കാഞ്ഞങ്ങാട്: ''കേരളം വിട്ടുപോയാൽ മക്കൾക്കും എന്റെ ഗതിയാകും. പട്ടിണികിടന്ന് മരിക്കേണ്ടി വന്നാലും ഇവിടം വിട്ടുപോകില്ല. മക്കളുടെ പഠനത്തിനും നല്ലഭാവിക്കും ഈ നാടാണു നല്ലത്. വീട്ടിലെ അത്യാവശ്യ ചെലവിന് പണം കണ്ടെത്താൻ ബേക്കറിജോലിക്കും തയ്യലിനും പോയിരുന്നു. എന്നാൽ, ലോക്ഡൗൺ ആ പണിയില്ലാതാക്കി'' -പറക്കമുറ്റാത്ത ഏഴു കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഉത്തർപ്രദേശുകാരി പൂജ കണ്ണീരോടെ പറഞ്ഞു. കരൾരോഗം വന്ന് മരണത്തെ മുഖാമുഖംകണ്ട ഭർത്താവ് മുകേഷ് സിങ് രാജസ്ഥാനിലേക്കു തിരിച്ചുപോയതോടെ വെള്ളിക്കോത്തെ വാടകവീട്ടിൽ ഒറ്റയ്ക്ക് കഴിയുകയാണ് ഈ അമ്മ. മാർബിൾ-ടൈൽസ് പണിയുടെ മേസ്ത്രിയായിരുന്നു മുകേഷ് സിങ്. കരൾരോഗം വന്ന മുകേഷ് നാട്ടിലേക്കു പോയിട്ട് ഏഴുമാസമായി. മുകേഷിന്റെ ജീവൻ രക്ഷിക്കാൻ കരൾ മാറ്റിവെക്കൽ മാത്രമാണ് പോംവഴിയെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ വിധിയെഴുതിയത്. കരൾനൽകാൻ തയ്യാറായിരുന്ന പൂജയെ ഡോക്ടർമാർ പിന്തിരിപ്പിക്കുകയായിരുന്നു. കരുതിവെച്ചതെല്ലാം ഭർത്താവിന്റെ ചികിത്സയ്ക്കായി ചെലവഴിച്ചു. മരണം മുന്നിലെത്തിയപ്പോൾ നാട്ടിലെ അതിഥിതൊഴിലാളികളെല്ലാം ചേർന്ന് പിരിവെടുത്ത് മുകേഷിനെ നാട്ടിലെത്തിച്ചു. ഇപ്പോൾ അവിടെയാണ് ചികിത്സ. മക്കളെ ബന്ധുക്കൾക്കൊപ്പമാക്കി കുറച്ചുനാൾ രാജസ്ഥാനിൽ ഭർത്താവിനെ ശുശ്രൂഷിക്കാൻ നിന്നിരുന്നു പൂജ. ഒടുവിൽ കുട്ടികളുടെ സ്ഥിതിയോർത്ത് മടങ്ങുകയായിരുന്നു. മൂത്തമകൾ കാഷിഷ് ഇക്കുറി വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മികച്ച രീതിയിൽ പത്താംതരം പൂർത്തിയാക്കി. പരവനടുക്കം മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഹയർ സെക്കൻഡറിക്കു ചേരണമെന്നാണ് അവളുടെ മോഹം. എന്നാൽ, ജാതിസർട്ടിഫിക്കറ്റ് കടമ്പയിൽ ഉടക്കിനിൽക്കുകയാണ് അത്. രണ്ടാമത്തെ മകൾ ഖുഷി ഒൻപതിലും കൃഷ ഏഴിലും കാജൽ ആറിലും വൻസിക മൂന്നിലും വേദിക ഒന്നിലും വെള്ളിക്കോത്ത് സ്കൂളിൽ പഠിക്കുന്നു. ഇളയമകൻ സൻസ്കാറിനെ വെള്ളിക്കോത്തെ അങ്കണവാടിയിൽ ചേർത്തിട്ടുണ്ട്. ഒടുവിലത്തെ പ്രസവസമയത്തെ ശുശ്രൂഷയിലെ അപാകം മകന്റെ വലതുകൈയുടെ ശേഷിക്കുറവായി മാറി. അതിനുള്ള ചികിത്സയ്ക്കിടെയാണ് മുകേഷും അസുഖബാധിതനായത്. പൂജയുടെ അവസ്ഥ മനസ്സിലാക്കി ആറുമാസമായി 'അബ്ദുൾ കരീം' ക്വാർട്ടേഴ്സ് ഉടമ വാടക ഒഴിവാക്കി. അവർക്ക് അത്യാവശ്യ ഭക്ഷ്യവസ്തുക്കൾ എത്തിക്കുന്നുമുണ്ട് അവർ. എന്നാൽ, ഇങ്ങനെ ഇനിയും എത്രനാൾ എന്നത് ചോദ്യചിഹ്നമായി നിൽക്കുകയാണ്. Content Highlight: story of pooja and her children
from mathrubhumi.latestnews.rssfeed https://ift.tt/2WIAeVn
via
IFTTT
No comments:
Post a Comment