തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് സംബന്ധിച്ച ആരോപണം ഭരണപക്ഷത്തെ ഉന്നതരിലേക്കുനീണ്ടതോടെ സി.പി.എമ്മിനുള്ളിൽ അസ്വസ്ഥത ഉടലെടുക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനുപിന്നാലെ ഒരു മന്ത്രിയും മറ്റൊരു മന്ത്രിപുത്രനും പാർട്ടിസെക്രട്ടറിയുടെ മകനുമൊക്കെ അന്വേഷണവലയിലേക്കെത്തുന്നത് സർക്കാരിനെയും പാർട്ടിയെയും പ്രതിസന്ധിയിലാക്കുന്നുവെന്നാണ് വിമർശനം. ഇക്കാര്യമുൾപ്പെടെ ചർച്ചചെയ്യാൻ പാർട്ടി സംസ്ഥാനകമ്മിറ്റി 26-ന് ചേരും. കമ്മിറ്റിക്കുമുമ്പ് സെക്രട്ടേറിയറ്റും ചേരും. മന്ത്രി കെ.ടി. ജലീലിനെ ഇ.ഡി. ചോദ്യംചെയ്യുന്നിടംവരെ കാര്യങ്ങളെത്തിയിട്ടും തൃപ്തികരമായ വിശദീകരണംപോലും നൽകാൻ കഴിയുന്നില്ലെന്ന വിമർശനം ചില സംസ്ഥാനകമ്മിറ്റി അംഗങ്ങൾ നേതൃത്വത്തെ അറിയിച്ചു. 26-ന് നിശ്ചയിച്ചിരിക്കുന്ന കമ്മിറ്റി ആദ്യം ഓൺലൈനിൽചേരാനാണ് ഉദ്ദേശിച്ചത്. എന്നാൽ, ചർച്ചയ്ക്കുള്ള അവസരം പരിമിതപ്പെടുമെന്നുവന്നതോടെ നേരിട്ട് പങ്കെടുക്കാവുന്ന രീതിയിലാക്കി. 21-ന് കോവിഡ് നിയന്ത്രണങ്ങൾ അയയുന്നതിനാൽ തടസ്സമില്ലെന്നതും കണക്കിലെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ ആദ്യം ആരോപണമുയർന്നപ്പോൾ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്ന നിലപാടാണ് പാർട്ടിയെടുത്തത്. നാൾക്കുനാൾ പലതലങ്ങളിൽ ആരോപണത്തിന്റെ ഗൗരവം വർധിക്കുന്ന സാഹചര്യത്തിൽ സെക്രട്ടേറിയറ്റുമാത്രം ചേർന്ന് നിലപാടെടുത്താൽ പോരെന്ന വികാരം പല സംസ്ഥാനകമ്മിറ്റി അംഗങ്ങളും നേതൃത്വത്തെ അറിയിച്ചു.സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരേ ലഹരിക്കടത്തുകേസ് പ്രതി മൊഴിനൽകിയതും സ്വർണക്കടത്ത് അന്വേഷിക്കുന്ന ഇ.ഡി. ചോദ്യംചെയ്തതും പാർട്ടിയെ പ്രതിരോധത്തിലാക്കി. വി.എസ്.-പിണറായി പോര് നിലനിന്നിരുന്ന കാലത്ത് വിഭാഗീയത ശക്തമായിരുന്നെങ്കിലും വി.എസ്. പക്ഷം പിന്നീട് ദുർബലമായതോടെ പാർട്ടിയും സർക്കാരും പൂർണമായും പിണറായി വിജയന്റെ നിയന്ത്രണത്തിലാണ്. എതിർശബ്ദങ്ങൾ അടുത്തകാലത്തൊന്നും പാർട്ടിയിൽ ഉയർന്നിട്ടില്ല. ഇപ്പോഴത്തെ വിവാദസംഭവങ്ങളിലെല്ലാം സെക്രട്ടേറിയറ്റിന്റേതായി സർക്കാരിനെ പിന്തുണച്ച് പ്രസ്താവനകളിറങ്ങിയെങ്കിലും മുതിർന്ന നേതാക്കൾ പലരും മൗനംപാലിച്ചു. ഇതിന്റെ തുടർച്ചയായാണ് സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന ആവശ്യം അംഗങ്ങളിൽനിന്ന് ഉയർന്നതെന്ന് വിലയിരുത്തപ്പെടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3kj6GHe
via
IFTTT
No comments:
Post a Comment