കൊച്ചി : ഗതാഗതത്തിന് തുറന്നുകൊടുത്ത് കൃത്യം നാലാം വര്‍ഷം പാലാരിവട്ടം പാലം പൊളിക്കാന്‍ സുപ്രീംകോടതി ഉത്തരവിടുമ്പോള്‍ സംസ്ഥാനത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ട് നടത്തുന്ന അഴിമതിയുടെ പ്രതീകമായി ഈ നിര്‍മിതി. യു.ഡി.എഫ്. സര്‍ക്കാര്‍ നിര്‍മാണം ആരംഭിക്കുകയും ഇടത് സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്ത പാലം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെട്ടത് കേവലം രണ്ടുവര്‍ഷം മാത്രം.
അടുത്ത തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്ക് പരസ്പരം ചെളിവാരിയെറിയാനുള്ള പല വിഷയങ്ങളില്‍ പ്രധാനമായിരിക്കും പാലാരിവട്ടം പാലം അഴിമതി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്പീഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 2013 ല്‍ പാലാരിവട്ടം മേല്‍പ്പാല നിര്‍മാണം വിഭാവനം ചെയ്തത്. പൊതുമരാമത്ത് സെക്രട്ടറിയായി ടി.ഒ. സൂരജ് ചുമതലയേല്‍ക്കുന്ന ഘട്ടം. ദേശീയപാത അതോറിറ്റി നിര്‍മ്മിക്കേണ്ട പാലം പൊതുമരാമത്ത് വകുപ്പ് സ്വമേധയാ ഏറ്റെടുക്കുന്നു. കേരള റോഡ്‌സ് ആന്‍ഡ് കോര്‍പറേഷന് മേല്‍നോട്ടച്ചുമതലയും കിറ്റ്‌കോയ്ക്ക് കണ്‍സള്‍ട്ടന്‍സിയും നല്‍കി.
നിര്‍മാണത്തിന് അഡ്വാന്‍സായി കരാറുകാരായ ആര്‍.ഡി.എസ്. കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ നല്‍കാന്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടത് പിന്നീട് വിവാദമായി. ആര്‍.ഡി.എസ്. പൂര്‍ത്തിയാക്കിയ പാലം ഉദ്ഘാടനം ചെയ്യാന്‍ നിയോഗമുണ്ടായത് ഇടത് സര്‍ക്കാരിനാണ്. 2016 ഒക്‌ടോബര്‍ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലം ഉദ്ഘാടനം ചെയ്തത്.
ഗതാഗതം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ പാലത്തിന്റെ തൂണുകളില്‍ വിള്ളലുകളും ഗര്‍ഡറുകളിലും പിയര്‍ ക്യാപ്പുകളിലും തകരാറുകളും കണ്ടെത്തി. ഗര്‍ഡറുകളില്‍ കണ്ട വിള്ളലുകളില്‍ 99 എണ്ണം അതീവ ഗുരുതരമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തു. പിയര്‍ ക്യാപ്പില്‍ 83 വിള്ളലുകളും ഗുരുതരമായ ആറ് വളവുകളും കണ്ടെത്തിയതോടെ പാലം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു.
2019 മേയ് ഒന്നിന് പാലാരിവട്ടം പാലം അടച്ചിട്ടു. 47.7 കോടി രൂപയാണ് 639 മീറ്റര്‍ നീളമുള്ള പാലത്തിനായി ചെലവിട്ടത്. ഗുണമേന്മ കുറഞ്ഞ സാധനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണമെന്ന് മദ്രാസ് ഐ.ഐ.ടി. വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ഇ. ശ്രീധരനും പാലത്തില്‍ പരിശോധനക്കെത്തി. പാലം പൊളിച്ചുപണിയണമെന്നഉപദേശമാണ് ഇ. ശ്രീധരന്‍ നല്‍കിയത്.
അതിനിടെ പാലം പൊളിക്കുന്നതിനെതിരേ അഞ്ച് ഹര്‍ജികള്‍ ഹൈക്കോടതിയിലേക്ക്. ഭാര പരിശോധന നടത്തണമെന്നായിരുന്നു ആവശ്യം. അറ്റകുറ്റപ്പണികൊണ്ട് കാര്യമില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ഭാര പരിശോധന അപകടകരമാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. എന്നാല്‍ ഈ നിലപാടിനെ തള്ളി മൂന്നുമാസത്തിനകം ഭാരപരിശോധന നടത്താനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
ഈ ഉത്തരവ് ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് ഫെബ്രുവരി അഞ്ചിനാണ്. ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. ഗതാഗതക്കുരുക്കുള്ള കൊച്ചിയില്‍ പൊതുജനങ്ങളുടെ ജീവിതം സുഗമമാക്കാന്‍ പുതിയ പാലം ആവശ്യമാണെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.
പാലം പണിയില്‍ അഴിമതിക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സും കണ്ടെത്തി. ഇതിനിടെ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് രണ്ടുതവണ ചോദ്യംചെയ്യുകയും വസതിയില്‍ പരിശോധന നടത്തുകയും ചെയ്തു. പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജും മറ്റ് മൂന്ന് ഉദ്യോഗസ്ഥരും അറസ്റ്റിലായി.
നിര്‍മാണ കമ്പനിയായ ആര്‍.ഡി.എസ്. പ്രോജക്റ്റ്‌സ് എം.ഡി. സുമിത് ഗോയല്‍, കിറ്റ്‌കോയുടെ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ബെന്നി പോള്‍, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ജനറല്‍ മാനേജര്‍ പി.ഡി. തങ്കച്ചന്‍ എന്നിവരും അറസ്റ്റിലായി.
from mangalam.com https://ift.tt/3kINORQ
via IFTTT
No comments:
Post a Comment