ആലപ്പുഴ : ചെറിയനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചാര്‍ജ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫൈസലിന്റെ മരണം കോവിഡ് ഭയത്താല്‍ യഥാസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ വന്നതിനാലാണെന്നു സഹോദരിയായ ഡോക്‌ടര്‍. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി. വിദഗ്‌ധ ഡോ. അസീന ഇസ്‌മയില്‍ തന്റെ ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഡോ.ഫൈസലിന്റെ ഭാര്യ ഡോ. സീന വിദേശത്താണ്. ഫൈസലും പത്തു വയസുകാരനായ മകനും വയോധികയായ ഭാര്യാമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്.
ഉറക്കത്തിനിടെ ബോധമില്ലാതായ ഡോക്‌ടറെ കോവിഡുണ്ടെന്ന സംശയത്തില്‍ ആശുപത്രിയിലെത്തിക്കാന്‍ സമീപവാസികളാരും തയാറായില്ലെന്നു ഡോ.അസീന പറയുന്നു. കുടുംബവും ആരോഗ്യവും ഉറക്കവുമെല്ലാം ഉപേക്ഷിച്ചു പ്രവര്‍ത്തിക്കുന്ന തന്നെ സമൂഹത്തിലെ ചിലരുടെ ഈ പ്രവൃത്തി തളര്‍ത്തിയെന്നും അവര്‍ ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമായിരുന്നു നാല്‍പ്പത്തിനാലുകാരനായ ഫൈസലിന്റെ മരണകാരണമെന്നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്‌റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
ആന്തരികാവയവങ്ങള്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഫൈസല്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ആറാം റാങ്കുകാരനായിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍നിന്നു പ്രീഡിഗ്രിക്കു മൂന്നാം റാങ്കും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ 121-ാം റാങ്കും നേടി. തൃശൂര്‍ വലപ്പാട് ഇടമുട്ടം വലിയകത്ത് വി.എം. ഇബ്രാഹിമിന്റെയും ഹലീമയുടെയും എട്ടുമക്കളില്‍ ഏറ്റവും ഇളയ ആളാണ്. ഹരിപ്പാട് ആര്‍.കെ. ജങ്‌ഷനു സമീപമായിരുന്നു താമസം.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി ഏഴരയോടാണ് ഡോക്‌ടറെ മരിച്ചനിലയില്‍ കണ്ടത്. ഫൈസലിന്റെ സഹോദരങ്ങളില്‍ മൂന്നു പേര്‍ ഡോക്‌ടര്‍മാരാണ്. പരിയാരം മെഡിക്കല്‍ കോളജിലെ ഡോ.അജ്‌മല്‍, ദുബായില്‍ റേഡിയോളജിസ്‌റ്റായ ഡോ. സീബു, തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി. സര്‍ജനും കെ.ജി.എം.ഒ.എ. സംസ്‌ഥാന വൈസ് പ്രസിഡന്റുമായ ഡോ.വി.ഐ. അസീന ഇസ്‌മയില്‍ എന്നിവരാണ് ഈ സഹോദരങ്ങള്‍.
ഫൈസലിന്റെ അടുത്ത ബന്ധുക്കളില്‍ ഇരുപത്തിയഞ്ചോളം പേരും ഡോക്‌ടര്‍മാരാണ്. ഡോ. ഫൈസല്‍ മരിച്ചുകിടന്നതു മുകള്‍നിലയിലെ മുറിയിലാണ്. മൃതദേഹം താഴെയെത്തിച്ച് ആശുപത്രിയിലേക്കു മാറ്റിയത് ഡോക്‌ടര്‍മാരുടെ സംഘടനാ പ്രതിനിധികളാണ്. കോവിഡ് ഭീതിയില്‍ നാട്ടുകാരില്‍നിന്നു കാര്യമായ പിന്തുണ കിട്ടിയില്ലെന്ന സങ്കടമാണ് ഡോ.അസീന ഫെയ്‌സ്‌ബുക്ക് പോസ്‌റ്റില്‍ പങ്കുവച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2PTdT3y
via IFTTT
No comments:
Post a Comment