തിരുവനന്തപുരം: സംസ്ഥാനത്തു ദിവസംതോറും ആയിരങ്ങള്‍ കോവിഡ് ബാധിതരാകുമ്പോഴും ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടാന്‍ കടുത്ത കാലതാമസം. രോഗം സ്ഥിരീകരിച്ചാലും കണക്ക് പുറത്തുവിടാന്‍ മുഖ്യമന്ത്രിയുടെ പത്രസമ്മേളനംവരെ കാത്തിരിക്കുന്നതിനാല്‍ തുടര്‍നടപടികളും വൈകുന്നു. ഇതുമൂലം സമ്പര്‍ക്കരോഗവ്യാപനം വര്‍ധിക്കുന്നുവെന്ന വിമര്‍ശനം അവഗണിച്ച് സര്‍ക്കാര്‍.
ജില്ലാഭരണകൂടങ്ങള്‍ തയാറാക്കുന്ന കണക്കും മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും തമ്മിലാണ് അന്തരം. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസില്‍നിന്നു നല്‍കുന്ന കണക്കാണു പുറത്തുവിടുന്നതെന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഓരോദിവസവും രോഗം സ്ഥിരീകരിക്കപ്പെട്ടവരെ ആശുപത്രികളിലേക്കു മാറ്റി, അടുത്തദിവസം മുഖ്യമന്ത്രിയുടെ കണക്കില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഔദ്യോഗികമറുപടി. എന്നാല്‍, വിവിധ ജില്ലകളില്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു വ്യാപകപരാതിയുണ്ട്. രോഗികള്‍ ഉള്‍പ്പെടുന്ന സ്ഥലവിവരങ്ങള്‍ പുറത്തുവിട്ടാലേ കര്‍ശനസുരക്ഷ ഒരുക്കാനാകൂ.
പരിശോധനാഫലം നേരിട്ടു മെഡിക്കല്‍ ഡയറക്ടര്‍ക്കു കൈമാറണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. അതുകൊണ്ടുതന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കോ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കോ രോഗബാധിതരുടെ കൃത്യമായ വിവരം ലഭ്യമല്ല. സര്‍ക്കാരിന്റെ അറിയിപ്പ് ലഭിക്കാതെ മറ്റു നടപടികളിലേക്കു കടക്കാന്‍ അനുമതിയുമില്ല. ഇതു കൂടുതല്‍ സമ്പര്‍ക്കവ്യാപനത്തിനു വഴിവയ്ക്കുന്നു.
കോട്ടയം, മുട്ടമ്പലം സ്വദേശിനിക്കു കോവിഡ് ബാധിച്ച വിവരം നാലുദിവസം കഴിഞ്ഞാണു സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. അതിനകം ഇവര്‍ നിരവധി കടകളില്‍ ഉള്‍പ്പെടെ എത്തിയിരുന്നു. കോട്ടയം റെയില്‍വേ പോലീസില്‍ അഞ്ചുപേര്‍ക്കു കഴിഞ്ഞ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഇന്നലെ മൂന്നുപേരുടെ കാര്യം മാത്രമാണു മുഖ്യമന്ത്രി പുറത്തുവിട്ടത്. കോട്ടയം, വടവാതൂരിലെ ടയര്‍ കമ്പനിയില്‍ നിരവധി ജീവനക്കാര്‍ക്കു കോവിഡ് ബാധിച്ചതായും ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. എന്നാല്‍, ഇന്നലെയാണ് ഒമ്പതുപേരുടെ രോഗബാധ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടായിരത്തോളം ജീവനക്കാരാണ് ഈ ടയര്‍ കമ്പനിയിലുള്ളത്.
കോട്ടയം എസ്.എച്ച്. മൗണ്ടിനു സമീപം വട്ടമൂടില്‍ 13 പേരെ കോവിഡ് ബാധിച്ച് ആശുപത്രിയിലാക്കിയിട്ടും സര്‍ക്കാര്‍കണക്കില്‍ നാലുപേര്‍ മാത്രം. ജീവനക്കാരനു കോവിഡ് ബാധിച്ചതിനേത്തുടര്‍ന്നു കോട്ടയത്തെ സി.ജെ.എം. കോടതി അടച്ചിട്ടും സര്‍ക്കാരിന്റെ കണക്കിലില്ല. കൂരോപ്പട എസ്.ബി.ഐയില്‍ ജീവനക്കാരിക്കു കോവിഡ് സ്ഥിരീകരിച്ചിട്ടും ഇതാണവസ്ഥ.
ഇതേപരാതികള്‍ സംസ്ഥാനത്തെമ്പാടു നിന്നും ഉയരുന്നുണ്ട്. വയനാട്, പുല്‍പ്പള്ളിയിലെ ബാങ്ക് മാനേജര്‍ കോവിഡ് ബാധിതനായ വിവരം ഒരുദിവസം വൈകിയാണു മുഖ്യമന്ത്രി പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. ബാങ്കിലെത്തിയവര്‍ക്കു പുറമേ സുഹൃത്തുക്കളുമായും പുല്‍പ്പള്ളി പട്ടണത്തിലെ മറ്റാളുകളുമായും ഇദ്ദേഹത്തിനു സമ്പര്‍ക്കമുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ വിവരം ഉള്‍പ്പെട്ടില്ലെങ്കിലും ജില്ലാ അധികൃതര്‍ അന്നു വൈകിട്ടുതന്നെ വിവരം പുറത്തുവിട്ടതുമൂലം സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കു ജാഗ്രത പുലര്‍ത്താനായി. അല്ലായിരുന്നെങ്കില്‍ പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ കൂടുതല്‍പ്പേരുമായി ഇടപഴകുമായിരുന്നു. കല്‍പ്പറ്റ പട്ടണത്തിലും പരിസരങ്ങളിലും വീടുകള്‍ കയറിയിറങ്ങി തുണിവ്യാപാരം നടത്തുന്ന തമിഴ്‌നാട് സ്വദേശിക്കു രോഗം സ്ഥിരീകരിച്ചിട്ടും വെളിപ്പെടുത്താന്‍ പിറ്റേന്നു വൈകിട്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം വരെ കാത്തിരിക്കേണ്ടിവന്നു.
ഈ സമയത്തിനുള്ളില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. കല്‍പ്പറ്റ, പുത്തൂര്‍വയല്‍ പ്രദേശങ്ങളില്‍ നിരവധി കുടുംബങ്ങള്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവന്നു. മാനന്തവാടി ചെറ്റപ്പാലത്തു രണ്ടുപേര്‍ കോവിഡ് ബാധിതരായതു മൂന്നുദിവസം കഴിഞ്ഞാണു മുഖ്യമന്ത്രി പുറത്തുവിട്ടത്. രോഗികളെ നിരീക്ഷണത്തിലാക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞെങ്കിലും സമ്പര്‍ക്കമുണ്ടായവരില്‍ പലരും വിവരമറിഞ്ഞില്ല. അവര്‍ക്കു മറ്റുള്ളവരുമായും സമ്പര്‍ക്കമുണ്ടായി. കല്‍പ്പറ്റയിലെ ഒരു വ്യാപാരി കോവിഡ് ബാധിച്ച് മരിച്ചതു മൂന്നാംദിവസമാണു മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കപ്പെട്ടത്. അതിനു മുമ്പേ കല്‍പ്പറ്റ പട്ടണം കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ ആശയക്കുഴപ്പത്തിലായി.
രണ്ടാഴ്ച മുമ്പ് മലപ്പുറം കൊണ്ടോട്ടിക്കടുത്ത്, പുളിക്കല്‍ അരൂരില്‍ വിരുന്നിനെത്തിയ 11 മാസം പ്രായമുള്ള കുഞ്ഞ് കോവിഡ് ബാധിച്ച് മരിച്ചതു സ്ഥിരീകരിക്കാനും പിറ്റേന്നു മുഖ്യമന്ത്രിയുടെ പത്രസമ്മേളനംവരെ കാത്തിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കരോഗികളുണ്ടായ ജില്ലയായി കണ്ണൂര്‍ മാറാന്‍ കാരണവും ഇതേ ആശയക്കുഴപ്പമാണ്. ചെറുപുഴയിലെ ലോഡ്ജില്‍ താമസിച്ചിരുന്നയാള്‍ക്കു കോവിഡ് സ്ഥീരികരിച്ചത് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പരിശോധന നടത്തിയപ്പോഴാണ്. എന്നാല്‍, വൈകിട്ട് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനുശേഷമാണ് ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ ആശുപത്രിയിലാക്കിയത്.
ഇരിട്ടി മുഴക്കുന്ന് സ്വദേശിയായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍, ഇരിട്ടി നഗരത്തിലെ വ്യാപാരി, മറ്റൊരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരന്‍, എടക്കാനത്ത് ക്ഷേത്രദര്‍ശനം ഉള്‍പ്പെടെ നടത്തിയ സ്ത്രീ എന്നിവര്‍ക്കു രോഗം സ്ഥിരീകരിച്ചതിലും കാലതാമസമുണ്ടായി. ഇരിട്ടി പയഞ്ചേരിയില്‍ പ്രവാസിയുവാവ് നിരീക്ഷണകാലയളവിലെ പരിശോധനാഫലം അറിയാന്‍ വൈകിയതിനാല്‍ കൂത്തുപറമ്പിലെ തറവാട്ടിലേക്കു താമസം മാറ്റിയതുപോലും വൈകിയാണ് അധികൃതര്‍ അറിഞ്ഞത്.
from mangalam.com https://ift.tt/3kJxMs6
via IFTTT
No comments:
Post a Comment