തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണ നടപടികൾ പൂർത്തിയാകാൻ കാലതാമസമുണ്ടാകുമെന്ന് സൂചന. കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ അന്തിമവിധി വന്നശേഷം കുറഞ്ഞത് ആറുമാസമെങ്കിലും വേണ്ടിവരും കൈമാറ്റം യാഥാർഥ്യമാകാനെന്ന് എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ നൽകുന്ന സൂചന. എയർപോർട്ട് അതോറിറ്റിയുമായി കരാർ ഒപ്പിട്ട് ബാങ്ക് ഗ്യാരന്റിയുൾപ്പെടെ സമർപ്പിച്ചശേഷമാണ് അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം എത്തിച്ചേരൂ. കരാർ ഒപ്പിട്ടശേഷം അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തി വിമാനത്താവളത്തിന്റെ പ്രവർത്തനത്തെക്കുറിച്ച് വിശദമായ പഠനം നടത്തും. ഇവിടെ സംയുക്തമായി പ്രവർത്തിച്ചശേഷമായിരിക്കും ഏറ്റെടുക്കൽ യാഥാർഥ്യമാകുന്നത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർക്ക് താൽപര്യമുണ്ടെങ്കിൽ അദാനി ഗ്രൂപ്പിനോടൊപ്പം ഡെപ്യൂട്ടേഷനിൽ ഇവിടെ ജോലി ചെയ്യാനുള്ള അവസരവും ഉണ്ടാകും. ഇവർക്ക് ഡെപ്യൂട്ടേഷൻ തിരഞ്ഞെടുക്കാനോ എയർപോർട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിൽ ജോലിക്ക് ചേരാനോ കഴിയും. നടത്തിപ്പിനായി അവകാശം നേടിയ മംഗളൂരു, അഹമ്മദാബാദ്, ലഖ്നൗ വിമാനത്താവളങ്ങൾ നവംബർ മുതൽ അദാനി ഗ്രൂപ്പ് ആയിരിക്കും പ്രവർത്തിപ്പിക്കുക. എയർപോർട്ട് അതോറിറ്റിയിലെ ചില ഉന്നതോദ്യോഗസ്ഥർ വി.ആർ.എസ്. എടുത്തശേഷം അദാനി ഗ്രൂപ്പിന്റെ ഭാഗമായിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലായിരിക്കും അദാനി വ്യോമയാനമേഖലയിലെ പ്രവർത്തനങ്ങൾ നടത്തുക. യൂസർഫീ കുറയും ഉയർന്ന യൂസർഫീയാണ് ഇവിടെ നിന്നുള്ള ടിക്കറ്റ് നിരക്ക് ഉയരാനുള്ള ഒരു പ്രധാനകാരണം. സ്വകാര്യസംരംഭകർ എത്തുമ്പോൾ യൂസർഫീയിൽ കുറവ് വരുത്തി കൂടുതൽ യാത്രക്കാരെ ആകർഷിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ പ്രവർത്തിപ്പിച്ച് ലാഭം കണ്ടെത്താനും പുതിയ കമ്പനിക്ക് കഴിയും. കൂടുതൽ എയർ കണക്ടിവിറ്റി ഉണ്ടായാൽ മാത്രമേ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം സാധ്യമാകൂ. വിമാനക്കമ്പനികളെ ലാൻഡിങ് ചാർജുകളിലുൾപ്പെടെ ഇളവുകൾ നൽകി ഇവിടേക്ക് ആകർഷിച്ച് പുതിയ സർവീസുകൾ കൊണ്ടുവരാൻ സ്വകാര്യസംരംഭകർക്ക് കഴിയും. ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങൾകൊണ്ട് തിരുവനന്തപുരത്തെ വിമാന ഇന്ധനം നിറയ്ക്കുന്നതിനുള്ള ഫ്യുവൽ റീഫില്ലിങ് സ്റ്റേഷനാക്കി മാറ്റാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താമെന്നാണ് സ്വകാര്യ കമ്പനിയുടെ വിലയിരുത്തൽ. വിനോദപരിപാടികളുൾപ്പെടെ ടെർമിനലിൽ ഒരുക്കി വിദേശ സഞ്ചാരികളെ ആകർഷിക്കാനും പദ്ധതിയുണ്ട്. ഇതിനൊക്കെയായി വൻ നിക്ഷേപം തന്നെ അദാനി ഗ്രൂപ്പ് ഇവിടെ നടത്തുമെന്നാണ് ഈ മേഖലയിലെ വിദഗ്ദർ പറയുന്നത്. ടെർമിനലിന്റെ സ്ഥലമേറ്റെടുക്കലിന് 262 കോടി വേണം കേരള സർക്കാരിന്റെ എതിർപ്പ് തുടരുന്നതിനാൽ വിമാനത്താവള കൈമാറ്റത്തിന്റെ കാര്യം നിലവിൽ അനിശ്ചിതത്വത്തിലാണ്. പുതിയ ടെർമിനൽ നിർമിക്കണമെങ്കിൽ 18 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരും. അദാനി ഗ്രൂപ്പ് എത്തുമ്പോൾ സ്ഥലം ഏറ്റെടുക്കുന്നതിൽ നിന്ന് സർക്കാർ പിന്നാക്കം പോകും. 262 കോടി രൂപയാണ് സ്ഥലമേറ്റെടുക്കലിന് വേണ്ടിവരുന്നത്. എയർപോർട്ട് അതോറിറ്റി ഈ സ്ഥലം ഏറ്റെടുത്ത് നൽകിയാൽ മാത്രമേ അദാനിക്ക് തിരുവനന്തപുരത്ത് പുതിയ ടെർമിനൽ നിർമിക്കാനാകൂ. 45 ലക്ഷം യാത്രക്കാർ 2018- 19 വർഷത്തിൽ 45 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വിമാനത്താവളം ഉപയോഗിച്ചത്. യാത്രക്കാരുടെ എണ്ണം വർധിച്ചപ്പോഴും സ്വകാര്യവത്കരണത്തിന് തയ്യാറായതാണ് എതിർപ്പുയരാനുള്ള പ്രധാന കാരണം. സർക്കാർ ഏറ്റെടുത്തതുൾപ്പെടെയുള്ള 628 ഏക്കർ സ്ഥലം സ്വകാര്യസംരംഭകർക്ക് നൽകുന്നതും സർക്കാർ എതിർക്കുകയാണ്. എയർപോർട്ട് അതോറിറ്റിക്ക് കഴിയുന്നതുപോലെ സ്വകാര്യ ഗ്രൂപ്പിന് സർവീസുകളുടെ എണ്ണം കൂട്ടാൻ കഴിയില്ലെന്നാണ് എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം. അദാനി ഗ്രൂപ്പിനാകട്ടെ വിമാനത്താവള നടത്തിപ്പിൽ മുൻപരിചയവും ഇല്ലെന്നും സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3l9oTYK
via
IFTTT
No comments:
Post a Comment