തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനും എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ അനൗദ്യോഗിക ധാരണയായിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സർവകക്ഷി യോഗത്തിൽ അന്തിമ തീരുമാനമാവും. ഉപതിരഞ്ഞെടുപ്പ് വേണ്ടെന്ന് അഭിപ്രായമുള്ള ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെ എതിർക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാര്യം കേരളത്തിൽതന്നെ തീരുമാനിക്കാം. അതിനാൽ ഭരണകക്ഷിയും മുഖ്യ പ്രതിപക്ഷമായ യു.ഡി.എഫും യോജിച്ചാൽ തിരഞ്ഞെടുപ്പ് നീട്ടിവെക്കാം. കാലാവധി കഴിയുന്നതോടെ തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിലേക്കു മാറും. പിന്നീട് കോവിഡ് വ്യാപനത്തോത് കുറയുന്നതനുസരിച്ചായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുക. ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, സർക്കാരിന്റെ കാലവധി മേയിൽ അവസാനിക്കുകയാണ്. തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾക്ക് അഞ്ചുമാസമേ പ്രവർത്തിക്കാൻ കിട്ടൂ. അതിനാൽ ഉപതിരഞ്ഞെടുപ്പ് അനാവശ്യമാണെന്ന നിലപാടിലാണ് സർക്കാർ. ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കാൻ യു.ഡി.എഫിനെ സർക്കാർ സമീപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പും നീട്ടാൻ തയ്യാറായാലേ ഈയാവശ്യത്തെ പിന്തുണയ്ക്കൂവെന്ന നിബന്ധന യു.ഡി.എഫ്. മുന്നോട്ടുവെച്ചു. തുടർന്നാണ് സർവകക്ഷിയോഗം വിളിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെ സർക്കാർ ആദ്യം എതിർത്തു. ഉപതിരഞ്ഞെടുപ്പും തദ്ദേശ തിരഞ്ഞെടുപ്പും രണ്ടായി കാണണമെന്നാണ് സർക്കാർ വാദിച്ചത്. എന്നാൽ, പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കുന്ന നിലയിലേക്ക് സർക്കാർ മാറിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ 16-ന് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം വിളിച്ചിട്ടുണ്ട്. സർവകക്ഷി യോഗത്തിലുണ്ടാവുന്ന ധാരണയനുസരിച്ച് കമ്മിഷനെ പാർട്ടികൾ അഭിപ്രായമറിയിക്കും. കോവിഡ് വ്യാപനവും പാർട്ടികളുടെ അഭിപ്രായ ഐക്യവും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സർക്കാർ കേന്ദ്ര കമ്മിഷനോട് അഭ്യർഥിക്കും. വെള്ളിയാഴ്ച വീഡിയോ കോൺഫറൻസായാണ് സർവകക്ഷി യോഗം ചേരുന്നത്. Content Highlights:local body election likely to be postponed
from mathrubhumi.latestnews.rssfeed https://ift.tt/3in04qs
via
IFTTT
No comments:
Post a Comment