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ല - പി. ജയരാജൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 21, 2020

നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ല - പി. ജയരാജൻ

സർക്കാരിന്റെ പ്രവർത്തനങ്ങളിലോ, പാർട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത സി.പി.എം. എന്നും കൈക്കൊണ്ടിട്ടുണ്ടെന്ന് സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം പി. ജയരാജൻ പറയുന്നു. കൂത്തുപറമ്പ് സി.പി.എം. ഏരിയാ കമ്മിറ്റി ഓഫീസിൽവെച്ച് 'മാതൃഭൂമി' പ്രതിനിധി എം.പി. സൂര്യദാസിന് അനുവദിച്ച അഭിമുഖത്തിൽ വർത്തമാന രാഷ്ട്രീയസംഭവങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് ജയരാജൻ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽവന്നതുമുതൽ സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ.പി. ജയരാജൻ തുടങ്ങിയ ചില നേതാക്കളുടെ മക്കളുടെ വ്യാപാരബന്ധങ്ങളെക്കുറിച്ച് വിവാദങ്ങൾ ഉണ്ടായി. മക്കളുടെ ഇത്തരം ഇടപെടലുകൾ പാർട്ടിക്ക് തലവേദനയാവുന്നുണ്ടോ? പാർട്ടിയിലോ, സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ല. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്വം പാർട്ടിക്കില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നേതൃത്വത്തിനെതിരേ നുണക്കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. മകൻ എന്തെങ്കിലും ഇടപാടിൽ പെട്ടിട്ടുണ്ടെങ്കിൽ അത് അവൻതന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷ്ണൻതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇത്തരം പ്രചാരണങ്ങൾക്ക് മക്കൾ വഴിവെച്ചുകൊടുക്കുന്നത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കില്ലേ? പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിനുമാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്വമുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് വിശദീകരിക്കേണ്ട ബാധ്യത പാർട്ടിക്കില്ല. ഇനി ആരുടെയെങ്കിലും മക്കൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ല. കണ്ണൂർ ലോബിയിലെ പ്രമുഖനാണല്ലോ താങ്കൾ. അങ്ങയുടെ മക്കൾ വിവാദങ്ങളിലൊന്നും പെടാതെ ജാഗ്രതകാണിക്കുന്നതും പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടല്ലോ? സി.പി.എം. നേതാക്കളെ രണ്ടുതട്ടിലാക്കി ചിത്രീകരിച്ച് മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം ശരിയല്ല. കോടിയേരിയും ഇ.പി. ജയരാജനും എന്റെ സീനിയർ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നത് തെറ്റാണെന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയാക്കിയത് കണ്ണൂർ ജില്ലാ സെക്രട്ടറിസ്ഥാനത്തുനിന്ന് നീക്കാൻ വേണ്ടിയാണെന്ന പ്രചാരണമുണ്ടല്ലോ? വടകരയിൽ സ്ഥാനാർഥിയായപ്പോൾ ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിയണമെന്നത് സംസ്ഥാനനേതൃത്വം തീരുമാനിച്ചതാണ്. അന്ന് തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നെങ്കിൽ ഈ പ്രചാരണം ഉണ്ടാവില്ലായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിൽ തോറ്റു. അതിനുശേഷം ഞാൻ സംസ്ഥാനകമ്മിറ്റി അംഗമായി തുടരുന്നു. ജില്ലാ സെക്രട്ടറിസ്ഥാനം ഒഴിഞ്ഞശേഷം വേണ്ടത്ര പരിഗണന പാർട്ടിയിൽ ലഭിച്ചില്ലെന്ന പരാതിയുണ്ടോ? പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നതാണ് പ്രവർത്തകന്റെ ചുമതല. സെക്രട്ടറിസ്ഥാനത്തിരിക്കുമ്പോൾ ലഭിച്ചിരുന്ന മാധ്യമശ്രദ്ധ ഇപ്പോൾ കിട്ടുന്നില്ലായിരിക്കാം. എങ്കിലും ഞാൻ ജനങ്ങൾക്കിടയിൽ അന്നത്തെപ്പോലെ ഇപ്പോഴും പ്രവർത്തിക്കുന്നു. അതിനപ്പുറം വലിയ മോഹങ്ങളൊന്നുമില്ല. പി. ജയരാജനെപ്പോലുള്ള കരുത്തനായ നേതാവിന് എന്തുകൊണ്ടാണ് മോഹങ്ങൾ ഇല്ലാതാവുന്നത്? എന്നെ ഏൽപ്പിക്കുന്ന ചുമതല നല്ലരീതിയിൽ നിർവഹിക്കുകയെന്നതാണ് പ്രധാനം. എല്ലാ കാലത്തും ഒരേ ചുമതലയിൽ പ്രവർത്തിക്കാൻ കഴിയില്ലല്ലോ. പ്രായം, ആരോഗ്യം എല്ലാം പ്രശ്നമായിവരും. ഇതെല്ലാം കണക്കിലെടുത്ത് പാർട്ടി ആവശ്യമായത് ചെയ്യും. അത് സത്യസന്ധമായി നിർവഹിക്കും. ബാക്കി കാര്യങ്ങളിലൊന്നും ഉത്കണ്ഠയില്ല. രാഷ്ട്രീയപ്രവർത്തനത്തിൽനിന്ന് അകലാനാണോ സാന്ത്വനപ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞത്? ഇനീഷ്യേറ്റിവ് ഫോർ റിഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റിവ് കെയർ (ഐ.ആർ.പി.സി.) 12 വർഷംമുമ്പ് പാർട്ടി തീരുമാനപ്രകാരം തുടങ്ങിയതാണ്. അതിന്റെ ഉപദേശകസമിതി ചെയർമാനായി എന്നെ നിയോഗിച്ചതും പാർട്ടിയാണ്. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായിത്തന്നെയാണ് ഇതിൽ ഏർപ്പെടുന്നത്. രാഷ്ട്രീയത്തിൽനിന്ന് വേറിട്ടുനിൽക്കാനുള്ള താവളമായി ഇതിനെ കാണുന്നില്ല. ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ ഉപയോഗിച്ച കാർ പാർട്ടി തിരിച്ചെടുത്തു. പിന്നീട് ഇടക്കാലത്ത് ഗൺമാന്റെ കാറിൽ കുറച്ചുകാലം സഞ്ചരിക്കേണ്ടിവന്നു എന്ന വാർത്ത ശരിയാണോ? സഞ്ചരിക്കാൻ വാഹനമില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടില്ല. ചിലഘട്ടങ്ങളിൽ ഗൺമാന്റെ കാറിൽ അപൂർവമായി സഞ്ചരിക്കാൻ ഇടവന്നിട്ടുണ്ട്. വാഹനം തകരാറിലായിട്ടോ, വീട്ടാവശ്യങ്ങൾക്കോ ചിലപ്പോൾ ഗൺമാന്റെ കാറിൽ സഞ്ചരിച്ചിട്ടുണ്ട്. എന്റെ യാത്രയ്ക്കുള്ള സൗകര്യം എന്നും പാർട്ടി ചെയ്തിട്ടുണ്ട്. ചില ഒറ്റപ്പെട്ട സംഭവത്തെ ചിലർ ദുർവ്യാഖ്യാനം നടത്തുകയാണ്. കുടുംബത്തെപ്പറ്റി വിവാദങ്ങളൊന്നും ഉണ്ടാവാത്തതിനാൽ അവരെ അധികമാർക്കും അറിയില്ല. മക്കൾ എന്തുചെയ്യുന്നു? എന്റെ ഭാര്യ ടി.പി. യമുന കൂത്തുപറമ്പ് സഹകരണ ബാങ്ക് സെക്രട്ടറിയാണ്. രണ്ട് ആൺകുട്ടികൾ. മൂത്തമകൻ ജെയിൻരാജ് ദുബായിൽ ഒരു കമ്പനിയിൽ ജോലിചെയ്യുന്നു. കോവിഡിനെത്തുടർന്ന് വന്ദേഭാരത് സ്കീമിൽ നാട്ടിലെത്തി. രണ്ടാമത്തെ മകൻ ആശിഷ് പി. രാജ് മാലദ്വീപിൽ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്നു. ആശിഷും വന്ദേഭാരത് സ്കീമിൽ കപ്പലിൽ നാട്ടിലെത്തി. അലൻ, താഹ വിഷയത്തിൽ ഇന്നും അതേ നിലപാടിൽ ഉറച്ചുനിൽക്കുന്നുണ്ടോ? ഇവർ പാലയാട് യൂണിവേഴ്സിറ്റി സെന്ററിൽ പഠിച്ചവരാണ്. ഇവർ രണ്ടുപേരും സി.പി.എം. അംഗങ്ങളാണ്. പാർട്ടി മെമ്പർഷിപ്പിൽ ഇരുന്നുകൊണ്ട് ഇവർ മറ്റൊരു സംഘടനയിൽ പ്രവർത്തിച്ചു. ഇവർക്ക് മാവോവാദി ബന്ധമുണ്ടെന്ന് ഞാൻ പറഞ്ഞത് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല. പാർട്ടി ജില്ലാ സെക്രട്ടറി എന്നനിലയിൽ എനിക്ക് നേരിട്ട് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. മാവോവാദി ബന്ധം മറച്ചുവെക്കാൻ ഇവർ സി.പി.എം. ബന്ധം കവചമാക്കുന്നു. ഇവർക്ക് മാവോവാദികളുമായി ബന്ധമുണ്ട്. ആ നിലപാടിൽ മാറ്റമില്ല. ആഗോളതലത്തിൽ ഇസ്ലാമിക ഫണ്ടമെന്റലിസ്റ്റുകളുമായി മാവോവാദികൾക്ക് ബന്ധമുണ്ട്. എങ്കിലും ഇവർക്കെതിരേ യു.എ.പി.എ. കേസ് ചുമത്തിയത് ശരിയല്ലെന്നാണ് എന്റെ നിലപാട്. ഇക്കാര്യത്തിൽ ഇപ്പോഴും ഇതേ നിലപാടിൽ ഉറച്ചുനിൽക്കുന്നു. തെറ്റുകൾ തിരുത്താൻ ഇവർക്ക് സാധിക്കട്ടെ എന്നാണ് ഇവർ ജയിൽമോചിതരായപ്പോൾ ഫെയ്സ്ബുക്ക് പോസ്റ്റിൽ ഞാൻ പറഞ്ഞത്. ഒരു തിരുവോണനാളിലായിരുന്നല്ലോ ആക്രമണത്തിന് വിധേയനായത്. ഇപ്പോൾ ആരോഗ്യം എങ്ങനെയുണ്ട്? 1999-ലെ തിരുവോണനാളിലായിരുന്നു ആക്രമണം നേരിട്ടത്. ഇപ്പോഴും ഫിസിയോ തെറാപ്പി നടക്കുന്നുണ്ട്. തണുപ്പാവുമ്പോൾ നല്ല വേദന അനുഭവപ്പെടും. ഇതിനുപുറമേ ഹൃദ്രോഗവും വന്നു. അതിനും ചികിത്സനടക്കുന്നുണ്ട്. കണ്ണൂർ ജില്ലയിൽ മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ അക്രമം കുറഞ്ഞിട്ടുണ്ടോ? തീർച്ചയായും ഇപ്പോൾ വലിയ അളവിൽ സംഘർഷം കുറഞ്ഞിട്ടുണ്ട്. കേന്ദ്രത്തിൽ ഭരണത്തിലുള്ളതുകൊണ്ട് പരമാവധി സംഘർഷം കുറയ്ക്കുക എന്ന ആർ.എസ്.എസ്. എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് ഇപ്പോൾ സംഘർഷം കുറഞ്ഞത്. ഇടതുമുന്നണി തുടർഭരണം ആഗ്രഹിക്കുന്നതുകൊണ്ടാണ് അക്രമം കുറഞ്ഞതെന്നാണ് മറിച്ചുള്ള വാദം? കേരളത്തിൽ 14 ജില്ലകളിൽ 13 ജില്ലകളിലും സി.പി.എം. പ്രവർത്തകരെ ആർ.എസ്.എസ്. കൊലചെയ്തിട്ടുണ്ട്. മറിച്ചും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഇത് ഒരു കണ്ണൂർ പ്രതിഭാസമായി കാണാൻ കഴിയില്ല. സമൂഹത്തിൽ നുഴഞ്ഞുകയറുന്നതിനുള്ള ഒരു വഴിയായാണ് ആർ.എസ്.എസ്. അക്രമത്തെ കാണുന്നത്. മന്ത്രി കെ.ടി. ജലീലിന്റെ രാജിക്കായി സമരം ശക്തമാവുകയാണല്ലോ. ധാർമികമായി മന്ത്രി രാജിവെക്കണമെന്നു കരുതുന്നുണ്ടോ? നാലേകാൽ വർഷം പിന്നിട്ട പിണറായി സർക്കാർ ഏറ്റവും മാതൃകാപരമായാണ് പ്രവർത്തിച്ചത്. വികസനപ്രവർത്തനം നടപ്പാക്കുന്നതുമുതൽ കോവിഡ് കൈകാര്യം ചെയ്യുന്നതിൽവരെ സംസ്ഥാനസർക്കാർ മികച്ച നേട്ടം കൈവരിച്ചു. സർക്കാരിനെ കുറ്റംപറയാൻ എതിരാളികൾക്ക് വിഷയം ഇല്ലാതെവന്നപ്പോഴാണ് സ്വർണക്കടത്ത് കേസിൽ ഇവർ പിടിച്ചത്. യു.എ.ഇ.യിൽനിന്ന് ആര് സ്വർണം കടത്തിയെന്നതാണ് കേസിന്റെ മർമം. കോൺസുലേറ്റിൽ സ്വർണക്കടത്തിന് ആരാണ് കൂട്ടുനിന്നത്. ഇവിടെയെത്തിയ സ്വർണത്തിന്റെ ഗുണഭോക്താക്കൾ ആരൊക്കെയാണ്. ഇതാണ് അന്വേഷിക്കേണ്ടത്. അന്വേഷണം മാധ്യമപ്രവർത്തകനിൽ എത്തിയപ്പോൾ കേസ് വഴിമുട്ടി. കാരണം കേന്ദ്രമന്ത്രി വി. മുരളീധരനും ജനം ടി.വി.യുടെ അനിൽ നമ്പ്യാരും പറയുന്നത് ഒരേ കാര്യമാണ്. കേസ് വഴിതിരിച്ചുവിടാനാണ് മന്ത്രി ജലീലിനെതിരായി ആരോപണമുന്നയിക്കുന്നത്. ഇത്തരം നുണപ്രചാരണങ്ങൾ വിലപ്പോവില്ല. മന്ത്രി ജലീലിനെ എൻ.ഐ.എ. ചോദ്യം ചെയ്തതോടെ പാർട്ടി അണികളിലും ആശയക്കുഴപ്പം ഉണ്ടായിട്ടില്ലേ? ഇടതുപാർട്ടികളുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണയുദ്ധങ്ങളും നുണക്കഥകളും സമൂഹത്തിന്റെ പൊതുബോധമാക്കിമാറ്റാനുള്ള ആസൂത്രിതനീക്കം നടക്കുന്നുണ്ട്. പാർട്ടി അണികളും ചിലപ്പോൾ ഇതിൽ പെട്ടുപോവാം. ഇതിനെ നേരിടാൻ പാർട്ടി ബോധവത്കരണം നടത്തും.


from mathrubhumi.latestnews.rssfeed https://ift.tt/35StLMV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages