തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ പൂര്‍ണനിയന്ത്രണം പോലീസിനു കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനം. രോഗവ്യാപനം തടയുന്നതില്‍ പാളിച്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതും കണ്ടെയ്ന്‍മെന്റ് സോണുകള്‍ അടയാളപ്പെടുത്തുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇനി പോലീസ് നിര്‍വഹിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
നിലവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണു സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതില്‍ വീഴ്ച വരുത്തുന്ന ജില്ലാ കലക്ടര്‍മാരെയും ജില്ലാ പോലീസ് മേധാവിമാരെയും സ്ഥലംമാറ്റും. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സംസ്ഥാനതല നോഡല്‍ ഓഫീസറായി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍കൂടിയായ ഐ.ജി. വിജയ് സാഖറയെ നിയോഗിച്ചു. പുതിയ സംവിധാനം ജനങ്ങള്‍ക്കു പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും എന്നാല്‍, രോഗവ്യാപനം വര്‍ധിച്ച് ജീവഹാനി സംഭവിക്കുന്നതിനെക്കാള്‍ നല്ലത് അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കുന്നതാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയില്‍ ഐ.ജി: വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി രോഗവ്യാപനം തടഞ്ഞിരുന്നു. അതേ മാതൃകയാകും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുക. സമ്പര്‍ക്കവിലക്ക് ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്കു പോലീസിനെ അറിയിക്കാം.
പോലീസിന്റെ ചുമതലകള്‍
* പൊതുസ്ഥലങ്ങളില്‍ ആളുകള്‍ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
* ക്വാറെന്റെനില്‍ കഴിയുന്നവര്‍ ''മുങ്ങിയാല്‍'' കണ്ടെത്തും.
* രോഗികളുടെ പ്രൈമറി, സെക്കന്‍ഡറി സമ്പര്‍ക്കങ്ങള്‍ കണ്ടെത്തും.
* സമ്പര്‍ക്കം കണ്ടെത്താന്‍ എസ്.ഐമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം.
* 24 മണിക്കൂറിനകം സമ്പര്‍ക്കപ്പട്ടിക തയാറാക്കണം.
* ബൈക്ക് സ്‌ക്വാഡുകള്‍ ദിവസേന വീടുകളിലെത്തി ക്വാറെന്റെനിലുള്ളവര്‍ അവിടെയുണ്ടെന്ന് ഉറപ്പാക്കും.
* ക്വാറെന്റെന്‍ നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യകളും ഉപയോഗിക്കും.
* ക്വാറെന്റെന്‍ ലംഘിച്ചാല്‍ കര്‍ശന നടപടി.
* 24 മണിക്കൂറും അതീവജാഗ്രത.
* ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍, വിവാഹവീടുകള്‍, മരണവീടുകള്‍, കച്ചവടസ്ഥാപനങ്ങള്‍, ആളുകള്‍ കൂട്ടംകൂടുന്ന മറ്റിടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കര്‍ശന നിരീക്ഷണം.
* കണ്ടെയ്ന്‍മെന്റ് സോണുകള്‍ അടയാളപ്പെടുത്തി, നിയന്ത്രണങ്ങള്‍ നടപ്പാക്കും.
from mangalam.com https://ift.tt/39TkVOJ
via IFTTT
No comments:
Post a Comment