തിരുവനന്തപുരം: കോവിഡ് കാലത്ത്, മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും സംസ്ഥാനമാകെ തെരുവുയുദ്ധം പടരുകയും ചെയ്യുമ്പോള്‍ പോലീസ് ''ഗുരുതരാവസ്ഥയില്‍''. ദിവസേന ആയിരത്തിലേറെപ്പേര്‍ക്കു കോവിഡ് സ്ഥിരീകരിക്കപ്പെടുന്ന തലസ്ഥാനത്തെ പോലീസുകാരുടെ അവസ്ഥ ഏറെ ദയനീയം. സമരകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കു രോഗം സ്ഥിരീകരിച്ചു.
പരിശോധന നടത്താത്തതുകൊണ്ടു മാത്രം, ഒപ്പമുണ്ടായിരുന്ന മറ്റ് പോലീസുകാരുടെ കാര്യമറിയില്ല. പ്രക്ഷോഭം തുടര്‍ന്നാല്‍, തലസ്ഥാന ജില്ല കോവിഡ് രോഗികളെക്കൊണ്ടു നിറയുമെന്നും പ്രശ്‌നപരിഹാരം ദുഷ്‌കരമാകുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രക്ഷോഭകരെ നേരിടാന്‍ നിയോഗിക്കപ്പെടുന്ന വിവിധ സ്‌റ്റേഷനുകളിലെ പോലീസുകാര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും അവരുമായി ബന്ധപ്പെടുന്ന മറ്റുള്ളവരുമെല്ലാം രോഗഭീഷണിയിലാണ്.
ഇതേ പോലീസുകാരെത്തന്നെയാണു വി.ഐ.പി. ഡ്യൂട്ടികള്‍ക്കും നിയോഗിക്കുന്നത്. സെക്രട്ടേറിയറ്റിലും കലക്ടറേറ്റുകളിലും മാത്രമല്ല, മന്ത്രിമന്ദിരങ്ങളിലും മന്ത്രിമാരുടെ സ്വദേശത്തെ വസതികളിലുമെല്ലാം നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ പല സ്ഥലങ്ങളില്‍നിന്നുള്ള പ്രക്ഷോഭകരെ നേരിടുന്നവരാണ്. ഇവരില്‍ പലരും ലക്ഷണങ്ങളില്ലെങ്കിലും െവെറസ് വാഹകരാകാം.
ഓണത്തിരക്കും ഒരാഴ്ചയായുള്ള നിരന്തരപ്രക്ഷോഭങ്ങളുമാണു സംസ്ഥാനത്തു കോവിഡ് നിരക്ക് കുത്തനെ കൂടാന്‍ കാരണം. സെക്രട്ടേറിയറ്റ്, മന്ത്രിവസതികള്‍, പോലീസ് ആസ്ഥാനം, എ.കെ.ജി. സെന്റര്‍ എന്നിവിടങ്ങളെല്ലാം പോലീസ് വലയത്തിലാണ്. ഇന്നു മുതല്‍ സ്പീക്കര്‍, മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ വഴിയില്‍ തടയാനാണു പ്രതിപക്ഷതീരുമാനം. അതു നേരിടാനും നൂറുകണക്കിനു പോലീസുകാരെ വഴിയില്‍ അണിനിരത്തേണ്ടിവരും. കണ്ടൈന്‍മെന്റ് സോണുകളില്‍നിന്നുപോലും പ്രക്ഷോഭകരെത്തുന്നതു സ്ഥിതി കൂടുതല്‍ വഷളാക്കും.
കോവിഡ് ബാധിച്ച തിരുവനന്തപുരം കന്റോണ്‍മെന്റ് എ.സി.പി. സുനിഷ് ബാബു സമരക്കാരെ നീക്കുന്നതിനിടെ, എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ്. ശബരീനാഥനെയും ബലം പ്രയോഗിച്ച് പോലീസ് വാഹനത്തില്‍ കയറ്റിയിരുന്നു. ബി.ജെ.പി. നേതാവ് വി.വി. രാജേഷ് ഉള്‍പ്പെടെ നൂറോളം പേര്‍ക്ക് അന്നുതന്നെ എ.സി.പിയുമായി പ്രാഥമികസമ്പര്‍ക്കമുണ്ടായെന്നാണു സൂചന. ഇന്നലെ രാവിലെ മുഖ്യമന്ത്രിക്കൊപ്പം ശ്രീനാരായണഗുരു പ്രതിമയുടെ അനാച്ഛാദനച്ചടങ്ങിലും എ.സി.പി. പങ്കെടുത്തു. നിരവധി യു.ഡി.എഫ്, ബി.ജെ.പി. പ്രവര്‍ത്തകരും ജനപ്രതിനിധികളും പോലീസുകാരും എ.സി.പിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുണ്ട്.
സമരമുഖത്തു കോവിഡ് പ്രശ്‌നമല്ലെന്ന നിലപാടിലാണു പ്രതിപക്ഷസംഘടനകള്‍. െഹെക്കോടതി നിര്‍ദേശപ്രകാരം, ദുരന്തനിവാരണനിയമം പ്രയോഗിച്ച് പ്രക്ഷോഭകര്‍ക്കെതിരെ കേസെടുത്താലും കോടതിയില്‍ ഹാജരാക്കുകയോ റിമാന്‍ഡ് ചെയ്യുകയോ വേണമെങ്കില്‍ കോവിഡ് പരിശോധന നടത്തണം. അതുകൊണ്ടുതന്നെ എല്ലാവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടുകയാണു ചെയ്യുന്നത്. ജയിലിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമരക്കാരെ അങ്ങോട്ട് അയയ്ക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പോലീസില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നത് ഉന്നതര്‍ മറച്ചുവയ്ക്കുകയും ചെയ്യുന്നു. സമര ഡ്യൂട്ടിക്ക് പോയവരില്‍ തുമ്പ സ്‌റ്റേഷനില്‍ മാത്രം 11 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.
from mangalam.com https://ift.tt/35W0Jf7
via IFTTT
No comments:
Post a Comment