കൊച്ചി: നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയെന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ. എട്ടരമണിക്കൂർ ചോദ്യംചെയ്ത് വിട്ടയച്ചു. സ്വപ്നാ സുരേഷിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യംചെയ്യൽ. മൂന്നാംതവണയാണ് എൻ.ഐ.എ. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൻ.ഐ.എ. അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയേക്കുമെന്നാണ് സൂചന. സ്വർണം പിടിച്ചശേഷം സ്വപ്നാ സുരേഷ് തന്നെ ഒന്നിലേറെത്തവണ വിളിച്ചെന്ന് ചോദ്യംചെയ്യലിൽ സമ്മതിച്ചു. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കു കടക്കുന്നതിനു മുമ്പായിരുന്നു ഇത്. എന്നാൽ, സ്വപ്നയുടെ സഹായാഭ്യർഥനകൾക്ക് അനുകൂലമായി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്ന് ശിവശങ്കർ പറഞ്ഞു. ശിവശങ്കറിന്റെ ഉത്തരങ്ങൾ പരിശോധിച്ചാകും എൻ.ഐ.എ. അടുത്ത നടപടികളിലേക്ക് കടക്കുക. വ്യാഴാഴ്ച രാവിലെ 11.30-ന് തുടങ്ങിയ ചോദ്യംചെയ്യൽ രാത്രി എട്ടുമണിക്കാണ് അവസാനിച്ചത്. സ്വപ്നയിൽനിന്നും സന്ദീപിൽനിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകളിലെയും ലാപ്‌ടോപ്പിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഡിജിറ്റൽ ഉപകരണങ്ങൾ സി-ഡാക്കിൽ പരിശോധനയ്ക്ക് അയച്ചിരുന്ന എൻ.ഐ.എ.യ്ക്കു അതിന്റെ ഫലം കിട്ടിയിട്ടുണ്ട്.ശിവശങ്കറുമായി നടത്തിയ വാട്സാപ്പ്, ടെലഗ്രാം ചാറ്റുകൾ നേരത്തേ സ്വപ്ന ഫോണിൽനിന്ന് കളഞ്ഞിരുന്നു. ഇതു തിരിച്ചെടുത്ത അന്വേഷണസംഘം ആ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇരുവരോടും ചോദ്യങ്ങൾ ചോദിച്ചത്. സ്വപ്നാ സുരേഷിന് ഫ്ളാറ്റും ബാങ്കിൽ ലോക്കറും എടുത്തുകൊടുത്തത് സംബന്ധിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. ചോദ്യം ചെയ്യലിനിടയിൽ കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരും എൻ.ഐ.എ.യുടെ ഓഫീസിലെത്തിയിരുന്നു. കസ്റ്റംസ് രണ്ടുദിവസവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരു തവണയും ശിവശങ്കറിനെ ചോദ്യംചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3mOTsUp
via
IFTTT
No comments:
Post a Comment