ന്യൂഡൽഹി: അത്യന്തം നാടകീയരംഗങ്ങൾക്ക് സാക്ഷ്യംവഹിച്ച തിങ്കളാഴ്ചത്തെ പ്രവർത്തകസമിതി യോഗത്തിൽ സംഘടനാതലത്തിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കൾ പൂർണമായും ഒറ്റപ്പെട്ടു. പാർട്ടി ഗുരുതരമായ പ്രതിസന്ധി അനുഭവിക്കുന്ന ഘട്ടത്തിലെഴുതിയ കത്ത് അസമയത്തുള്ളതാണെന്ന് അഭിപ്രായപ്പെട്ട രാഹുൽ ഗാന്ധി, നേതാക്കളുടെ പ്രവർത്തനം ബി.ജെ.പി.ക്കാണ് ഗുണംചെയ്യുകയെന്ന് പരോക്ഷമായി സൂചിപ്പിച്ചു. പാർട്ടിയധ്യക്ഷ ആശുപത്രിയിലായിരുന്നപ്പോൾ എഴുതിയ കത്ത് ശരിയായ നടപടിയല്ല. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ മാധ്യമങ്ങളിലല്ല, പ്രവർത്തകസമിതിയിലും പാർട്ടിയിലുമാണ് ചർച്ചചെയ്യേണ്ടത് -രാഹുൽ പറഞ്ഞു. കത്തെഴുത്ത് പ്രസ്ഥാനം പാർട്ടിക്ക് നല്ലതല്ലെന്ന് എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. ഹൈക്കമാൻഡ് എന്ന സങ്കല്പത്തിലാണ് കോൺഗ്രസിന്റെ നിലനിൽപ്പ്. സോണിയ അധ്യക്ഷയായത് എല്ലാവരും നിർബന്ധിച്ചാണ്. പ്രവർത്തകസമിതി അംഗങ്ങൾ എല്ലാവരും ആവശ്യപ്പെട്ടിട്ടും ആലോചിക്കട്ടെ എന്നായിരുന്നു അവരുടെ നിലപാട്. ഒടുവിൽ മനസ്സില്ലാമനസ്സോടെ അധ്യക്ഷയായ അവരെ മാറ്റാൻ കത്തെഴുതിയ നടപടി ക്രൂരമാണ് -ആന്റണി കുറ്റപ്പെടുത്തി. കത്തിൽ ഒപ്പിട്ട രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദിന് പാർട്ടി ഏറെ പദവികൾ നൽകിയതായി അംബിക സോണി പറഞ്ഞു. കത്തെഴുതുക മാത്രമല്ല, അതിനു മറുപടിക്കായി ഓർമപ്പെടുത്തലും ഗുലാം നബി അയച്ചതായി സോണിയയും സ്ഥാനം ത്യജിക്കാൻ തയ്യാറാണെന്ന് അറിയിക്കവേ വ്യക്തമാക്കി. ഇതോടെ, അങ്ങനെയെങ്കിൽ രാജിവെക്കാൻ തയ്യാറാണെന്ന് ഗുലാം നബി പറഞ്ഞു. എങ്കിലും ഇദ്ദേഹത്തെ പിന്നീട് നേതാക്കൾ അനുനയിപ്പിച്ചു. രാഹുലിന്റെ പ്രസ്താവന കാരണമല്ല, മറ്റു ചില കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.ബന്ധം ആരോപിച്ചതിനാലാണ് അതു തെളിയിക്കാമെങ്കിൽ താൻ രാജിവെക്കാമെന്ന് പറഞ്ഞതെന്ന വിശദീകരണവുമായി ഗുലാം നബി പിന്നീട് രംഗത്തെത്തി. തരൂരടക്കമുള്ള നേതാക്കൾ ഗുലാം നബിയുടെ വീട്ടിലെത്തി പ്രവർത്തകസമിതി യോഗം കഴിഞ്ഞ ഉടനെ ശശി തരൂർ, കപിൽ സിബൽ, മനീഷ് തിവാരി എന്നീ നേതാക്കൾ ഗുലാം നബി ആസാദിന്റെ വീട്ടിലെത്തി. മൂവരും സോണിയക്കുള്ള കത്തിൽ ഒപ്പിട്ടിരുന്നു. കത്തെഴുതിയതിനെ പ്രവർത്തകസമിതി അംഗങ്ങളെല്ലാം വിമർശിച്ചിരുന്നെങ്കിലും സോണിയ ഉപസംഹാരപ്രസംഗത്തിൽ ഇവർക്കെതിരേ ഒന്നും പറഞ്ഞില്ല. നമുക്കൊന്നിച്ചു മുന്നേറാം എന്നായിരുന്നു സോണിയയുടെ വാക്കുകൾ. Content Highlights:Rahul Gandhi Congress
from mathrubhumi.latestnews.rssfeed https://ift.tt/3gqj7i6
via
IFTTT
No comments:
Post a Comment