ചെന്നൈ: ആധുനിക എൽ.എച്ച്.ബി. (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളുള്ള തീവണ്ടികൾ നിർത്തിയിടാവുന്നതരത്തിൽ റെയിൽവേ പ്ലാറ്റ്ഫോമുകളുടെയും യാർഡുകളുടെയും നീളം കൂട്ടുന്നു. 22 എൽ.എച്ച്.ബി. കോച്ചുകൾ നിർത്തിയിടാവുന്ന തരത്തിലാണ് നീളം വർധിപ്പിക്കുന്നത്. പ്ലാറ്റ്ഫോമുകളിലേക്കുള്ള പാളങ്ങളുടെ വളവുകളും ഇതോടൊപ്പം നിവർത്തും. പരന്പരാഗത കോച്ചുകളേക്കാൾ നീളമുള്ളവയാണ് എൽ.എച്ച്.ബി. കോച്ചുകൾ. 24 പരമ്പരാഗത കോച്ചുകളുള്ള തീവണ്ടി നിർത്തിയിടാൻ സൗകര്യമുള്ള പ്ലാറ്റ്ഫോമുകളിൽ മാത്രമേ 22 എൽ.എച്ച്.ബി. കോച്ചുകളുള്ള വണ്ടിക്ക് നിർത്തിയിടാനാകൂ. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഒരുപാട് സ്റ്റേഷനുകളിൽ ഇതിനുള്ള സൗകര്യങ്ങൾ കുറവാണ്. അതുകൊണ്ടുതന്നെ നിലവിൽ 20 എൽ.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടികളാണ് സർവീസ് നടത്തുന്നത്. എല്ലാ തീവണ്ടികൾക്കും എൽ.എച്ച്.ബി. കോച്ചുകളാക്കുകയാണ് റെയിൽവേയുടെ ലക്ഷ്യം. നീളക്കൂടുതൽ മാത്രമല്ല, നല്ല വേഗതയിൽ ഓടിക്കാം, ശബ്ദം കുറവാണ്, കൂടുതൽ ഈടുനിൽക്കും എന്നിവയും ഇത്തരം കോച്ചുകളുടെ സവിശേഷതയാണ്. പ്ലാറ്റ്ഫോമുകളുടെയും പിറ്റ് ലൈനുകളുടെയും നീളം സംബന്ധിച്ച് റെയിൽവേയുടെ ഒരോ സോണും വിശദമായ പഠനം നടത്തി ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടത്തണമെന്ന് റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ നിർദേശമനുസരിച്ച് ദക്ഷിണറെയിൽവേ നിർമാണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങും. പ്ലാറ്റ്ഫോമുകളുടെയും പിറ്റ്ലൈനുകളുടെയും നീളം കൂട്ടൽ രണ്ട് മാസത്തിനകം പൂർത്തിയാക്കാനാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്നാട്ടിൽ താംബരത്തും തിരുനെൽവേലിയിലുമുള്ള പുതിയ യാർഡുകളിൽ മാത്രമാണ് ആധുനിക തീവണ്ടികളുടെ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള സൗകര്യമുള്ളത്. ദക്ഷിണ റെയിൽവേയുടെ മറ്റ് എല്ലാ യാർഡുകളും ആധുനികവത്കരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പ്ലാറ്റ്ഫോം നീളം കൂട്ടലിനൊപ്പം തീവണ്ടികളിലെ കോച്ചുകളുടെ എണ്ണത്തിലും ചില വ്യവസ്ഥകൾ ഏർപ്പെടുത്തുന്നുണ്ട്. ശതാബ്ദി, തേജസ്, ഡബിൾഡക്കർ തുടങ്ങിയ തീവണ്ടികൾക്ക് 18 കോച്ചുകൾ വീതമുണ്ടായിരിക്കണം. ഇന്റർസിറ്റി, പകൽ സമയങ്ങളിൽ ഓടുന്ന മറ്റ് തീവണ്ടികൾക്ക് എന്നിവയ്ക്ക് 20 കോച്ചുകൾ വേണം. ദീർഘദൂര തീവണ്ടികൾക്ക് ചുരുങ്ങിയത് 22 കോച്ചുകളെങ്കിലുമുണ്ടാകണം. Content Highlights:Indian Railway platform
from mathrubhumi.latestnews.rssfeed https://ift.tt/2ZnpFIS
via
IFTTT
No comments:
Post a Comment