തിരുവനന്തപുരം: യു.എ.ഇ. കോൺസുലേറ്റിൽ നിന്നുള്ള മതഗ്രന്ഥങ്ങൾ കൊണ്ടുപോയ സി-ആപ്റ്റ് വാഹനത്തിന്റെ ജി.പി.എസ്. ബന്ധം അട്ടിമറിയിലൂടെ വിച്ഛേദിച്ചതാണോയെന്ന സംശയം ബലപ്പെടുന്നു. യാത്രാമധ്യേ ജി.പി.എസ്. സംവിധാനം പ്രവർത്തിക്കുന്നില്ലെന്ന മുന്നറിയിപ്പ് ലഭിക്കാൻ സംവിധാനമുണ്ടായിട്ടും അക്കാര്യം തിരക്കാഞ്ഞതും സംശയത്തിന് ഇടനൽകുന്നു. സി-ആപ്റ്റിന്റെ വാഹനത്തിൽ ജി.പി.എസ്. ഘടിപ്പിച്ച കെൽട്രോണിൽ, തകരാർ മാറ്റുന്നതിനായി ഒരിക്കൽപോലും അധികൃതർ ബന്ധപ്പെട്ടുമില്ല. വിവാദമായ യാത്രയ്ക്ക് ശേഷം വാഹനത്തിലെ ജി.പി.എസ്. പ്രവർത്തിക്കുകയും ചെയ്തു. ഈ യാത്രയിൽ വാഹനം മുന്നൂറിലധികം കിലോമീറ്റർ ഓടിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇ. കോൺസുലേറ്റ് നൽകിയ മതഗ്രന്ഥവുമായി മലപ്പുറത്തേക്ക് പോയ സി-ആപ്റ്റ് വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജി.പി.എസിൽനിന്ന് തൃശ്ശൂർവരെയുള്ള വിവരങ്ങളേ ലഭിച്ചിട്ടുള്ളൂ. പുറപ്പെടും മുമ്പുതന്നെ വാഹനത്തിന്റെ ജി.പി.എസ്. സംവിധാനത്തിലേക്കുള്ള വെദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. എന്നാൽ, വൈദ്യുതി തടസ്സപ്പെട്ടാലും ഉപകരണത്തിലുള്ള ബാറ്ററി ഉപയോഗിച്ച് ആറുമണിക്കൂർ വരെ പ്രവർത്തിക്കും. ബാറ്ററിയിലാണ് പ്രവർത്തിക്കുന്നതെന്നും ചാർജ് അവസാനിക്കാറായി എന്നുമുള്ള മുന്നറിയിപ്പ് വാഹനം ട്രാക്കുചെയ്യുന്നവർക്ക് ലഭിക്കും. ഇക്കാര്യം സംബന്ധിച്ചൊന്നും എൻ.ഐ.എ. ചോദ്യംചെയ്യലിൽ തൃപ്തികരമായ വിവരം ലഭിക്കാഞ്ഞതിനാലാണ് ജി.പി.എസ്. ഉപകരണം പിടിച്ചെടുത്ത് പരിശോധനകൾക്ക് ശ്രമിക്കുന്നത്. സിഡാക്കിന്റെ സഹായത്തോടെയാകും എൻ.ഐ.എ. പരിശോധിക്കുക. ജി.പി.എസിന്റെ ലോഗിൽനിന്ന് എത്രമണിക്ക് ഉപകരണവുമായുള്ള വൈദ്യുതിബന്ധം പോയി, ബാറ്ററിയിൽ എത്രസമയം പ്രവർത്തിച്ചു, ഈ സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ പോയിരുന്നോ എന്നിവ ഉൾെപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്താനാകും. കഴിഞ്ഞദിവസം അന്വേഷണസംഘം വാഹനത്തിന്റെ ഡ്രൈവർ കാവല്ലൂർ സ്വദേശി അഗസ്റ്റിനെ ചോദ്യംചെയ്തിരുന്നുവെങ്കിലും അദ്ദേഹത്തിന് കാര്യങ്ങളിൽ വ്യക്തതയില്ലായിരുന്നുവെന്നാണ് വിവരം. തുടർന്ന് വെഹിക്കിൾ സൂപ്പർവൈസർ സുരേഷിനെ രണ്ടുതവണയും എൻ.ഐ.എ. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ജി.പി.എസ്.വിവരങ്ങൾ ക്രോഡീകരിച്ച് സി.ആപ്റ്റിൽ വിശകലനം ചെയ്യുന്നതായും വിവരങ്ങളൊന്നുമില്ല. തമിഴ്‌നാട്ടിൽ അവിനാശിയിൽനടന്ന അപകടത്തിൽ കണ്ടെയ്‌നർ ലോറിയിൽ ജി.പി.എസ്. ഉണ്ടായിരുന്നുവെങ്കിലും അത് മോട്ടോർ വാഹന വകുപ്പിന്റെ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിച്ചിരുന്നില്ല. പിന്നീട് ഉപകരണം നിർമിച്ച കമ്പനിയുടെ സെർവറിൽനിന്നുതന്നെ അധികൃതർ വിവരങ്ങൾ ശേഖരിച്ചിരുന്നു. അതുപോലെ, ജി.പി.എസ്. നിർമാതാക്കളുടെ സെർവർ സംവിധാനത്തിൽനിന്നുതന്നെ വിവരങ്ങൾ തിരിച്ചെടുക്കാനാവുമെന്നാണ് കരുതുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2RXR9jK
via
IFTTT
No comments:
Post a Comment