തൃശ്ശൂർ: നിൽക്കാനും കിടക്കാനും കഴിയുന്ന വീൽച്ചെയർ എന്ന ആശയവുമായി തൃശ്ശൂർ എൻജിനിയറിങ് കോളേജിലെ ഇൻകുബേറ്ററിലെത്തിയ യുവാക്കളോട് അധികൃതർ ഇതിന്റെ വിജയസാധ്യത ആരാഞ്ഞു. ഇതേ കോളേജിൽനിന്ന് ഉയർന്ന മാർക്ക് നേടി ബി.ടെക്. പഠിച്ചിറങ്ങിയവരാണ് ഡോൺ പോൾ, സി. സൂരജ് എന്നിവർ. സിവിൽ സർവീസ് പരിശീലനം നേടുന്ന ഡോൺ പോൾ അതുപേക്ഷിച്ചും സ്വകാര്യ കന്പനിയിൽ ഉയർന്ന ജോലിയുള്ള സൂരജ് രാജിവെച്ചുമാണ് സംരംഭകരാകാൻ എത്തിയത്. ഇവർ നൽകിയ സംരംഭകത്വ അപേക്ഷയിലെ കെ.എസ്. വിഷ്ണു എന്ന മൂന്നാമത്തെ പേരായിരുന്നു കണ്ടെത്തലിന് പ്രചോദനമെന്നറിഞ്ഞപ്പോൾ പദ്ധതിക്ക് അംഗീകാരം നൽകി. കെ.എസ്.വിഷ്ണു ഇരുവർക്കുമൊപ്പം 2016-ൽ ബി.ടെക്. പഠിച്ചിറങ്ങിയതാണ് വിഷ്ണു. വിജയത്തിലും പരാജയത്തിലും നമ്മളൊന്നിച്ച് എന്ന പ്രതിജ്ഞചെയ്ത് കലാലയത്തിൽനിന്നു പിരിഞ്ഞ മൂന്ന് കൂട്ടുകാരിൽ വിഷ്ണു അപകടത്തിൽപ്പെട്ട് കിടപ്പിലായി. അതോടെയാണ് സിവിൽ സർവീസ് സ്വപ്നവും ജോലിയും ഉപേക്ഷിച്ച ഇരുവരും വിഷ്ണുവിനെയും പങ്കാളിയാക്കി പുതിയൊരു പദ്ധതിയുമായി കോളേജിലെ ഇൻകുബേറ്ററിലെത്തിയത്. വിഷ്ണുവിനും വിഷ്ണുവിനെപ്പോലെ ആരോഗ്യപ്രശ്നത്തിലായവർക്കും ഉതകുന്ന ചലനയന്ത്രം എന്ന ആശയം ഉണ്ടായതങ്ങനെയാണ്. വീൽച്ചെയർ നിർമാണം സാക്ഷാത്കരിച്ചതോടെ മറ്റൊരു സന്തോഷവും ഇവരെ തേടിയെത്തി. കിടപ്പിലായിരുന്ന വിഷ്ണു ചികിത്സഫലിച്ച് നടക്കാൻ തുടങ്ങി എന്ന വാർത്തയായിരുന്നു അത്. തുടർന്ന് സംരംഭത്തിൽ വിഷ്ണുവും പങ്കാളിയായി. സംരംഭം വികസിപ്പിക്കാൻ കമ്പനി രൂപവത്കരിച്ചു. ഇവരുടേതായി ഇപ്പോൾ മൂന്നു ചലനയന്ത്രങ്ങൾ വിപണിയിലുണ്ട്. അപകടത്തിന്റെ പ്രശ്നങ്ങൾ പൂർണമായി മാറിയ വിഷ്ണുവിന് സർക്കാർസർവീസിൽ ജോലികിട്ടി. കാറിൽനിന്നും ആംബുലൻസിൽനിന്നും രോഗികളെയും പ്രായമായവരെയും സുരക്ഷിതമായി എടുത്തിറക്കാൻ പറ്റുന്ന നൂതന ഹോയിസ്റ്റ് യന്ത്രത്തിന്റെ നിർമാണത്തിലാണ് ഡോൺപോളും സൂരജും. ഇവർക്കുപിന്നാലെ കോളേജിൽനിന്ന് ബി.ടെക്. പാസായ എം.എസ്. ശരത്തും ഇപ്പോൾ കൂടെയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3kaiNGq
via
IFTTT
No comments:
Post a Comment