തിരുവനന്തപുരം: യു.ഡി.എഫും ജോസ് കെ. മാണിയും തമ്മിലുള്ള യുദ്ധത്തില്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ ബാര്‍ കോഴ ആരോപണം രാഷ്ട്രീയ ആയുധമാകുന്നു. അന്നു ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരേ യുദ്ധം നടത്തിയ എല്‍.ഡി.എഫാകട്ടെ, സാഹചര്യങ്ങള്‍ മാറിയതോടെ കാഴ്ചക്കാരുടെ റോളിലും.
ബാര്‍ കോഴ വിവാദമുയര്‍ത്തി നിയമസഭയില്‍ മാണിയുടെ ബജറ്റ് അവതരണം തടഞ്ഞതടക്കം ഉയര്‍ത്തിക്കാട്ടി ജോസ്പക്ഷത്തിന്റെ ഇടതുമുന്നണി പ്രവേശനത്തിനെതിരേ പ്രചാരണത്തിനാണു യു.ഡി.എഫ്. നീക്കം. അതേസമയം, മാണിയെ ഇടതിന്റെ ആക്രമണത്തിനു മുന്നിലേക്കു വലിച്ചെറിഞ്ഞതു കോണ്‍ഗ്രസാണെന്നു വാദിച്ചാണ് ജോസ് കെ. മാണി തടുക്കുന്നത്. ബാര്‍കോഴയിലെ നിയമനടപടികള്‍ക്കു പ്രസക്തി നഷ്ടപ്പെട്ടെങ്കിലും അതിലെ രാഷ്ട്രീയമാണ് പുതിയ സാഹചര്യത്തില്‍ വീണ്ടും സജീവ ചര്‍ച്ചയ്ക്കു വഴിതുറക്കുന്നത്.
ബജറ്റവതരണത്തിനു നിയമസഭയിലെത്തിയ മാണിയെ കൗരവസദസില്‍ ദ്രൗപദിയെപ്പോലെ വസ്ത്രാക്ഷേപം ചെയ്യാന്‍ ശ്രമിച്ചവരുമായാണ് ജോസ് കൂട്ടുകൂടാന്‍ പോകുന്നതെന്നാണ് യു.ഡി.എഫിന്റെ പ്രചാരണം. ഓരോ രാഷ്ട്രീയനീക്കത്തിലും ജോസ് ഉയര്‍ത്തിക്കാട്ടുന്ന മാണിയുടെ െപെതൃകം നിഷ്പ്രഭമാക്കുകയാണു ലക്ഷ്യം. മാണിയുമായി സഹകരിച്ചിരുന്നവരെ അങ്ങനെ ഒപ്പമെത്തിക്കാമെന്നും യു.ഡി.എഫ്. കരുതുന്നു.
യു.ഡി.എഫിന്റെ ആ ശ്രമത്തെ അതേനാണയത്തില്‍ നേരിടാനാണ് ജോസ്പക്ഷത്തിന്റെ തീരുമാനം. ആരോപണം മാത്രമായിരുന്ന ബാര്‍കോഴ പ്രശ്‌നത്തെ അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണു കേസാക്കി മാറ്റിയത്. മാണിയെ ആരോപണത്തെ കേസാക്കി മാറ്റിയത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ്.
മാണിയെ കുറ്റവിമുക്തനാക്കാനെന്ന പേരില്‍ പ്രഖ്യാപിച്ച വിജിലന്‍സ് ദ്രുതപരിശോധന അദ്ദേഹത്തെ കുടുക്കാന്‍ വേണ്ടിയായിരുന്നെന്നു ജോസ്പക്ഷം ആരോപിക്കുന്നു. 2016-ല്‍ യു.ഡി.എഫ്. വിടാനുള്ള തീരുമാനമെടുത്ത ചരല്‍ക്കുന്ന് ക്യാമ്പില്‍ മാണി നടത്തിയ പ്രസംഗവും അവര്‍ ഉയര്‍ത്തിക്കാട്ടുന്നു. തുടര്‍ന്നു കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ രാഷ്ട്രീയവഞ്ചകനെന്നു വിളിച്ച് അപമാനിച്ചെന്ന കുറ്റപ്പെടുത്തലുമുണ്ട്.
ബാര്‍കോഴ കേസിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാനായി ടി.എസ്. ജോണിന്റെ നേതൃത്വത്തില്‍ മാണി അഞ്ചംഗ സമിതിയെ വച്ചിരുന്നു. സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. ടി.എസ്. ജോണ്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം ഒരു സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചു ശേഖരിച്ച വിവരങ്ങള്‍ ചില നേതാക്കളുടെ പക്കലുണ്ടെന്നും അക്കാര്യങ്ങള്‍ പുറത്തുവരുമെന്നും ജോസ്പക്ഷം അവകാശപ്പെടുന്നത്.
ഇതിനിടയില്‍ ജോസ് കെ. മാണിയുടെ രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിനുള്ളില്‍ ചില പ്രശ്‌നങ്ങള്‍ക്കും വഴിവച്ചിട്ടുണ്ട്. കെ.എം. മാണിയെ യു.ഡി.എഫിലേക്കു മടക്കിക്കൊണ്ടുവരാനായി കോണ്‍ഗ്രസ് വിട്ടുനല്‍കിയ രാജ്യസഭാ സീറ്റാണിത്. രാജ്യസഭാ സീറ്റ് നല്‍കുന്നതിനെ വി.എം. സുധീരന്‍ ശക്തമായി എതിര്‍ത്തിരുന്നു. അന്നു സുധീരനു പാര്‍ട്ടിക്കുള്ളില്‍നിന്നു വലിയ പിന്തുണയും ലഭിച്ചു. ജോസ്പക്ഷം മുന്നണി വിടുന്ന സാഹചര്യത്തില്‍ ഇതെല്ലാം ഓര്‍മിപ്പിച്ച് സുധീരന്‍ വീണ്ടും രംഗത്തുണ്ട്.
from mangalam.com https://ift.tt/3imn4Go
via IFTTT
No comments:
Post a Comment