മോസ്‌ക്കോ: ലോകം പകച്ചു നില്‍ക്കുന്ന കോവിഡ് മഹാമാരിക്ക് വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നേട്ടം റഷ്യയ്ക്ക് സ്വന്തം. എന്നാല്‍, പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനോടും അദ്ദേഹത്തിന്റെ നയങ്ങളോടും കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന പാശ്ചാത്യ ചേരി റഷ്യയുടെ ഈ നേട്ടത്തെ അംഗീകരിക്കാന്‍ മുന്നോട്ടു വന്നിട്ടില്ല. അതേസമയം ''സ്പുട്‌നിക് വി'' എന്ന കോവിഡ് പ്രതിരോധ വാക്‌സിന് 20 രാജ്യങ്ങളില്‍നിന്നായി 100 കോടി ഡോസുകള്‍ക്കുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നതെന്നു റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് പറഞ്ഞു.
ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലയ്ക്കും കോവിഡനെതിരായ വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന നിലയിലും റഷ്യ നേടിയ വിജയത്തെയാണു സ്പുടിനിക് എന്ന പേര് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷത്തോളം കോവിഡിനെ പ്രതിരോധിക്കാന്‍ സ്പുട്‌നിക് വി വാക്‌സിനു കഴിയുമെന്നാണ് റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അവകാശവാദം. കഴിഞ്ഞ ജൂണ്‍ 17-നാണ് മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയത്. പരീക്ഷണവിധേയരായ 38 പേരും പ്രതിരോധശേഷി ആര്‍ജിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് െവെറസിനോട് സാമ്യമുള്ള മറ്റൊരു വൈറസില്‍ ജനിതക മാറ്റം വരുത്തിയാണ് റഷ്യ പുതിയ കോവിഡ് വാക്‌സിന്‍ സൃഷ്ടിച്ചിരിക്കുന്നത്. ശരീരത്തില്‍ കുത്തിവയ്ക്കുമ്പോള്‍ ഇതു പ്രതികരണം ഉണ്ടാക്കുമെങ്കിലും രോഗകാരണമാകുന്നില്ല. റഷ്യയ്‌ക്കൊപ്പം വാക്‌സിന്‍ വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷക സംഘവും ഇതേ ദിശയിലാണ് മുന്നേറുന്നത്. അതേസമയം റഷ്യയുടെ നേട്ടത്തിനെ പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല.
ബ്രിട്ടനിലും അമേരിക്കയിലുമടക്കം പല രാജ്യങ്ങളിലായി കോവിഡ് പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഈ രംഗത്തെ റഷ്യയുടെ മുന്നേറ്റത്തില്‍ അവര്‍ അസ്വസ്ഥരാണെന്നതും സത്യം. തങ്ങളുടെ ഗവേഷണഫലം റഷ്യ ചോര്‍ത്തിയെന്ന ആരോപണം നേരത്തെ ബ്രിട്ടന്‍ ഉന്നയിച്ചിരുന്നു. നേരത്തേ വാക്‌സിന്‍ പരീക്ഷിക്കുന്ന ഒന്ന്, രണ്ട് ഘട്ടങ്ങളില്‍ പരീക്ഷണ വിധേയരായ കുരങ്ങുകളിലും മനുഷ്യരിലും ഇത് കോവിഡ്-19 നെ പ്രതിരോധിക്കാന്‍ ആവശ്യമായ ആന്റിബോഡികള്‍ ഉല്‍പാദിപ്പിച്ചെന്നു റഷ്യ നേരത്തേ തന്നെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ആവശ്യമായ ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവിടാന്‍ റഷ്യന്‍ ഗവേഷകര്‍ തയാറായില്ല.
ഇതുമൂലം വാക്‌സിന്റെ ക്ഷമത സംബന്ധിച്ച സ്വതന്ത്ര വിശകലനത്തിന് വിദഗ്ധര്‍ക്ക് അവസരമുണ്ടായില്ല. വാക്‌സിന്‍ പരീക്ഷണത്തിലെ ഏറ്റവും സുപ്രധാനമാണ് മൂന്നാം ഘട്ടം. വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമോ എന്നറിയാന്‍ വ്യാപകമായി പരീക്ഷണം നടത്തുന്നത് ഈ ഘട്ടത്തിലാണ്. പതിനായിരക്കണക്കിന് ആളുകള്‍ക്ക് വാക്‌സിന്‍ ഡോസ് നല്‍കുകയും ഇതിന്റെ പുരോഗതി ഗവേഷകര്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നതും മൂന്നാം ഘട്ടത്തിലാണ്.
എത്ര പേരില്‍ വാക്‌സിന്‍ ഗുണം ചെയ്തു, എത്ര പേര്‍ക്ക് രോഗബാധയുണ്ടായി എന്നീ കണക്കുകള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇതിന്റെ ഫലപ്രാപതി സംബന്ധിച്ച് അവസാന നിഗമനത്തിലെത്തുന്നത്. വന്‍തോതില്‍ ആളുകളില്‍ പരീക്ഷണം നടത്തുമ്പോള്‍ ചെറിയൊരു വിഭാഗത്തില്‍ ഇതു പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുന്നതും വാക്‌സിന്‍ സംബന്ധിച്ച ഗവേഷണത്തില്‍ നിര്‍ണായകമാണെന്നു ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ ഡോ. ഡാനി ഓള്‍ട്ട്മാന്‍ പറയുന്നു.
ഭാവിയില്‍ വാക്‌സിന്‍ കൂടുതല്‍ ഗുണകരമാകുന്നതിന് ഇത് അത്യാവശ്യവുമാണ്. എന്നാല്‍, റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ ഇതൊന്നുമുണ്ടായിട്ടില്ല. ആദ്യ രണ്ടു ഘട്ടങ്ങളിലായി വെറും 38 പേരില്‍ മാത്രമാണ് പരീക്ഷണം നടന്നത്. മൂന്നാം ഘട്ടത്തില്‍ 1600 പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഇതുണ്ടായതായി വിവരമില്ലെന്നാണ് പാശ്ചാത്യ ഗവേഷകരുടെ പക്ഷം. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിരീക്ഷണത്തില്‍ കഴിയണം. പാര്‍ശ്വഫലങ്ങള്‍ അറിയനാണിത്.
റഷ്യയുടെ കാര്യത്തില്‍ ഇതു യാഥാര്‍ഥ്യമായില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം സ്പുട്‌നിക് വിക്ഷേപിച്ചത് റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനാണ്. കോവിഡ് മഹാമാരിക്കു പ്രതിരോധമെന്ന നിലയില്‍ തങ്ങള്‍ തയ്യാറാക്കിയ ലോകത്തിലെ ആദ്യ വാക്‌സിന് എന്തു പേരിടണമെന്ന കാര്യത്തില്‍ റഷ്യയ്ക്ക് രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല.
from mangalam.com https://ift.tt/3fQfSQG
via IFTTT
No comments:
Post a Comment