ചിറ്റാരിപ്പറമ്പ്: തൊടീക്കളം യു.ടി.സി. കോളനിക്ക് സമീപത്തെ റബ്ബർ തോട്ടത്തിൽ സി.പി.എം. പ്രവർത്തകനായ യുവാവിനെ വെട്ടേറ്റുമരിച്ച നിലയിൽ കണ്ടെത്തി. തൊടീക്കളം അമ്പലത്തിനുസമീപം പുതുശ്ശേരി നിവാസിൽ രാഗേഷാ(38)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൊടീക്കളം യു.ടി.സി. കോളനിയിലെ രണ്ട് യുവാക്കളെ കണ്ണവം സി.ഐ. കെ.സുധീർ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്യുകയാണ്. കൊലപാതകത്തിൽ രാഷ്ട്രീയമില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ശനിയാഴ്ച രാത്രി യു.ടി.സി. കോളനിയിലെത്തിയ രാഗേഷും കോളനിയിലെ യുവാക്കളും തമ്മിൽ വാക്തർക്കമുണ്ടായി. കോളനിയിലെ ഒരു ആടിനെ രാഗേഷ് കടത്തിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു തർക്കം. ഞായറാഴ്ച പുലർച്ചെ രണ്ടിന് കോളനിയിലെ ചിലർ തൊടീക്കളത്തെ ഒരു വീട്ടിലെത്തി രാഗേഷ് ആടിനെ കടത്തിക്കൊണ്ടുപോയതായി കണ്ണവം പോലീസിൽ ഫോണിൽക്കൂടി പരാതി നൽകി. തൊടീക്കളത്ത് എത്തിയ കണ്ണവം പോലീസ് രാഗേഷുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. യു.ടി.സി. കോളനിയിൽനിന്ന് തൊടീക്കളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വരുന്ന റോഡരികിലെ റബ്ബർ തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഇയാളെ കൈക്കും കാലിലും വെട്ടേറ്റ് രക്തംവാർന്ന നിലയിൽ നാട്ടുകാർ കണ്ടത്. കണ്ണവം പോലീസ് സ്ഥലത്തെത്തി ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി കൂത്തുപറമ്പിൽവെച്ചാണ് മരിച്ചത്. പ്രതികളുടെ പേര് രാഗേഷ് പോലീസിനോട് പറഞ്ഞെന്നാണ് സൂചന. ബാലസംഘത്തിന്റെയും എസ്.എഫ്.ഐ.യുടെയും മുൻ ഏരിയാ കമ്മിറ്റിയംഗമാണ് രാഗേഷ്. യു.ടി.സി. കോളനിയിലെ വീടുകൾക്ക് ഭീഷണിയായ കരിങ്കൽ ക്വാറിക്കെതിരേ ഇയാൾ സമരം നടത്തുകയും അധികൃതർക്ക് പരാതി നൽകുകയും തുടർന്ന് കളക്ടർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. തൊടീക്കളത്തെ പരേതനായ പുതുശ്ശേരി രാഘവന്റെയും പദ്മിനിയുടെയും മകനാണ് രാഗേഷ്. ഭാര്യ: ഷിജിന. മക്കൾ: ചന്ദന, അഞ്ജന. സഹോദരങ്ങൾ: പുതുശ്ശേരി രജീഷ്, രേഷ്മ. തലശ്ശേരി ഗവ. ആസ്പത്രിയിൽ പരിശോധനയ്ക്കുശേഷം മൃതദേഹം തൊടീക്കളത്തെ തറവാട്ട് ശ്മശാനത്തിൽ സംസ്കരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Av6oeS
via
IFTTT
No comments:
Post a Comment