തിരുവനന്തപുരം: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾ, ക്വാറന്റീനിലുള്ളവർ, 65 വയസ്സ് കഴിഞ്ഞവർ എന്നിവർക്ക് തപാൽ, പ്രോക്സി വോട്ടുകൾ പരിഗണനയിൽ. ഇതിനായി തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാനാണ് ആലോചന. കോവിഡ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും തപാൽവോട്ടിന്റെ പരിധിയിൽപ്പെടുത്തി കേന്ദ്രം തിരഞ്ഞെടുപ്പുചട്ടം ഭേദഗതി ചെയ്തിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ആ വഴിയിൽ നേരത്തേ ആലോചന തുടങ്ങിയിരുന്നു. എന്നാൽ, അടുത്ത ബന്ധുക്കളെക്കൊണ്ട് വോട്ട് ചെയ്യിക്കാവുന്ന പ്രോക്സി സമ്പ്രദായം കോവിഡ് ബാധിതർക്കും മുതിർന്ന പൗരന്മാർക്കും നിരീക്ഷണത്തിലുള്ളവർക്കും കേന്ദ്രസർക്കാർ പരിഗണിച്ചില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം, 65 വയസ്സ് കഴിഞ്ഞവർക്ക് വീടുകളിൽനിന്ന് പുറത്തിറങ്ങാൻ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഇവർക്കും തപാൽ വോട്ടിന് അവസരമൊരുക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ, കേരളം തപാൽവോട്ടും പ്രോക്സിയും ഉൾപ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാനാണ് ആലോചിക്കുന്നത്. വോട്ടറുടെ ഭാര്യ, ഭർത്താവ്, മക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കളെയാണ് പ്രോക്സി വോട്ടിന് പരിഗണിക്കുക. വോട്ടർ ചുമതലപ്പെടുത്തുന്നയാൾക്ക് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ അധികാരപത്രം നൽകണം. ഇതിന്റെ മാതൃക കമ്മിഷൻ തയ്യാറാക്കി നൽകും. പോളിങ് ഉദ്യോഗസ്ഥർക്കും തപാൽവോട്ടിനൊപ്പം പ്രോക്സി വോട്ടും പരിഗണിക്കുന്നുണ്ട്. തപാൽ, പ്രോക്സി വോട്ട് ഏർപ്പെടുത്തുന്നതു സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ പറഞ്ഞു. കേരളത്തിലെ സ്ഥിതി ഓഗസ്റ്റിലും നവംബറിലും കോവിഡ് രോഗികൾ കൂടുമെന്നാണ് പഠനങ്ങളും കണക്കുകൂട്ടലുകളും. നവംബർ 12-നകം തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേൽക്കണമെന്നതിനാൽ തിരഞ്ഞെടുപ്പ് നീട്ടാനാവില്ല. തിരഞ്ഞെടുപ്പ് നീട്ടുന്നതിനോട് സർക്കാരിനോ സി.പി.എമ്മിനോ താത്പര്യവുമില്ല. പ്രോട്ടോക്കോൾ ചർച്ച ഓഗസ്റ്റിൽ വോട്ടെടുപ്പിന് കോവിഡ് പ്രോട്ടോക്കോൾ നിശ്ചയിക്കാൻ ആരോഗ്യവിദഗ്ധരുമായി ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തും. പോളിങ് ബൂത്തുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതിനാൽ വോട്ടെടുപ്പിന് കൂടുതൽസമയം ആവശ്യമാണ്. അതിനാൽ പോളിങ് സമയം ഒരുമണിക്കൂർ നീട്ടുന്നതും കമ്മിഷന്റെ പരിഗണനയിലാണ്. Content Highlights: Kerala is considering postal and proxy votes for coronavirus patients, people over 65
from mathrubhumi.latestnews.rssfeed https://ift.tt/38oV4gW
via
IFTTT
No comments:
Post a Comment