കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നടത്തിയത് റൺവേയിലെ ഹാർഡ്ഹിറ്റ് ലാൻഡിങ്. നനഞ്ഞ പ്രതലത്തിൽ വന്നിറങ്ങുമ്പോഴുള്ള ഘർഷണനഷ്ടം കുറയ്ക്കാനാണ് വിമാനം ഇത്തരത്തിൽ ഇറക്കുന്നത്. സാധാരണയിൽക്കൂടിയ വേഗത്തിൽ പറന്നിറങ്ങുന്ന വിമാനത്തിന്റെ ടയറുകൾ ഇത്തരം ലാൻഡിങ് നടത്തുമ്പോൾ നിലത്ത് ശക്തിയിൽ പതിച്ചാണ് നീങ്ങുക. വിമാന അപകടത്തെക്കുറിച്ച് പഠിക്കാനായി കരിപ്പൂരെത്തിയ ഉന്നതതല സംഘം ഇത്തരത്തിൽ നിഗമനത്തിലെത്തിയതായാണറിയുന്നത്. റൺവേയിലെ ടയർ ഉരഞ്ഞുള്ള കാർബൺ നിക്ഷേപവും മഴവെള്ളവും ചേർന്ന് നേർത്ത പാളിയായി ചക്രങ്ങളിൽ ഒട്ടി ബ്രേക്കിങ് തകരാറിലാക്കുന്ന ഹൈഡ്രോ പ്ലെയിനിങ് എന്ന പ്രതിഭാസം ഒഴിവാക്കാനായിരുന്നു ഇത്തരത്തിൽ ലാൻഡ് ചെയ്തത്. എന്നാൽ, മഴമൂലമുണ്ടായ വെർട്ടിക്കൽ ഇല്യൂഷൻ (റൺവേ യഥാർഥത്തിലുള്ളതിനേക്കാൾ നീളമുള്ളതായി തോന്നുന്ന പ്രതിഭാസം) മൂലം റൺവേയുടെ മധ്യത്തിലാണ് ലാൻഡിങ് നടത്തിയത്. റിവേഴ്സ് ത്രസ്റ്റ് ഉപയോഗിച്ച് വിമാനം നിർത്താൻ പൈലറ്റ് ശ്രമിച്ചതും വിജയിച്ചില്ല. അപകടം മുന്നിൽക്കണ്ടതോടെ എൻജിൻ പൂർവസ്ഥിതിയിലാക്കി പറന്നുയരാൻ ശ്രമിച്ചു. എന്നാൽ, റിവേഴ്സ് ത്രസ്റ്റിൽനിന്നും സാധാരണനിലയിലേക്ക് വരാനെടുത്ത രണ്ടു മിനിറ്റാണ് വിമാനത്തെ അപകടത്തിലേക്ക് നയിച്ചതെന്നാണ് അനുമാനം. 27 തവണ വിമാനം കോഴിക്കോട്ടിറക്കിയ പൈലറ്റ് ദീപക് വസന്ത് സാഠേ അപകടംനടന്ന റൺവേ 10-ൽ മുന്പ് ആറുതവണ ലാൻഡ് ചെയ്തിട്ടുണ്ട്. പൈലറ്റ് വിമാനത്തിന്റെ എൻജിൻ ഓഫാക്കിയിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കോക്ക് പിറ്റ് പരിശോധിച്ചതിൽനിന്നാണ് സംഘത്തിന് ഇൗ സൂചന ലഭിച്ചത്. റൺവേയിൽനിന്നിറങ്ങി കനാലിൽ പുതഞ്ഞതുകൊണ്ടാവാം യന്ത്രങ്ങൾ ഓഫായത്. നിരങ്ങിയിറങ്ങിയാണ് വിമാനം വിമാനത്താവളത്തിന്റെ ചുറ്റുമുള്ള ബെൽറ്റ് റോഡിലെത്തിയതും ചുറ്റുമതിലിൽ ഇടിച്ചുനിന്നതും. വിമാനത്തിന് സാങ്കേതികത്തകരാറുകൾ സംഭവിച്ചിരുന്നോ എന്ന കാര്യമാണ് ഇനി അറിയാനുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/31MX1ki
via
IFTTT
No comments:
Post a Comment