കൊച്ചി: നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥം കൊണ്ടുവന്ന പെട്ടികള്‍ വിമാനത്താവളത്തില്‍ പരിശോധിച്ചപ്പോള്‍ ഓരോന്നും തമ്മില്‍ 21 കിലോഗ്രാം വരെ തൂക്കവ്യത്യാസം കണ്ടെത്തിയിരുന്നെന്നു കസ്റ്റംസ്. നിലവില്‍ ഈ പെട്ടികള്‍ക്കെല്ലാം ഒരേ ഭാരമാണ്. കൊണ്ടുവന്ന പെട്ടികളില്‍നിന്നു മറ്റെന്തെങ്കിലും എടുത്തുമാറ്റിയിരുന്നോ എന്നതു സംബന്ധിച്ച് കസ്റ്റംസ് വിശദമായ അന്വേഷണം നടത്തും.
പാഴ്‌സല്‍ കൊണ്ടുവന്ന യു.എ.ഇ. കോണ്‍സുലേറ്റും ഉത്തരം പറയേണ്ടിവരും. കോണ്‍സുലേറ്റ് അധികൃതരെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് അനുമതി തേടുമെന്നു സൂചന. കോണ്‍സുലേറ്റിലേക്കു വന്ന 32 പെട്ടികളില്‍ ഓരോന്നിന്റെയും തൂക്കം വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയിരുന്നു. തൂക്കവ്യത്യാസം ശ്രദ്ധയില്‍പ്പെട്ടെങ്കിലും അന്ന് അസ്വാഭാവികത തോന്നിയില്ല.
വിവാദമായതോടെയാണ് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും തൂക്കം പരിശോധിച്ചത്. പെട്ടികളിലൊന്ന് തുറന്നുനോക്കിയതായി മലപ്പുറത്തേക്കു മതഗ്രന്ഥം വാഹനത്തില്‍ കൊണ്ടുപോയ സി-ആപ്റ്റ് അധികൃതര്‍ സമ്മതിച്ചിരുന്നു. മറ്റുള്ളവ തുറന്നോയെന്നറിയാന്‍ വീണ്ടും പരിശോധന നടത്തും. പെട്ടിയില്‍ മതഗ്രന്ഥമല്ലാതെ, മറ്റെന്തെങ്കിലും ഉണ്ടായിരുന്നോയെന്നും കസ്റ്റംസ് വിശദമായി അന്വേഷിക്കും.
മതഗ്രന്ഥമാണെന്ന് അറിയിക്കാതെ കൊണ്ടുവന്നതിനാല്‍ പാഴ്‌സല്‍ തടഞ്ഞുവയ്ക്കാന്‍ കഴിഞ്ഞില്ലെന്നാണു കസ്റ്റംസിന്റെ വിശദീകരണം. പിഴയടച്ച് തീര്‍ക്കാവുന്ന വിഷയമല്ലെന്നും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ ഇടപാടാണെന്നുമാണു കസ്റ്റംസ് നിലപാട്.
കേസെടുത്ത് രണ്ടുമാസമായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാത്തതിനാല്‍ പ്രതികള്‍ ഓരോരുത്തരായി ജാമ്യമെടുക്കുകയാണ്. അഞ്ചാംപ്രതി കെ.ടി. റമീസിന് ഉള്‍പ്പെടെ ഇതുവരെ നാല് പ്രതികള്‍ക്കു ജാമ്യം ലഭിച്ചു. പ്രാഥമികകുറ്റപത്രം നല്‍കി ജാമ്യാപേക്ഷകള്‍ തടയണമെന്ന നിയമോപദേശം കസ്റ്റംസ് അവഗണിച്ചെന്നും ആരോപണമുണ്ട്.
from mangalam.com https://ift.tt/33Arcfq
via IFTTT
No comments:
Post a Comment