പാലക്കാട്/തൃശൂര്‍/കൊച്ചി: ബംഗളുരുവില്‍ അറസ്റ്റിലായ നയതന്ത്ര സ്വര്‍ണക്കടത്തുകേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംസ്ഥാനത്ത് എത്തിച്ചത് ശരവേഗത്തില്‍. അകമ്പടിയായി െഹെവേ പട്രോളിങ് സംഘത്തിന്റെയും പോലീസിന്റെയും വാഹനങ്ങളും ഒപ്പം വന്‍മാധ്യമപ്പടയും. വാളയാര്‍ മുതല്‍ വഴിനീളെ പ്രതിഷേധക്കാര്‍ നിരന്നതോടെ അരങ്ങു കൊഴുത്തു. ദേശീയപാതയിലൂടെ കൊച്ചിയിലേക്കുള്ള യാത്രാമധ്യേ സംഘത്തിന്റെ വാഹനങ്ങളിലൊന്നിന്റെ ടയര്‍ പഞ്ചറായതു നിലംതൊടാ പാച്ചിലിനു തടസമായില്ല.
സ്വപ്‌ന സുരേഷുമായി എന്‍.ഐ.എ. സംഘം സഞ്ചരിച്ചിരുന്ന സ്‌കോര്‍പിയോയുടെ വലതുവശത്തെ പിന്‍ചക്രമാണു വടക്കഞ്ചേരി പന്നിയങ്കരയിലെ ടോള്‍ പ്ലാസയ്ക്കു തൊട്ടുമുമ്പു പഞ്ചറായത്. അമിത വേഗത്തിലായിരുന്നു യാത്ര. വിടാതെ പിന്തുടര്‍ന്ന് മാധ്യമപ്പടയും ഒപ്പമുണ്ടായിരുന്നു. അപ്രതീക്ഷിതമായി സ്‌കോര്‍പിയോ നിര്‍ത്തിയതോടെ പിന്നാലെയുണ്ടായിരുന്ന മാധ്യമസംഘം ഇരച്ചെത്തി. ഉദ്യോഗസ്ഥയ്‌ക്കൊപ്പം സ്വപ്‌ന പുറത്തേക്കിറങ്ങിയതോടെ പ്രതികരണം തേടി ചാനല്‍ െമെക്കുകള്‍ നീണ്ടു. ക്യാമറാ ഫ്‌ളാഷുകള്‍ പലവട്ടം മിന്നി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ സ്വപ്‌നയെ സന്ദീപുമായെത്തിയ ഇന്നോവയില്‍ കയറ്റിയതാടെ രണ്ടു പ്രതികളുടെയും പിന്നീടുള്ള യാത്ര ഒറ്റ വാഹനത്തിലായി. വടക്കഞ്ചേരി പോലീസിന്റെ നേതൃത്വത്തില്‍ ടയര്‍ മാറ്റി വാഹനം പിന്നീട് കൊച്ചിയിലേക്കു പോയി.
ഞായറാഴ്ച പുലര്‍ച്ചെയാണു ബംഗളുരുവില്‍നിന്നു വെള്ള സ്‌കോര്‍പിയോ, ഇന്നോവ കാറുകളില്‍ പ്രതികളുമായി എന്‍.ഐ.എ. സംഘം യാത്രതിരിച്ചത്. സ്‌കോര്‍പിയോയില്‍ സ്വപ്‌നയും തൊട്ടുപിന്നാലെ ഇന്നോവയില്‍ സന്ദീപും. ഇരുവരുടെയും മുഖം കറുത്ത തുണികൊണ്ടു മറച്ചിരുന്നു. രാവിലെ പതിനൊന്നരയോടെ സംഘം വാളയാര്‍ അതിര്‍ത്തി കടന്നു. അട്ടപ്പള്ളം ടോള്‍പ്ലാസയില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ വാളയാര്‍ പോലീസുമെത്തി. പ്രതിഷേധക്കാര്‍ വാഹനത്തിനു മുന്നിലേക്കു ചാടാനുള്ള സാധ്യത പരിഗണിച്ച് എന്‍.ഐ.എ. വാഹനങ്ങളെ ടോള്‍ ബൂത്തിലെ എതിര്‍ദിശയിലൂടെ കടത്തിവിട്ടു. ഇവിടെ ക്രോസ്ബാര്‍ ഉയര്‍ത്താന്‍ വാഹനങ്ങള്‍ ഒന്നു നിര്‍ത്തിയതൊഴികെ ബാക്കി ദൂരം താണ്ടിയതു മിന്നല്‍ വേഗത്തില്‍.
വടക്കഞ്ചേരിക്കു സമീപം ടയര്‍ പഞ്ചറായതോടെ സ്വപ്‌നയെ സന്ദീപ് സഞ്ചരിച്ച വാഹനത്തിലേക്കു മാറ്റി യാത്ര തുടര്‍ന്നു. പന്ത്രണ്ടരയോടെ സംഘം പാലിയേക്കര ടോള്‍ പ്ലാസയിലെത്തുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി. പ്രതിഷേധക്കാരും ഒപ്പം മാധ്യമങ്ങളും സജ്ജം. ഫ്രീ ട്രാക്കിനടുത്തായിരുന്നു പ്രതിഷേധക്കാര്‍ കേന്ദ്രീകരിച്ചിരുന്നത്. ആറു വാഹനങ്ങളിലായെത്തിയ എന്‍.ഐ.എ. സംഘം പക്ഷേ, അപ്രതീക്ഷിതമായി എതിര്‍വശത്തെ ട്രാക്കിലൂടെ കടന്നുപോയി. മുന്‍കൂട്ടിയുള്ള നിര്‍ദേശപ്രകാരം ടോള്‍പ്ലാസ അധികൃതര്‍ എതിര്‍വശത്തെ ട്രാക്ക് ഒഴിച്ചിട്ടതു കാത്തുനിന്നവര്‍ അറിഞ്ഞില്ല.
ഇതോടെ പ്രതിഷേധക്കാര്‍ ടോള്‍ പ്ലാസയിലേക്കു പാഞ്ഞുകയറി. പോലീസ് നിയന്ത്രിച്ചതിനാല്‍ സംഘര്‍ഷമുണ്ടായില്ല. ആലുവയില്‍ മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് എന്‍.ഐ.എ. സംഘം പ്രതികളുമായി താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി നീങ്ങി. പിന്തുടരാന്‍ അനുവദിക്കാതെ പുളിഞ്ചോട് കവലയില്‍ മാധ്യമങ്ങളെ പോലീസ് തടഞ്ഞു. പ്രതികളുടെ കോവിഡ് പരിശോധന ഒരു മണിക്കൂറിലേറെ നീണ്ടു.
ഈ സമയം കൊച്ചി ഗിരിനഗറിലുള്ള എന്‍.ഐ.എ. ഓഫീസിനു മുന്നില്‍ ബി.ജെ.പി- യുവമോര്‍ച്ച പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസുകാരും തടിച്ചുകൂടിയിരുന്നു. പ്രതികളെ പിടികൂടിയ എന്‍.ഐ.എക്ക് അഭിവാദ്യമര്‍പ്പിക്കാനാണു യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസും.
എന്‍.ഐ.എ. ഓഫീസില്‍ സ്‌പെഷല്‍ പ്രോസിക്യുട്ടര്‍ അര്‍ജുനും മറ്റ് ഉദ്യോഗസ്ഥരും കാത്തുനിന്നിരുന്നു. 2.30ന് എന്‍.ഐ.എ. ഓഫീസിലെത്തിയ വാഹനങ്ങള്‍ക്കുനേരേ ബാരിക്കേഡ് മറികടന്നു ചാടിവീണ പ്രതിഷേധക്കാരെ പോലീസ് ലാത്തി വീശി ഓടിച്ചു. എന്‍.ഐ.എ. ഓഫീസില്‍ ഒന്നരമണിക്കൂറോളം നീണ്ട നടപടിക്രമങ്ങള്‍ക്കുശേഷം നാലോടെ പ്രതികളുമായി അന്വേഷണസംഘം കലൂരിലെ എന്‍.ഐ.എ. കോടതിയിലേക്ക്. ദേശീയശ്രദ്ധയാകര്‍ഷിച്ച കേസിലെ പ്രതികളുമായുള്ള യാത്രയ്ക്കു സുരക്ഷയൊരുക്കാന്‍ ദേശീയപാതയിലെ പ്രധാന ജങ്ഷനുകളിലെല്ലാം കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നു. സുഗമസഞ്ചാരത്തിനു പ്രധാന ജങ്ഷനുകളില്‍ സിഗ്‌നല്‍ ഓഫാക്കി ഗതാഗത നിയന്ത്രണം പോലീസ് ഏറ്റെടുത്തു. ചരക്ക് വാഹനങ്ങള്‍ ഇടതുവശം ചേര്‍ന്നുപോകാനും നിര്‍ദ്ദേശം നല്‍കി.
from mangalam.com https://ift.tt/2Wf2bDN
via IFTTT
No comments:
Post a Comment