കൊച്ചി: കത്തിച്ചുവച്ച നിലവിളക്കിന് മുന്നിലെ ലാപ്‌ടോപ്പ് സ്‌ക്രീനിൽ തെളിയുന്ന ഫെയ്‌സ്ബുക്ക് പേജ്... വീടിന്റെ ഹാളിൽ പായവിരിച്ച്, അതിന് മുന്നിലായി രണ്ട് വാഴയിലയിൽ അരിയും എള്ളും പൂവും ചന്ദനവും ദർഭയും തുളസിയിലയും ഒരുക്കിയിട്ടുണ്ട്... സമയം എട്ടാകാനുള്ള കാത്തിരിപ്പിലാണ് പാലാരിവട്ടം സൗത്ത് ജനതാ റോഡ് ‘അഭിലാഷി’ലെ കുടുംബാംഗങ്ങൾ. കൃത്യം എട്ടിന് തന്നെ ഫെയ്‌സ്ബുക്ക് ലൈവിൽ നിന്ന് കാർമികന്റെ നിർദേശങ്ങൾ കേട്ടുതുടങ്ങി. കാർമികൻ ചൊല്ലിക്കൊടുത്തവ ഉരുവിട്ട്, കെ.എ.എസ്. പണിക്കരും ഭാര്യ സരളയും മകൻ അഭിഷേകും കർമങ്ങൾ തുടങ്ങി... എള്ള്, തുളസിയില, ചന്ദനം എന്നിവ കൂട്ടിയെടുത്ത് നെഞ്ചോട് ചേർത്ത്, പിതൃക്കളെ മനസ്സിൽ വിചാരിച്ച് ഇലയിലേക്ക് സമർപ്പിച്ച്, ശേഷം പിണ്ഡമൊരുക്കി വെള്ളം തളിച്ച് കണ്ണുകളടച്ച് പ്രാർത്ഥനയോടെ അവർ ഇരുന്നു. തുടർന്ന് കാർമികൻ പറഞ്ഞുകൊടുത്തതനുസരിച്ച് തുളസിയിലയെടുത്ത് കൈകൾ കൂപ്പി വടക്കോട്ട് തിരിഞ്ഞ് പ്രാർത്ഥിച്ച്, മൂന്നുവട്ടം പ്രദക്ഷിണം വച്ചു. 20 മിനിറ്റുമാത്രം നീണ്ടുനിന്ന ഫെയ്‌സ്ബുക്ക് ലൈവിലെ കർമങ്ങൾക്കു ശേഷം, ഇലയിലെ പണ്ഡവുമായി മൂന്നുപേരും വീടിന്റെ ടെറസിൽ കൊണ്ടുപോയി പിതൃക്കൾക്കായി ബലിതർപ്പണം നടത്തി. യൂട്യൂബ് ചാനലുകളുടെ സഹായത്തോടെ വീടുകളിലാണ് ഇത്തവണ ഭൂരിഭാഗം പേരും ബലിതർപ്പണം നടത്തിയത്. വീടിന്റെ മുറ്റത്തും ടെറസിലുമായാണ് ഇവർ പിതൃക്കൾക്കുള്ള ബലിതർപ്പണം നടത്തിയത്. ചില ഫ്ലാറ്റുകളിലെ താമസക്കാരും ബലിതർപ്പണ ചടങ്ങുകളിൽ പങ്കാളികളായി. ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകളിൽ കാർമികത്വം വഹിച്ചിരുന്നവർ ദിവസങ്ങൾക്ക് മുൻപുതന്നെ യൂട്യൂബിൽ, ചെയ്യേണ്ട രീതികളെ കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഫെയ്‌സ്ബുക്ക് ലൈവിലൂടെയും കർമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു. പതിവായി ബലിതർപ്പണ ചടങ്ങുകൾ നടന്നിരുന്ന ക്ഷേത്രങ്ങളിൽ ഇത്തവണ പിതൃപൂജകൾ മാത്രമാണ് നടന്നത്. ചുരുക്കം ചിലർ ക്ഷേത്രങ്ങളിൽ എത്തുകയും ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2OKlAZ3
via
IFTTT
No comments:
Post a Comment