പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് ശമ്പളം? ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ചപ്പോള്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ നേരിടേണ്ടി വന്ന ചോദ്യമാണിത്. കോവിഡ് പോരാട്ടത്തിന് മുന്‍പന്തിയിലുള്ള ഡോക്ടറോട് ഈ ചോദ്യം ചോദിച്ചത് ആരോഗ്യ വകുപ്പിലെ ജജില്ലാതല മേധാവിയാണ്. തന്റെ പണ്‍ സുഹൃത്തായ ഡോക്ടര്‍ക്കുണ്ടായ അനുഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ മനോജ് വെള്ളനാണ് സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'ആയിരം സ്ത്രീ ഡോക്ടര്‍മാരുടെ പ്രതിനിധിയായ ഒരു പെണ്‍കുട്ടിയോട് ഒരു ഡോക്ടര്‍ തന്നെ ചോദിച്ച ചോദ്യമാണിത്. ആ ആയിരം പേര്‍ക്കിടയില്‍ എനിക്ക് വളരെ അടുപ്പമുള്ള ഒരു പെണ്‍കുട്ടിയുടെ കാര്യം പറയാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഏപ്രില്‍ മാസത്തില്‍ ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി, സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കൊവിഡ് ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്തതാണ്. അവള്‍ ലോണെടുത്താണ് പഠിച്ചത്. ലോണടയ്ക്കണം. വേറെയും കടങ്ങളുണ്ട്. അച്ഛന്‍ ഡ്രൈവറാണ്. കഴിഞ്ഞ 5 മാസമായി വരുമാനമില്ല. അനിയന്‍ വിദ്യാര്‍ത്ഥിയാണ്. വീട്ടിലെ ചെലവിനും ലോണടയ്ക്കാനും എല്ലാത്തിനും ഈ കുട്ടിയുടെ വരുമാനത്തിലാണ് നിലവില്‍ പ്രതീക്ഷ.' മനോജ് കുറിച്ചു.
ജോലിയുടെ സ്വഭാവമനുസരിച്ച് സ്വന്തം ജില്ലയില്‍ തന്നെയാണ് പോസ്റ്റിംഗെങ്കിലും വീട്ടില്‍ പോകാനോ അവരെ കാണാനോ കഴിയില്ല. ഏതെങ്കിലും ആശുപത്രിയില്‍ കൊവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യും. രണ്ടാഴ്ച കഴിഞ്ഞ്, ഒരാഴ്ച ക്വാറന്റീന്‍. പിറ്റേന്ന്, മറ്റെവിടെങ്കിലും ആയിരിക്കും ജോലി. പി.പി.ഇ ക്കിറ്റിനകത്തെ ജോലി, കൊവിഡ് പിടിപെടുമോയെന്ന ആശങ്ക, വേണ്ടപ്പെട്ടവരെ കാണാനാവാത്ത അവസ്ഥ, ഇതിനിടയില്‍ ശമ്ബളം കൂടി കൊടുക്കാതിരുന്നാല്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. അര്‍ഹതപ്പെട്ട ശമ്ബളം ചോദിക്കുമ്‌ബോള്‍ അധികൃതര്‍ തന്നെ മനുഷ്യത്വരഹിതമായ മറുപടി പറഞ്ഞാല്‍ കേരളം ശരിക്കും വെള്ളരിക്കാ പട്ടണം തന്നെയെന്നും ഡോക്ടര്‍ മനോജ് കുറ്റപ്പെടുത്തി.
അധികാരത്തിന്റെ ചാരുകസേരയിലിരുന്നിട്ട് താഴോട്ട് നോക്കി പെണ്ണുങ്ങള്‍ക്കെന്തിനാ ശമ്ബളമെന്ന് ചോദിക്കുന്നവര്‍ മേലോട്ട് കൂടി നോക്കി ഈ ചോദ്യം ചോദിക്കാന്‍ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി മുതല്‍ ഡി.എച്ച്.എസും അഡീഷണല്‍ ഡി.എച്ച്.എസും സഹ ഡി.എം.ഒ മാരോടും ഒക്കെ ആദ്യം ചോദിക്ക്, നിങ്ങള്‍ സ്ത്രീകള്‍ക്കെന്തിനാ ശമ്ബളമെന്ന് എന്നിട്ട് വിരട്ടാം പാവം പിള്ളേരെയെന്നും ഡോക്ടര്‍ മനോജ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.സര്‍ക്കാര്‍ കേവല രാഷ്ട്രീയത്തേക്കാള്‍ മൂല്യം മനുഷ്യത്വത്തിന് കല്‍പ്പിക്കുന്നുണ്ടെന്ന് ആത്മാര്‍ത്ഥമായി താന്‍ വിശ്വസിക്കുന്നു.അഞ്ച് മാസമായി 50% ജോലി പോലും ചെയ്യാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉത്സവബത്തയും ബോണസും കൊടുക്കുന്നതിന് ഒരു ദിവസം മുമ്‌ബെങ്കിലും ഈ കുട്ടികളുടെ ശമ്ബളം കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യത്വമുള്ള സകല മലയാളികളുടെയും അഭ്യര്‍ത്ഥനയാണിതെന്നും മനോജ് വെളളനാട് കൂട്ടിച്ചേര്‍ത്തു.
ഡോ. ജിനേഷ് പി എസും ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തനിക്കും ഇത്തരത്തില്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജിനേഷ് പി എസിന്റെ കുറിപ്പ് ഇങ്ങനെ;
വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ അനുഭവമാണ്. കോട്ടയം മെഡിക്കല്‍ കോളേജില്‍ പിജി ചെയ്യുന്ന കാലം. തൊട്ടു മുന്‍പത്തെ മാസത്തെ ശമ്പളം (Stipend) പതിനാലാം തീയതി ആയിട്ടും കിട്ടിയിട്ടില്ല. അത് ചോദിക്കാന്‍ പോയതാണ്. 'സ്ത്രീധനം വാങ്ങി അല്ലേ കെട്ടിയത് ?' ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഉന്നതനായ ഒരു ഡോക്ടര്‍ ചോദിച്ച ചോദ്യമാണ്. ഉന്നത അധികാരികളില്‍ ഒരാള്‍. ശമ്പളം ചോദിക്കുമ്പോള്‍ ഇങ്ങനെ ഒരു ചോദ്യം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒരധികാരി ചോദിക്കും എന്ന് കരുതിയില്ല. മെഡിക്കല്‍ കോളേജിലെ അധ്യാപക വൃന്ദത്തില്‍ ഒരാള്‍ ആയതിനാല്‍ മാന്യമായി തന്നെ മറുപടി പറഞ്ഞു. 'അല്ല, അതല്ലല്ലോ ഇവിടെ പ്രശ്‌നം?' ഇങ്ങനെ ഒരു ചോദ്യവും ചോദിച്ചു.
'ഞാനൊക്കെ കല്യാണം...' എന്ന് പറഞ്ഞു പുള്ളി തുടങ്ങി. സ്ത്രീധനം വാങ്ങാത്തവര്‍ മണ്ടന്മാരാണ് എന്നൊക്കെയാണ് പുള്ളി പറയുന്നത്. ശുദ്ധ അസംബന്ധങ്ങളും ഊളത്തരങ്ങളും മാത്രം... ഇനിയും വൈകിയാല്‍ സമരം ചെയ്യുമെന്ന് പറഞ്ഞ് തിരികെ പോന്നു. ആളുടെ പേര് ഇപ്പോള്‍ പറയുന്നില്ല. ഈ വിഷയം അറിയുന്ന സുഹൃത്തുക്കള്‍ പലരും ഇത് വായിക്കുന്നുണ്ടാവും. അങ്ങനെയുള്ളവര്‍ പേര് പറയരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം പേര് ചര്‍ച്ചയാവുന്നതില്‍ അര്‍ത്ഥമില്ലല്ലോ. ഇന്ന് ആ വ്യക്തി സര്‍വീസില്‍ ഉണ്ടോ എന്നും എനിക്കറിയില്ല. ഇന്നിപ്പോള്‍ കൃഷ്ണപ്രിയ എഴുതിയ പോസ്റ്റ് കണ്ടു. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി ഹെല്‍ത്ത് സര്‍വീസില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍മാരില്‍ പെടുന്ന ഒരാളാണ്. ഒരു മാസത്തിന് മുന്‍പ് പ്രവേശിച്ചവരാണ്. കൃഷ്ണപ്രിയ എഴുതിയ പോസ്റ്റിന്റെ ലിങ്ക് കമന്റില്‍...ശമ്പളം ചോദിച്ചപ്പോള്‍ 'സ്ത്രീകള്‍ക്ക് എന്തിനാണ് ശമ്പളം?' എന്ന് ചോദ്യം. ഇത്തരം കാര്യങ്ങള്‍ ചോദിച്ചാല്‍ ഐപിസി പ്രകാരം കേസെടുക്കുമെന്ന് ഭീഷണിയും. ജോലിയില്‍ ഒരു മുടക്കവും വരുത്താതെ ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചവരോടാണ് ഇങ്ങനെ പെരുമാറുന്നത്!
എനിക്ക് ഒട്ടും അത്ഭുതം തോന്നിയില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ശമ്പള പ്രശ്‌നം ചോദിച്ചപ്പോള്‍ തനി വൃത്തികേട് പറഞ്ഞ ഡോക്ടര്‍മാരുടെ അനുഭവം ഉള്ളതുകൊണ്ട് ഒരത്ഭുതവും തോന്നിയില്ല. ഇവിടെ ഒരു കാര്യം പറയാതിരിക്കാന്‍ പറ്റില്ല. ഹൗസ് സര്‍ജന്‍സി കാലത്ത് കോവിഡ് മൂലം 20 ദിവസം ഡ്യൂട്ടി എക്സ്റ്റന്‍ഷന്‍ കിട്ടിയ ആള്‍ക്കാരാണ്. അവരെ നിര്‍ബന്ധിതമായി മൂന്നുമാസത്തേക്ക് പോസ്റ്റ് ചെയ്തു. ഒന്നര മാസത്തിലധികം മുന്‍പ് ജോലിയില്‍ പ്രവേശിച്ചവരും ഉണ്ട്. CFLTCയിലടക്കം ഡ്യൂട്ടി ചെയ്യുന്ന ധാരാളം പേര്‍ അതില്‍ ഉണ്ട്. പല സ്ഥലങ്ങളിലും വളരെ മോശമായ അനുഭവങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാരെല്ലാം മോശക്കാരാണ് എന്ന് പറയുന്നില്ല. പക്ഷേ വളരെ മോശം രീതിയില്‍ പെരുമാറുന്ന പലരും ഉണ്ട് എന്നുള്ളത് സത്യമാണ്. അങ്ങനെ നിരവധി ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഇരയാകുന്ന വിഭാഗമാണ് ഇവര്‍. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങിയവര്‍ പിജി എന്‍ട്രന്‍സിന് പഠിക്കുമ്പോഴാണ് ഇത് എന്ന് മറക്കരുത്.
ഓഗസ്റ്റ് 12ന് എല്ലാവര്‍ക്കുമായി ശമ്പളം അനുവദിച്ചു എന്ന് ഒരു ഓഡര്‍ ഇറങ്ങി. അതിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഏത് ഹെഡില്‍ എങ്ങനെ എന്നൊന്നും സര്‍ക്കാര്‍ ആശുപത്രികളിലെ ഓഫീസ് ജീവനക്കാര്‍ക്ക് അറിയില്ല. അതിനു മുകളിലാണ് മോശം പെരുമാറ്റവും. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഈ യുവ തലമുറ നിരന്തരം ചൂഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ യുവതലമുറയോടുള്ള നമ്മുടെ പെരുമാറ്റം ശരിയല്ല. ആ യുവ ഡോക്ടര്‍മാര്‍ക്ക് പിന്തുണ... ഈ കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരെ ബഹുമാനിക്കുന്നു എന്ന് കാണിക്കുന്നത് ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രമാകരുത്.
from mangalam.com https://ift.tt/2Eie0Tu
via IFTTT
No comments:
Post a Comment