തിരുവനന്തപുരം: അവിശ്വാസപ്രമേയചര്‍ച്ചയെ മൂന്നേമുക്കാല്‍മണിക്കൂര്‍ നീണ്ട രാഷ്ട്രീയപ്രസംഗം കൊണ്ടു നേരിട്ടിട്ടും വിവാദങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍, പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ മുഴങ്ങിക്കേട്ട നീണ്ട മറുപടി പ്രസംഗത്തിനൊടുവില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരേയുള്ള ആദ്യ അവിശ്വാസപ്രമേയം പരാജയപ്പെട്ടു. അവിശ്വാസം സഭ തള്ളിയത് നാല്‍പതിനെതിരേ 87 വോട്ടുകള്‍ക്ക്.
കേരളാ കോണ്‍ഗ്രസിലെ റോഷി അഗസ്റ്റിനും ഡോ: എന്‍. ജയരാജും തലസ്ഥാനത്തുണ്ടായിരുന്നിട്ടും വോട്ടിങ്ങില്‍ പങ്കെടുത്തില്ല. ബി.ജെ.പി അംഗം ഒ. രാജഗോപാല്‍ പ്രമേയത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ടിംഗിനുണ്ടായിരുന്നില്ല. പി.സി. ജോര്‍ജും വോട്ടിങ്ങില്‍ പങ്കെടുത്തില്ല. വി.എസ്. അച്യുതാനന്ദന്‍, സി.എഫ്. തോമസ്, എല്‍ദോസ് കുന്നപ്പിള്ളി, കെ.ടി ജലീല്‍ തുടങ്ങിയവരും സഭയിലുണ്ടായിരുന്നില്ല.
കോവിഡ് പകര്‍ച്ചവ്യാധിക്കിടെ ധനകാര്യബില്‍ പാസാക്കാന്‍ ചേര്‍ന്ന ഒറ്റദിവസ സഭാസമ്മേളനം വിവാദങ്ങള്‍ക്കുള്ള മറുപടി വേദിയാകുമെന്നു കരുതിയിരുന്നെങ്കിലും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ പദ്ധതി വിവാദങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചില്ല. ലൈഫ് മിഷന്‍ കമ്മിഷന്‍ ഇടപാടില്‍ തീര്‍ത്തും മൗനംപാലിച്ച മുഖ്യമന്ത്രി മറ്റ് ആരോപണങ്ങളില്‍ ഇന്നലെവരെ നല്‍കിയ മറുപടികള്‍ ആവര്‍ത്തിച്ചു. പ്രതിപക്ഷത്തിന്റെ അവിശ്വാസപ്രമേയം തനിക്കുള്ള വിശ്വാസപ്രമേയമാക്കി മാറ്റാനാണു മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്.
സഭ തുടങ്ങിയപ്പോള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് അവിശ്വാസപ്രമേയത്തിന്റെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. ധനകാര്യബില്ലിനും തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച പ്രമേയത്തിനും ശേഷം പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഇരുപക്ഷവും സമ്മതിച്ചു. പിണറായി വിജയന്‍ സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരിപ്രമേയം കോണ്‍ഗ്രസ് അംഗം വി.ഡി. സതീശനാണ് അവതരിപ്പിച്ചത്.
അഞ്ചുമണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരുന്നതെങ്കിലും പത്തരമണിക്കൂര്‍ നീണ്ടു. രാവില 10.50ന് ആരംഭിച്ച അവിശ്വാസപ്രമേയ ചര്‍ച്ച രാത്രി ഒന്‍പതേകാലിനാണ് അവസാനിച്ചത്. മൂന്നേമുക്കാല്‍ മണിക്കൂറും മുഖ്യമന്ത്രി അപഹരിച്ചു. മുഖ്യമന്ത്രിയുടെ മറുപടി നീണ്ടുപോകുമ്പോഴും ആരോപണങ്ങളില്‍ സ്പര്‍ശിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളമുണ്ടാക്കി.
ലൈഫിലെ കമ്മീഷന്‍ വിവാദം സംബന്ധിച്ച പുതിയ ആരോപണം ഉന്നയിച്ചുകൊണ്ടാണ് സതീശന്‍ പ്രമേയം അവതരിപ്പിച്ചത്. സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതിയിലെ കമ്മീഷന്‍, ഇലക്ട്രിക് ബസ്, സ്പ്രിങ്‌ളര്‍, കണ്‍സള്‍ട്ടന്‍സികള്‍ ഉള്‍പ്പെടെ പ്രതിപക്ഷം കഴിഞ്ഞദിവസം വരെ പുറത്ത് ഉന്നയിച്ചിരുന്ന എല്ലാ ആരോപണങ്ങളും സഭയിലും ആവര്‍ത്തിച്ചു. എന്നാല്‍ സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷം നടപ്പാക്കിയ പദ്ധതികള്‍ വിവരിക്കാനും. പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിക്കാനുമാണ് മുഖ്യമന്ത്രി തുനിഞ്ഞത്. നീരാ റാഡിയ ടേപ്പ് അടക്കമുള്ള പഴയ വിവാദങ്ങള്‍ പ്രസംഗത്തിലുടനീളം നിരത്തി.
കോണ്‍ഗ്രസ്-ബി.ജെ.പി. ബന്ധം സ്ഥാപിക്കാനും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ആഭ്യന്തരപ്രശ്‌നം ചൂണ്ടിക്കാട്ടി രാഷ്ട്രീയ ആരോപണം ഉന്നയിക്കാനുമായിരുന്നു താല്‍പര്യം. ഇതിനിടയില്‍ മന്ത്രി കെ.ടി ജലീലിന്റെ നടപടികളെ മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു.
പ്രതിപക്ഷം ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിട്ടും സ്പീക്കര്‍ക്കെതിരായ പ്രമേയം നിയമസഭ പരിഗണിച്ചില്ല. അവിശ്വാസപ്രമേയത്തിന് സഭയുടെ അംഗീകാരം തേടവേ സ്പീക്കറെ മാറ്റാനുള്ള പ്രമേയവും പരിഗണിക്കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ ഭരണഘടനാപരമായ വ്യവസ്ഥ മാറ്റിമറിയ്ക്കാന്‍ താന്‍ അശക്തനാണെന്നു വ്യക്തമാക്കിയ സ്പീക്കര്‍ പ്രമേയം പരിഗണിച്ചില്ല.
സഭാസമ്മേളനം ചേരുന്നതിന് 15 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന ചട്ടം പാലിച്ചിരുന്നെങ്കില്‍ സ്പീക്കര്‍ക്കെതിരായ പ്രമേയത്തിന് 14 ദിവസത്തെ നോട്ടീസ് വേണമെന്ന വ്യവസ്ഥ തങ്ങള്‍ക്കും പാലിക്കാനാകുമായിരുന്നെന്നു പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. സ്പീക്കര്‍ക്കെതിരായ പ്രമേയം നേരത്തെതന്നെ നിയമസഭാ ബുള്ളറ്റിനില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ അതുകൂടി പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഭാ അധ്യക്ഷനെതിരെയുള്ള ആരോപണങ്ങള്‍ക്കും തന്നെ എതിര്‍ക്കുന്നതിനുമൊന്നും താന്‍ എതിരല്ലെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നിയമസഭാസമ്മേളനത്തിന് 15 ദിവസത്തെ അറിയിപ്പ് വേണമെന്നുള്ളത് മാറ്റാനും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈന്‍ വഴി അറിയിച്ച് സഭചേരാനുമുള്ള ചട്ടഭേദഗതി റൂള്‍സ് കമ്മിറ്റി സഭാചട്ടങ്ങളില്‍ വരുത്തിയിട്ടുണ്ട്. അതേസമയം ഭരണഘടന മാറ്റാന്‍ തനിക്കോ ഈ നിയമസഭയ്‌ക്കോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ക്കെതിരെ ദുഃസുചനയുള്ള പരാമര്‍ശം സഭാരേഖകളില്‍ നിന്നും ഒഴിവാക്കണമെന്ന് മന്ത്രി ബാലന്‍ ആവശ്യപ്പെട്ടു. സ്പീക്കറുടെ കാര്യത്തില്‍ ഭരണഘടനാപരമായ വ്യവസ്ഥകള്‍ മാറ്റാന്‍ കഴിയാത്ത സാഹചര്യമുണ്ട്. സ്പീക്കര്‍ വിചാരിച്ചാല്‍ പോലും അത് മാറ്റാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
from mangalam.com https://ift.tt/3jao1Bp
via IFTTT
No comments:
Post a Comment