പൊന്നാനി : ഒരാഴ്ചമുമ്പ് മീൻപിടിക്കുന്നതിനിടെ ചെറുവള്ളം മറിഞ്ഞ് കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കാസർകോട് മഞ്ചേശ്വരത്ത് കണ്ടെത്തി. ഇത് താനൂർ ഒട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത് ഉബൈദിന്റേതാണെന്ന് ബന്ധുക്കൾ പറയുന്നു. ഉബൈദിൻറേതെന്ന ധാരണയിൽ നേരത്തേ ഖബറടക്കിയത് പൊന്നാനി മുക്കാടി സ്വദേശി കബീറിന്റെ മൃതദേഹമാണെന്ന് പരാതി ഉയർന്നതിനാൽ ആശയക്കുഴപ്പം തീർക്കാൻ ഡി.എൻ.എ. പരിശോധന നടത്തിയേ മൃതദേഹം കൈമാറൂവെന്ന് തീരദേശ പോലീസ് അറിയിച്ചു. കാസർകോട് മഞ്ചേശ്വരത്ത് കരയ്ക്കടിഞ്ഞ നിലയിലാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. വിവരത്തെത്തുടർന്ന് തീരദേശ പോലീസും ഉബൈദിന്റെ ബന്ധുക്കളും കാസർകോട് എത്തി. തുടർന്നാണ് ബന്ധുക്കൾ ഉബൈദിന്റെ മൃതദേഹമാണെന്ന് ഉറപ്പിച്ചുപറയുന്നത്. നാലുദിവസം മുമ്പ് കടലിൽ താനൂർ ഭാഗത്തുനിന്ന് കണ്ടെത്തിയ മൃതദേഹം ഉബൈദിന്റെതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം താനൂരിൽ ഖബറടക്കി. എന്നാൽ ഇത് പൊന്നാനിയിൽ വള്ളംമറിഞ്ഞ് കാണാതായ പൊന്നാനി മുക്കാടി സ്വദേശി മദാറിന്റെ കബീറിന്റെ മൃതദേഹമാണെന്ന് പരാതിപ്പെട്ട് കബീറിന്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. അന്ന് ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് ഡി.എൻ.എ. പരിശോധന നടത്താൻ പിന്നീട് തീരുമാനമായി. ഇതിനിടയിലാണ് മഞ്ചേശ്വരത്ത് മൃതദേഹം കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും ഡി.എൻ.എ. പരിശോധന നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ആറിന് ഉച്ചയോടെയാണ് ഒട്ടുംപുറം അഴിമുഖത്തുനിന്ന് ചെറുവള്ളത്തിൽ മീൻപിടിക്കാൻപോയത്. രാത്രിയോടെ തോണി അപകടത്തിൽപ്പെടുകയായിരുന്നു. മൂന്നുപേരെ പരപ്പനങ്ങാടി തുറമുഖ പരിസരത്തുനിന്ന് മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് കരയ്ക്കെത്തിച്ചിരുന്നു. കാണാതായവരിൽപ്പെട്ടയാളാണ് ഉബൈദ്.
from mathrubhumi.latestnews.rssfeed https://ift.tt/2ZDg40u
via
IFTTT
No comments:
Post a Comment