അവളെ ആരും വേദനിപ്പിച്ചില്ലെന്ന് മാത്രം അറിഞ്ഞാല്‍ മതി...; ഞാന്‍ എത്ര വേണമെങ്കിലും കാത്തിരിക്കാം' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 30, 2020

അവളെ ആരും വേദനിപ്പിച്ചില്ലെന്ന് മാത്രം അറിഞ്ഞാല്‍ മതി...; ഞാന്‍ എത്ര വേണമെങ്കിലും കാത്തിരിക്കാം'

അവളെ ആരും വേദനിപ്പിച്ചില്ലെന്ന് മാത്രം അറിഞ്ഞാല്‍ മതി... ഞാന്‍ എത്ര വേണമെങ്കിലും കാത്തിരിക്കാം'... വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ തനിക്കരുകില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഭാര്യയെ തിരിച്ചുകിട്ടാന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീനാഥ് (24).

ഭാര്യയെ അവളുടെ പിതാവ് കൊന്നിട്ടുണ്ടാകുമെന്നു കോലഞ്ചേരിയില്‍ നിന്നെത്തിയ അയല്‍വാസികളില്‍ ഒരാള്‍ പറഞ്ഞതോടെ ആകെ ഭീതിയിലാണ്. ഇതോടെ ഭാര്യയെ കണ്ടെത്തിത്തരണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്ത ശേഷമാണ് കാത്തിരിപ്പ്.

ബെംഗളൂരുവില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ നാലു വര്‍ഷം മുമ്പാണ് ബിഎഎംസ് വിദ്യാര്‍ഥിനിയും കോലഞ്ചേരി വടയമ്പാടി സ്വദേശിനിയുമായ ശിവകാമിയുമായി പ്രണയത്തിലാകുന്നത്. വീട്ടില്‍ വിവാഹാലോചനകള്‍ ശക്തമായതോടെ തന്നെ കൂട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി നിര്‍ബന്ധിച്ചതായി ശ്രീനാഥ് പറയുന്നു. അങ്ങനെ നാട്ടിലെത്തി ക്വാറന്റീന്‍ കാലം പൂര്‍ത്തിയാക്കിയ ശേഷം ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ജൂലൈ ഏഴിന് പെണ്‍കുട്ടി വീട്ടില്‍ നിന്ന് ശ്രീനാഥിനൊപ്പം ഇറങ്ങി അമ്പലപ്പുഴയില്‍ ദേവീക്ഷേത്രത്തിലെത്തി വിവാഹം നടത്തി. മാതാപിതാക്കള്‍ വിഷമിക്കാതിരിക്കാന്‍ ശിവകാമിയെ കൊണ്ടു തന്നെ വീട്ടിലേക്കു വിളിപ്പിച്ചു. സ്‌നേഹത്തോടെ പെരുമാറിയ വീട്ടുകാര്‍ സ്ഥലവും വീടുമെല്ലാം ചോദിച്ചറിഞ്ഞ് വൈകിട്ടോടെ അമ്പലപ്പുഴയിലെ വീട്ടിലെത്തി. അനുനയിപ്പിച്ച് പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി തയാറായില്ല. ഇതോടെ ബലമായി കൊണ്ടുപോകാനായി ശ്രമം. നാട്ടുകാരും മറ്റും ഇടപെട്ടതിനാല്‍ കൊണ്ടുപോയില്ല.

ഇതിനിടെ പെണ്‍കുട്ടിയെ, കാണാനില്ലെന്നു കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. പൊലീസ് സ്റ്റേഷനിലും പരാതി നല്‍കി. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പൊലീസ് വിളിച്ചതനുസരിച്ചാണു യുവതിയുമായി യുവാവ് കോലഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തുന്നത്. മിസിങ് കേസ് ഫയല്‍ ചെയ്തിരുന്നതിനാല്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കേണ്ടി വന്നു.

കോലഞ്ചേരി കോടതിയിലെത്തിച്ച് പെണ്‍കുട്ടിയോട് ആരുടെയൊപ്പം പോകണമെന്നു ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെയൊപ്പം എന്നായിരുന്നു മറുപടി. ഇതു കോടതി അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടു.

ശിവകാമിയുമായി കാറില്‍ കുറച്ചുദൂരം എത്തിയപ്പോഴേക്കും നാലു കാറുകളിലായി പിന്തുടര്‍ന്നെത്തിയ ഗുണ്ടാസംഘം ഇവരെ തടഞ്ഞു. ആളുകളും സിസിടിവിയും ഇല്ലാത്ത സ്ഥലം നോക്കി വാഹനം തടയുകയായിരുന്നെന്ന് ശ്രീനാഥ് പറയുന്നു. തന്നെ കാറില്‍ നിന്ന് വലിച്ചിറക്കി, ഒപ്പമുണ്ടായിരുന്നവരെ മര്‍ദിച്ചു. തര്‍ക്കത്തിനിടെ ഭാര്യയെ വലിച്ചിറക്കി മറ്റൊരു കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. സ്റ്റേഷനിലെത്തി പരാതി നല്‍കുമ്പോള്‍ ഒരു ഫയല്‍ പൊലീസ് എടുത്തു കാണിച്ചു. 'ഇതെല്ലാം അയാള്‍ക്കെതിരെയുള്ള പരാതികളാണ്. ഗുണ്ടാപ്പിരിവു മുതല്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു വരെ പരാതിയുണ്ട്. നിങ്ങളും തന്നേക്കൂ, അന്വേഷിക്കാം' എന്നതായിരുന്നു പൊലീസിന്റെ പ്രതികരണം.

ഇതിനിടെ കഴിഞ്ഞ 23നാണ് കോലഞ്ചേരിയില്‍ നിന്നെത്തിയ ഒരാള്‍ 'മകളെ അയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടാകും' എന്ന് അറിയിക്കുന്നത്. ഇതോടെ ഭയന്ന് വീണ്ടും കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. ഹേബിയസ് കോര്‍പ്പസിന്റെ കാര്യം സംസാരിച്ചപ്പോള്‍ വക്കീല്‍ ഉഴപ്പുകയാണെന്നു തോന്നി.
ഒരാളെ കാണാതായെന്ന പരാതിയില്‍ രണ്ടാഴ്ചയായിട്ടും കോടതി ഹിയറിങ് വച്ചില്ലെന്നതാണ് അങ്ങനെയൊരു സംശയത്തിനു കാരണം. മറ്റൊരു അഭിഭാഷകനു വക്കാലത്ത് നല്‍കി. പൊലീസ് സ്റ്റേഷനിലും മറ്റും നടത്തിയ അന്വേഷണത്തില്‍, പെണ്‍കുട്ടിക്ക് ഇതുവരെ അപായം സംഭവിച്ചതായി അറിവില്ല. ആ വിശ്വാസത്തിലാണു താനിപ്പോഴുള്ളതെന്നും ശ്രീനാഥ് പറയുന്നു. ഒരു കാരണവശാലും തനിക്ക് ശിവകാമിയെ നല്‍കില്ലെന്ന വാശിയിലാണു അവളുടെ പിതാവ്. അവളെ വേറെ വിവാഹം കഴിപ്പിക്കാനാണു ശ്രമം.

ഹിന്ദു മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിഞ്ഞതിനാല്‍ അവള്‍ എന്റെ ഭാര്യ തന്നെയാണ്. എത്രയും പെട്ടെന്ന് കോടതി ഇടപെട്ട് ഭാര്യയെ തന്നോടൊപ്പം അയയ്ക്കണമെന്നാണ് ശ്രീനാഥിന്റെ ആവശ്യം. ഈ സമയം കൊണ്ട് മനസ്സ് മാറ്റി അവളെ തന്നില്‍നിന്ന് അകറ്റാനാണ് ശ്രമമെങ്കില്‍ അത് അവള്‍ തന്നെ നേരിട്ടു പറയണം. അവള്‍ എവിടെ ആയിരുന്നാലും ആരും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനോടെ ഉണ്ടെന്നും അറിഞ്ഞാല്‍ മതി. എത്ര കാലം വേണമെങ്കിലും അവള്‍ക്കായി കാത്തിരിക്കാന്‍ തയാറാണെന്നും ശ്രീനാഥ് പറയുന്നു.



from mangalam.com https://ift.tt/2Pa8apz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages