തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ മികച്ച പ്രതിച്ഛായയില്‍ നില്‍ക്കുന്ന വേളയില്‍ സ്വര്‍ണം കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനു നേരേ ഉയര്‍ന്ന ആരോപണത്തില്‍ കരുതലോടെ നീങ്ങാന്‍ ഇടതുമുന്നണി നീക്കം. ഇടതുമുന്നണി ഭരണത്തുടര്‍ച്ച നേടുമെന്നുവരെ പ്രചരിക്കപ്പെട്ട സാഹചര്യത്തില്‍ വീണുകിട്ടിയ അവസരം നേട്ടമാക്കാന്‍ യു.ഡി.എഫും ബി.ജെ.പിയും ശ്രമം തുടങ്ങി. പല വിഷയങ്ങളിലും സി.പി.എമ്മിനോടു കടുത്ത നീരസമുണ്ടെങ്കിലും മുന്നണിയെ ദുര്‍ബലമാക്കുന്ന നിലപാട് വേണ്ടെന്നാണു സി.പി.ഐ. തീരുമാനം.
ഇതുവരെ ഓരോ ആരോപണത്തെയും വര്‍ധിതവീര്യത്തോടെ നേരിട്ട ഇ ടതുമുന്നണിക്ക് ഇത് വല്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേ തന്നെ ആരോപണം ഉയര്‍ന്നുവന്നത് മുന്നണിക്കുള്ളില്‍ വല്ലാത്ത അസ്വസ്ഥത ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന സമയത്ത് ഇത് വളരെ ജാഗ്രതയോടെ െകെകാര്യം ചെയ്യാനാണ് മുന്നണി നേതൃത്വത്തിന്റെ നീക്കം.
കേരളാ കോണ്‍ഗ്രസ് (എം) ജോസ്പക്ഷത്തിന്റെ മുന്നണി പ്രവേശനത്തെച്ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന സി.പി.ഐക്ക് ഇതു കൂടിയായതോടെ സി.പി.എമ്മിനോടുള്ള നീരസം ഇരട്ടിയായി. ഇതേ വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനും പിന്നാലെ പിണറായി വിജയനും സി.പി.ഐയെ കടന്നാക്രമിച്ചതിനു പിന്നാലെയാണു സ്വര്‍ണക്കടത്ത് വിവാദമുണ്ടായത്.
സ്പ്രിങ്‌ളര്‍ വിവാദം വന്നപ്പോള്‍ എം. ശിവശങ്കരനെ മാറ്റണമെന്നു സി.പി.ഐ. നേതാക്കള്‍ കോടിയേരിയോട് ആവശ്യപ്പെട്ടെങ്കിലും നിരസിക്കപ്പെട്ടു. സി.പി.എം. നിലപാട് തിരിച്ചടിച്ചെന്ന് അഭിപ്രായമുണ്ടെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന ഒരു പ്രവൃത്തിയും ഉണ്ടാകില്ലെന്നാണ് സി.പി.ഐ. വൃത്തങ്ങള്‍ പറയുന്നത്.
വിവാദത്തില്‍ അതൃപ്തിയുണ്ടെന്നു ജനയുഗത്തിലെ മുഖപ്രസംഗത്തിലൂടെ പറഞ്ഞതിനൊപ്പം, മുഖ്യമന്ത്രിയും സര്‍ക്കാരും സ്വീകരിച്ച നടപടികളെ പ്രശംസിച്ചത് ഇതിന്റെ ഭാഗമായാണ്. സര്‍ക്കാരിനെയും ഇടതുമുന്നണിയേയും പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയും വേണ്ടെന്നാണ് തീരുമാനം. അതേസമയം അതൃപ്തി മുന്നണിയിലും അതോടൊപ്പം സി.പി.എമ്മിനോടും അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കി കടന്നാക്രമിക്കാനാണു യു.ഡി.എഫ്. തീരുമാനം. ഇക്കാര്യത്തില്‍ യു.ഡി.എഫിനു ബി.ജെ.പിയെ കടത്തിവെട്ടുകയും വേണം! മുഖ്യമന്ത്രിയുടെ വിശദീകരണം പാടേ തള്ളി പ്രതിപക്ഷനേതാവ് ശക്തമായി രംഗത്തുവന്നത് ഇതിനു വേണ്ടിയാണ്.
അതേസമയം, കിട്ടിയ അവസരം പരമാവധി ഉപയോഗിക്കാനാണ് ബി.ജെ.പിയുടെയും നീക്കം. ശക്തമായ പ്രതിഷേധപരിപാടികള്‍ നടത്തുന്നതിനൊപ്പം തന്നെ കേന്ദ്രസര്‍ക്കാരിനെ ഉപയോഗിച്ചും സംസ്ഥാന സര്‍ക്കാരിനെയും ഇടതുമുന്നണിയേയൂം പ്രതിരോധത്തിലാക്കാനാണ് അവരുടെ ശ്രമം. കോവിഡിനെയും അവഗണിച്ച് രാഷ്ട്രീയപ്പോര് തെരുവിലേക്കിറങ്ങുകയാണ്.
from mangalam.com https://ift.tt/2ObzvqI
via IFTTT
No comments:
Post a Comment