ന്യൂഡൽഹി: പതിനൊന്നായിരം അടി ഉയരം. സാന്ദ്രത കുറഞ്ഞ അന്തരീക്ഷം. വരണ്ട കാറ്റും കത്തുന്ന സൂര്യനിൽനിന്ന് പ്രസരിക്കുന്ന അൾട്രാവയലറ്റ് രശ്മികളും. തണുത്തുറഞ്ഞ ലഡാക്കിലെ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ചെറുപ്പക്കാർക്കുപോലും കുറഞ്ഞത് രണ്ടുദിവസം വേണ്ടിവരും. 69-കാരനായ ഇന്ത്യയുടെ പ്രധാനമന്ത്രി ഈ വെല്ലുവിളികളെയെല്ലാം നിഷ്‌പ്രയാസം അതിജീവിച്ചാണ് ലേയിലും പിന്നീട് 45 കിലോമീറ്റർ അകലെയുള്ള നിമുവിലും എത്തി ഏതാണ്ടൊരു പകൽ ചെലവഴിച്ചത്. 14-ാം കോറിന്റെ ആസ്ഥാനത്ത് സൈനിക വേഷത്തിലാണ് ജവാന്മാരോട് സംസാരിച്ചത്. ഈ ആവേശത്തെ മുന്നിലിരുന്ന ജവാന്മാർ ഭാരത് മാതാ കീ ജയ് വിളികളോടെ സ്വീകരിക്കുമ്പോൾ, ഒട്ടേറെ സന്ദേശം ഒരേ സമയം നൽകുകയായിരുന്നു പ്രധാനമന്ത്രി. ചൈനയ്‌ക്കൊപ്പം ലോകത്തിനും രാജ്യത്തിനും സൈനികർക്കും.രാഷ്ട്രീയമായ എതിർപ്പുകൾ പ്രകടിപ്പിക്കുന്നവർക്കൊഴികെ, രാജ്യത്തെ എല്ലാവർക്കും ഉത്തേജനം പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനം. അതിർത്തിയിലെ ഒരിഞ്ചു സ്ഥലംപോലും ശത്രുവിനു നൽകില്ലെന്ന് ചൈനയ്ക്ക് കൃത്യമായ സന്ദേശം നൽകുന്നതിനൊപ്പം ലഡാക്കിലെ ജനങ്ങൾക്കും അധികാരികൾക്കും ഉറപ്പും ധൈര്യവും നൽകുക കൂടിയായിരുന്നു പ്രധാനമന്ത്രി. ഏതു സാഹചര്യത്തിലും കണ്ണിമചിമ്മാതെ അവസാനംവരെ പോരാടുമെന്ന് ജവാന്മാർ പ്രതിജ്ഞയെടുത്ത് പ്രധാനമന്ത്രിയെ പറഞ്ഞയച്ചതും ഇതോടു ചേർത്തു വായിക്കണം. ഇന്ത്യൻ സൈനികർ ശത്രുവിന്റെ സ്ഥലത്ത് കടന്നുകയറില്ലെന്ന് ഉറപ്പുപറയുന്ന പ്രധാനമന്ത്രി ശത്രുവിന്റെ കടന്നുകയറ്റത്തെ വെച്ചുപൊറുപ്പിക്കരുതെന്ന സന്ദേശം സൈന്യത്തിനും നൽകി.അതിർത്തിയിൽ കടന്നുകയറിയ സ്ഥലങ്ങളിൽനിന്ന് പീപ്പിൾസ് ലിബറേഷൻ ആർമി വേഗത്തിൽ തിരിച്ചിറങ്ങണമെന്ന സന്ദേശം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനു നൽകിയ മോദി, അല്ലെങ്കിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതു പോലുള്ള തിരിച്ചടികൾ കിട്ടുമെന്ന കൃത്യമായ സൂചനയും നൽകി. ഇന്ത്യയും ചൈനയും സൈനിക-നയതന്ത്ര മാർഗങ്ങളിലൂടെ സ്ഥിതിഗതികൾ തണുപ്പിക്കുന്നതിനുള്ള ആശയവിനിമയത്തിലും ചർച്ചകളിലുമാണെന്നും ഈ ഘട്ടത്തിൽ സ്ഥിതിഗതികൾ വഷളാക്കുന്ന പ്രവർത്തനങ്ങളിൽ ആരും ഏർപ്പെടരുതെന്നുമുള്ള ചൈനീസ് വിദേശ കാര്യമന്ത്രാലത്തിന്റെ പ്രസ്താവന പ്രധാനമന്ത്രിയുടെ സന്ദർശനം അവരിൽ ഏറ്റു എന്നതിന്റെ സൂചനയാണു നൽകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2NRUi2q
via
IFTTT
No comments:
Post a Comment