തിരുവനന്തപുരം: ഇ-ബസ് നിർമാണത്തിനായി സ്വിസ് കമ്പനിയായ ഹെസിന് കരാർ നൽകിയിട്ടില്ലെന്ന് സർക്കാർ വാദിക്കുമ്പോഴും, ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ അവർ പങ്കെടുത്തതിന് തെളിവ്. കരാർ ഉറപ്പിച്ചശേഷമാണ് പദ്ധതിരേഖ തയ്യാറാക്കാൻ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ കൺസൾട്ടന്റായി നിയമിച്ചതെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഫെബ്രുവരി 17-നാണ് ഇലക്ട്രിക് ബസ് നിർമാണപദ്ധതിയെക്കുറിച്ച് ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. ഹെസിന്റെ പ്രതിനിധിയായി അലക്സ് എന്നയാളാണ് പങ്കെടുത്തതെന്നാണ് രേഖകളിലുള്ളത്. ഇ-ബസ് നിർമാണപദ്ധതിക്ക് ഹെസ് തുടക്കംമുതലേ സർക്കാരുമായി സഹകരിക്കുന്നുണ്ടെന്നാണ് ഗതാഗതസെക്രട്ടറി ഈ യോഗത്തിൽ വിശദീകരിച്ചത്. മാർച്ച് അവസാനത്തോടെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പദ്ധതിരേഖ സമർപ്പിക്കണമെന്നാണ് യോഗത്തിലുണ്ടായ തീരുമാനം. ഏപ്രിൽ അവസാനത്തോടെ കേരള ഹിന്ദുസ്ഥാൻ ഓട്ടോമൊബൈൽസ് ലിമിറ്റഡും ഹെസും തമ്മിൽ ധാരണപത്രം ഒപ്പുവെക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ഡി.പി.ആർ. പോലുമില്ലാതെയും നടത്തിപ്പിനുള്ള പണം എവിടെനിന്നെന്ന് വിശദീകരിക്കാതെയും കരാറുമായി മുന്നോട്ടുപോകുന്ന ഗതാഗതവകുപ്പിന്റെ നീക്കത്തെ ധനവകുപ്പും മന്ത്രി തോമസ് ഐസക്കും ചീഫ് സെക്രട്ടറിയും എതിർത്തിരുന്നു. ഇത് മറികടക്കാനാണ് മുഖ്യമന്ത്രി നേരിട്ട് യോഗംവിളിച്ച് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ ഡി.പി.ആർ. തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്. ഇതിനുശേഷമാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. അതിലും ഹെസ് പ്രതിനിധികൾ പങ്കെടുത്തത് അവരുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 3000 ഇലക്ട്രിക് ബസ് നിർമാണത്തിനാണ് സർക്കാർ തീരുമാനിച്ചത്. ഒരു ബസിന് രണ്ടുകോടിയോളം ചെലവുവരുമെന്നാണ് ഹെസ് നൽകിയ കണക്ക്. ഈ ബസുകൾ കെ.എസ്.ആർ.ടി.സി.യെക്കൊണ്ട് വാങ്ങിപ്പിക്കാമെന്നാണ് ഗതാഗതവകുപ്പ് സ്വിസ് കമ്പനിക്ക് നൽകിയ ഉറപ്പ്. ഇവ ഓടിക്കുമ്പോൾ ഒരുവർഷം കെ.എസ്.ആർ.ടി.സി.ക്ക് വരുന്ന 540 കോടിയുടെ നഷ്ടം നികത്താൻ സർക്കാർ പണം നൽകണമെന്നുമാണ് വകുപ്പ് നിർദേശം. ഇതൊക്കെ അംഗീകരിച്ചാണ് സ്വിസ് കമ്പനിയുമായി ധാരണയുണ്ടാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/31MdQNR
via
IFTTT
No comments:
Post a Comment