തിരുവനന്തപുരം: ആരോപണങ്ങളുടെ കെട്ടഴിച്ച് സർക്കാരിനെ ആക്രമിക്കാൻ പ്രതിപക്ഷവും മുഖ്യമന്ത്രിക്കും സർക്കാരിനും പ്രതിരോധ കോട്ട തീർക്കാൻ ഭരണപക്ഷവും. ഒരു ദിവസത്തേക്ക് മാത്രമായി ചേരുന്ന ഇന്നത്തെ നിയമസഭാ സമ്മേളനം ഫലത്തിൽ പോർക്കളമാകും. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ്ങും ഇന്ന് നടക്കും. ധനകാര്യ ബിൽ പാസാക്കൽ അജണ്ടയാണെങ്കിലും അവിശ്വാസ പ്രമേയമാകും സഭയെ പ്രക്ഷുബ്ദമാക്കുക. സഭയിൽ സർക്കാരിനെ ആക്രമിക്കാനുള്ള നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിന്റെ ആവനാഴിയിലുള്ളത്. സ്പ്രിംക്ലർ, ബെവ്ക്യു, മണൽക്കടത്ത്, ഇ മൊബിലിറ്റി, സ്വർണക്കടത്ത്, ലൈഫ് പദ്ധതി, തിരുവനന്തപുരം വിമാനത്താവളം തുടങ്ങിയ വിവാദങ്ങളുടെ പരമ്പരയാണ് പ്രതിപക്ഷത്തിന് ആയുധമായുള്ളത്. ഭൂരിപക്ഷമുള്ള സർക്കാരിന് പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ ഭയക്കേണ്ട കാര്യമില്ല. എന്നാൽ ആരോപണങ്ങൾ വിശദമായി ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതും വിഷയത്തിൽ ജനശ്രദ്ധ ആകർഷിക്കുക എന്ന തന്ത്രവുമാണ് പ്രതിപക്ഷം പയറ്റുക. രാവിലെ ഒമ്പതിനാണ് സഭാ സമ്മേളനം ആരംഭിക്കുക. വൈകിട്ട് മൂന്നുവരെയാണ് സഭാ സമ്മേളനം. ധനകാര്യബിൽ പാസാക്കിയശേഷം, പ്രതിപക്ഷം നൽകിയ അവിശ്വാസപ്രമേയത്തിൽ അഞ്ചു മണിക്കൂർ ചർച്ച നടക്കും. പ്രതിപക്ഷത്തുനിന്ന് വി.ഡി സതീശൻ സഭയിൽ അവിശ്വാസം അവതരിപ്പിക്കും. തുടർന്ന് അതിന്മേൽ ചർച്ച ആരംഭിക്കും. സർക്കാരിനെതിരായ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രതിപക്ഷത്ത് നല്ല ഗൃഹപാഠം നടന്നിട്ടുണ്ട്. സമാനമായി ഭരണപക്ഷവും ആരോപണങ്ങളെ പ്രതിരോധിക്കാൻ കാലേക്കൂട്ടി തയ്യാറായിട്ടുമുണ്ട്. സ്വർണക്കടത്ത്, ലൈഫ് വിവാദം തുടങ്ങിയയെല്ലാം നിയമസഭയിൽ കത്തിപ്പടരും. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള നീക്കങ്ങളായിരിക്കും പ്രതിപക്ഷം നടത്തുക. അതിനിടെ പുതിയ ആരോപണങ്ങൾ പ്രതിപക്ഷ നേതാവ് സഭയിൽ ഉന്നയിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 15 വർഷത്തിനു ശേഷമാണ് കേരള നിയമസഭയിൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മൻ ചാണ്ടി സർക്കാരിനെതിരായി 2005 ജൂലൈ 12 ന് കോടിയേരി ബാലകൃഷ്ണൻ കൊണ്ടുവന്ന പ്രമേയമാണ് അവസാനത്തേത്. കേരള നിയമസഭയുടെ ചരിത്രത്തിലെ 16-ാമത്തെ അവിശ്വാസ പ്രമേയമാണ് ഇന്ന് അതരിപ്പിക്കുന്നത്. ഒരിക്കൽ മാത്രമാണ് അവിശ്വാസപ്രമേയം പാസായത്. പി.കെ.കുഞ്ഞ് 1964 സെപ്റ്റംബർ 3ന് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് ആർ.ശങ്കർ മന്ത്രിസഭ രാജിവച്ചു. Content Highlights: No Confidence motion against LDF govt Kerala
from mathrubhumi.latestnews.rssfeed https://ift.tt/2FRRl1i
via
IFTTT
No comments:
Post a Comment