കോട്ടയം: ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സഹായത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി സി.പി.ഐ. സ്വന്തമായി ടെലിവിഷൻ ചാനൽ ഇല്ലാത്തതിനാൽ നിലപാടുകൾ വ്യക്തമാക്കാൻ യൂട്യൂബ് ചാനൽ തുടങ്ങാനാണ് തീരുമാനം.രാഷ്ട്രീയ നിലപാടുകളും സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ചാനൽ വഴി ജനങ്ങളിലെത്തിക്കും. പാർട്ടിയുടെ കീഴിലുള്ള സാംസ്കാരിക സംഘടനകളുടെ പ്രവർത്തനവും യൂട്യൂബ് ചാനൽ കേന്ദ്രീകരിച്ചായിരിക്കും. ഇതിനായി 14 ജില്ലാ കമ്മിറ്റി ഓഫീസുകളിലും സ്റ്റുഡിയോ തുടങ്ങും. അടിയന്തരമായി പാർട്ടിയുടെ സംസ്ഥാന കൗൺസിലോ എക്സിക്യുട്ടീവോ ചേരേണ്ടിവന്നാൽ അംഗങ്ങൾക്ക് അതത് ജില്ലകളിലെ സ്റ്റുഡിയോയിൽ ഇരുന്ന് യോഗത്തിൽ പങ്കെടുക്കാനാവും.തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പ്രചാരണത്തിനായി സ്മാർട്ട് െവാളന്റിയർമാരെയും തയ്യാറാക്കും. വാർഡ് തലത്തിലും ലോക്കൽ കമ്മിറ്റികളുടെ കീഴിലും പാർട്ടി കേഡർമാർക്ക് പരിശീലനങ്ങൾ ഓൺലൈനായി ആരംഭിച്ചുകഴിഞ്ഞു. ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർ സ്‌മാർട്ട് കേഡറുകൾ എന്നാകും അറിയപ്പെടുക. എല്ലാ വാർഡുകളിലെയും വോട്ടർമാരെ സ്‌മാർട്ട് വൊളന്റിയർമാരുടെ നേതൃത്വത്തിലായിരിക്കും സന്ദർശിക്കുക. വീടുകൾ കേന്ദ്രീകരിച്ച് സാമൂഹികമാധ്യമങ്ങൾ, സ്‌മാർട്ട് ഫോൺ എന്നിവ ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സ്‌മാർട്ട് കേഡർമാരുടെ കൈയിൽ കൃത്യമായി ഉണ്ടാകണമെന്ന നിർദേശവുമുണ്ട്. ഓൺലൈൻ ജാഥ, കമ്മിറ്റി, പഠനക്ലാസ് തുടങ്ങിയവ ആരംഭിക്കും. തിരഞ്ഞെടുപ്പ് അടുപ്പിച്ച് സംസ്ഥാന നേതൃത്വവും ജാഥകൾ നയിക്കും. പാർട്ടിയുടെ പ്രതിമാസ വാരിക ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളുടെ വിൽപ്പന ഓൺലൈൻ വഴിയാക്കും.സംശുദ്ധി കാക്കണംസി.പി.ഐ.ക്ക് കേരളരാഷ്ട്രീയത്തിലുള്ള സംശുദ്ധി നവമാധ്യമങ്ങളിലും കാത്തുസൂക്ഷിക്കണം, ഭാഷ നന്നായിരിക്കണം, മോശപ്പെട്ട ഒരു വാക്ക് പോലും രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ഉപയോഗിക്കരുത്, വ്യക്തികൾക്കും വിഷയങ്ങൾക്കും എതിരെ കൂട്ടായ സൈബർ ആക്രമണം ഉണ്ടാകാൻ പാടില്ല, രാഷ്ട്രീയം കൃത്യമായി പ്രചരിപ്പിക്കണം, ട്രോൾ ഉൾപ്പെടെയുള്ള അരാഷ്ട്രീയ പ്രചാരണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നിങ്ങനെയുള്ള നിർദേശങ്ങൾ പാർട്ടി അണികൾക്ക് നേതാക്കൾ നൽകിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/33mZB2R
via
IFTTT
No comments:
Post a Comment