തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അസാധാരണ നടപടിയുമായി പോലീസ്. പുലർച്ചെയാണ് മുഖ്യപ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്.സുരക്ഷാ പ്രശ്നങ്ങൾ കാരണമായിരുന്നു പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ രണ്ടുമണിയോടെയാണ് പ്രതികളെ തേമ്പാമൂട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയൊരുക്കിയാണ് തെളിവെടുപ്പ് നടന്നത്. അജിത്, ഷജിത്, അൻസർ എന്നിവരെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്. വെള്ളിയാഴ്ചയാണ് പ്രതികളുടെ തെളിവെടുപ്പ് വച്ചിരുന്നത്. എന്നാൽ, കൊലപാതകം നടന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കൾ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാൽ തെളിവെടുപ്പ് മാറ്റിവെച്ചു. കൊലനടന്ന തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങൾകൊണ്ടു വന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയിട്ട് സജീവും ഉണ്ണിയും ഒരേ സ്കൂട്ടറിൽ മുളങ്കാട് മാങ്കുഴി ഭാഗത്തേക്കു രക്ഷപ്പെട്ടു. അതുവഴി നെടുമങ്ങാട് കയറി തമിഴ്നാട്ടിലേക്കു പോകാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, മാങ്കുഴിയിൽ വച്ച് പെട്രോൾ തീർന്ന് വാഹനംനിന്നു. ഇവർക്ക് പെട്രോൾ വാങ്ങിക്കൊടുത്ത രണ്ടുപേരെയും പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഒരാൾ സംഭവങ്ങൾ ഒന്നുമറിയാതെയാണ് പെട്രോൾ വാങ്ങാൻപോയത്. അദ്ദേഹത്തെ പിന്നീട് പോലീസ് വിട്ടയച്ചു. സജീവും സനലും ഈ സ്കൂട്ടറിൽ മദപുരത്ത് എത്തി. അവിടെനിന്നു ജില്ല വിട്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. 27-ന് സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഹക്ക് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നൽകാൻ കാരണമായത് എന്ന മൊഴിതന്നെയാണ് പ്രതികൾ ആവർത്തിക്കുന്നത്. പ്രതികാരം ചെയ്യണമെന്നു തീരുമാനിച്ചതുകൊണ്ടാണ് പോലീസിൽ അന്ന് കേസ് കൊടുക്കാതിരുന്നതെന്നും പ്രതികൾ ചോദ്യംചെയ്യലിൽ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം രാവിലെ മുത്തിക്കാവ് ഫാം ഹൗസിൽ ഇരുന്നാണ് ഒരുക്കങ്ങൾ നടത്തിയത്. അന്ന് രാത്രി സനലിന്റെ വീട്ടുപരിസരത്തിരുന്നും അവസാന ഗൂഢാലോചന നടത്തി. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺവിളി സംബന്ധിച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. Content Highlights:Venjaramoodu double murder: evidence collecton
from mathrubhumi.latestnews.rssfeed https://ift.tt/3kh2E1J
via
IFTTT
No comments:
Post a Comment