സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിനെ എൻ.ഐ.എ. സംഘം തിരുവനന്തപുരം തിരുവല്ലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം പുറത്തേക്ക് കൊണ്ടുവരുന്നു തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം കൈമാറാൻപോയ വഴികളിലൂടെ വീണ്ടും സരിത്തെത്തി, ഒപ്പം ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും. കൂട്ടുപ്രതികളായ സ്വപ്നയും സന്ദീപ് നായരും പറഞ്ഞതിനെക്കാളേറെ സരിത്തിൽനിന്ന് അറിയാനുണ്ടായിരുന്നു. സ്വർണം കൈമാറിയ ആളൊഴിഞ്ഞ വഴികളും കാർ പാർക്കിങ്ങും വ്യാജരേഖകൾ നിർമിച്ച സ്ഥലവുമൊക്കെ സരിത്ത് കാട്ടിക്കൊടുത്തു. സ്വർണക്കടത്ത് കേസിലെ ഒന്നാംപ്രതി സരിത്തിനെ ചൊവ്വാഴ്ച രാവിലെ 11-നാണ് എൻ.ഐ.എ. സംഘം കൊച്ചിയിൽനിന്ന് തലസ്ഥാനത്ത് എത്തിച്ചത്. സന്ദീപ് നായർ, കെൽട്രോൺ ജങ്ഷനുസമീപം ഇരുമ്പയിൽ വാടകയ്ക്കെടുത്തിരുന്ന ഉപഹാറെന്ന വാടകവീട്ടിലേക്കായിരുന്നു ആദ്യയാത്ര. 11.45-ന് ഇവിടെയെത്തിയ സംഘം 15 മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി. ഉപകരണങ്ങളിൽ ഒളിപ്പിച്ചെത്തിച്ച സ്വർണം ഈ വീട്ടിൽവെച്ചാണ് പുറത്തെടുത്തിരുന്നത്. തുടർന്ന് അമ്പലമുക്കിലെ സ്വപ്നയുടെ ഫ്ളാറ്റിലേക്ക്. 12.15-ന് കനത്ത സുരക്ഷയോടെ ഇവിടെയെത്തിച്ച സരിത്തിനെ ആറാംനിലയിലെ ഫ്ളാറ്റിലേക്കു കൊണ്ടുപോയി. കുറവൻകോണം മരപ്പാലം റോഡിൽ ഉള്ളിലേക്കുള്ള കാർ പാർക്കിങ്ങിലും സമീപത്തെ ഇടവഴിയിലും എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ ഈ സ്ഥലത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചു. കാറിലെത്തിച്ച സ്വർണം ഇവിടെെവച്ചാണ് സരിത്ത് കൂട്ടുപ്രതി സന്ദീപിന് കൈമാറിയത്. 12.43-ന് കേശവദാസപുരം ഉള്ളൂർ റോഡിലെ കെട്ടിടസമുച്ചയത്തിലും എത്തിച്ചു. സ്വർണക്കടത്തിനുവേണ്ടിയുള്ള ഒത്തുകൂടൽ നടന്നത് നന്ദാവനം പോലീസ് ക്യാമ്പിന് എതിർവശത്തുള്ള ബാർ ഹോട്ടലിലായിരുന്നു. ഇവിടെനിന്ന് 12.57-ന് സെക്രട്ടേറിയറ്റിനു സമീപത്തെ ഫ്ളാറ്റിൽ എത്തിച്ചു. സ്വർണക്കടത്ത് പ്രതികളുടെ പ്രധാനസങ്കേതമായ ഇവിടെ സ്വപ്നയ്ക്കും ആരോപണവിധേയനായ മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറിനും അപ്പാർട്ടുമെന്റുകളുണ്ട്. 1.15-ന് സ്റ്റാച്യു ജനറൽ ആശുപത്രി റോഡിലെ റബ്ബർ സ്റ്റാമ്പ് നിർമിക്കുന്ന സ്ഥാപനത്തിലെത്തിച്ചു. സ്വർണം കടത്താൻ വ്യാജരേഖകൾ ഉണ്ടാക്കിയത് ഇവിടെനിന്നായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ തിരുവല്ലം പാച്ചല്ലൂർ റോഡിൽ ഹരിതനഗറിലുള്ള സരിത്തിന്റെ കുടുംബവീട്ടിൽ എത്തിച്ചു. തുടർന്ന്, ആൽത്തറയിലെയും പി.ടി.പി. നഗറിലെയും സ്വപ്നയുടെ ഫ്ളാറ്റിലും കൊണ്ടുപോയി. സ്വർണക്കടത്തിനുവേണ്ടി സ്വപ്നയും സരിത്തും ഇവിടെ ഒത്തുകൂടിയിരുന്നതായി കണ്ടെത്തി. വൈകീട്ട് ആറിന് കാർഗോ കോംപ്ലക്സിലും തെളിവെടുപ്പിനെത്തിച്ചു. സ്വർണക്കടത്ത് പിടിച്ച കസ്റ്റംസ് അസി. കമ്മിഷണർ രാമമൂർത്തിയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. സരിത്തിന് പാഴ്സൽ കൈമാറാതെ പരിശോധന നടത്താൻ ആവശ്യപ്പെട്ടത് രാമമൂർത്തിയായിരുന്നു. ഇതിനുശേഷം തിരികെ എ.ആർ. ക്യാമ്പിലെത്തിച്ച സരിത്തിനെ വീണ്ടും ചോദ്യംചെയ്തു. Content Highlight: kerala Gold smuggling case evidence collection
from mathrubhumi.latestnews.rssfeed https://ift.tt/2ZO5GmP
via
IFTTT
No comments:
Post a Comment