ദെഹ്റാദൂൺ/ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പിഥോർഗഢിൽ കുന്നിൻമുകളിൽ നിന്നുവീണ് ഇരുകാലുകളുമൊടിഞ്ഞ യുവതിയെയും ചുമന്ന് ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.). സേനാംഗങ്ങൾ നടന്നത് 40 കിലോമീറ്റർ. നിറഞ്ഞൊഴുകുന്ന നദികളോടും പാറക്കെട്ടുകൾ മുടക്കിയ വഴികളോടും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീണേക്കാമായിരുന്ന ചെരിവുകളോടും മല്ലിട്ടായിരുന്നു ആ സാഹസികദൗത്യം. വാഹനംപോകുന്ന റോഡിലേക്കെത്താൻ 40 കിലോമീറ്ററാണുണ്ടായിരുന്നത്. 15 മണിക്കൂർ കൊണ്ടാണ് ദുർഘടമായ നടവഴികളിലൂടെ സംഘം നടന്നത്. വ്യാഴാഴ്ചയാണ് സ്ത്രീക്ക് പരിക്കേൽക്കുന്നത്. രണ്ടുദിവസമായി ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കാലാവസ്ഥ മോശമായതിനാൽ അപകടം പിടിച്ച മേഖലയിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിച്ചില്ല. യുവതിയുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായതോടെ വിവരം ഐ.ടി.ബി.പി.യെ അറിയിച്ചു. ഉടൻതന്നെ ഇന്ത്യാ-ചൈന അതിർത്തിയായ മിലാമിൽ വിന്യസിച്ചിരുന്ന ഐ.ടി.ബി.പി.യുടെ 14-ാം ബറ്റാലിയൻ പിഥോർഗഢിലെ ലാപ്സയിലേക്ക് രക്ഷാദൗത്യവുമായി പുറപ്പെട്ടു. പർവതാരോഹണത്തിലൂടെയാണ് 25 ഉദ്യോഗസ്ഥർ സ്ത്രീക്കടുത്തെത്തിയത്. തുടർന്ന് അവരെ സ്ട്രെക്ചറിൽ ചുമന്ന് തെന്നുന്ന ചെരിവുകളും താണ്ടി സുരക്ഷിതസ്ഥാനത്തെത്തിച്ചു. ആശുപത്രിയിലെത്തിച്ച യുവതിയുടെ നില മെച്ചപ്പെട്ടതായി ഐ.ടി.ബി.പി. വൃത്തങ്ങൾ പറഞ്ഞു. Content Highlights: ITBP troops rescue woman from remote village of Uttarakhands Pithoragarh, carry her on stretcher for 15 hrs
from mathrubhumi.latestnews.rssfeed https://ift.tt/3hoZWXa
via
IFTTT
No comments:
Post a Comment