തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെയും സരിത്തിന്റെയും തലസ്ഥാനത്തെ ബന്ധങ്ങൾ തലനാരിഴ കീറി അന്വേഷിച്ച് എൻ.ഐ.എ. സംഘം. ഫോൺവിളികൾ, സൗഹൃദങ്ങൾ, ബിസിനസ് ഇടപാടുകൾ, രാത്രി പാർട്ടികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സംഘം തലസ്ഥാനത്ത് ക്യാമ്പുചെയ്യുന്നുണ്ട്.സ്വപ്നയുടെ കുടുംബാംഗങ്ങളെയും അകന്ന ബന്ധുക്കളെയും സമീപിച്ച് വിവരങ്ങൾ ശേഖരിച്ചു. സ്വപ്നയുടെ സഹോദരന്റെ വിവാഹം, വിവാഹത്തിനുശേഷം നടന്ന പാർട്ടി, ഇതിനിടെയുണ്ടായ സംഘർഷം എന്നിവയെക്കുറിച്ചെല്ലാം അന്വേഷണം നടക്കുന്നുണ്ട്. ഇവയുടെ വീഡിയോദൃശ്യങ്ങൾ ശേഖരിച്ചു. സ്വർണക്കടത്തുമായി ബന്ധമുള്ളവർ ഈ ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും തിരയുന്നുണ്ട്. സ്വപ്ന ജോലിചെയ്തിരുന്ന സ്‌പേസ് പാർക്കിലെ വിവരങ്ങളും സംഘം ശേഖരിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥർ ഉൾപ്പെടെ വിപുലമായ സൗഹൃദമാണ് സ്വപ്നയ്ക്കുള്ളത്. കോൺസുലേറ്റിൽ ജോലിചെയ്തിരുന്ന സമയത്താണ് ഈ സൗഹൃദങ്ങൾ ബലപ്പെട്ടത്. ഈ ബന്ധങ്ങൾ സ്വർണക്കടത്തിനുവേണ്ടി സ്വപ്ന ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം. സ്വപ്ന ആവശ്യപ്പെട്ടപ്രകാരം ഉദ്യോഗസ്ഥർ പല സ്ഥലത്തും ശുപാർശകൾ നടത്തിയിട്ടുണ്ട്. മുൻ ഐ.ടി. സെക്രട്ടറി ശിവശങ്കറുമായുള്ള കൂടിക്കാഴ്ചകൾ, യാത്രകൾ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ട്. ആരോപണവിധേയരായവരെ ചോദ്യംചെയ്യുന്നതിനുമുമ്പ് തെളിവുകൾ പൂർണമായും ശേഖരിക്കുകയാണ് ലക്ഷ്യം.എയർഇന്ത്യാ സാറ്റ്‌സിൽ ജോലിചെയ്ത സമയത്ത് സ്വപ്നയ്ക്ക് ഒപ്പമുണ്ടായിരുന്നവരെയും അന്വേഷണസംഘം സമീപിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിലാണ് സ്വപ്ന മേലുദ്യോഗസ്ഥന്റെ പേരിൽ വ്യാജപരാതി നൽകിയത്. സ്വർണക്കടത്തിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്നു പറഞ്ഞ് മുൻകാല സഹപ്രവർത്തക മെറിൻ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സ്വപ്നയുടെ പുതിയ വീട് നിർമിക്കാൻ കരാർ ഏറ്റെടുത്തവരിൽനിന്നും വിവരം ശേഖരിച്ചു. നഗരസഭയിൽനിന്നും രജിസ്‌ട്രേഷൻ വകുപ്പിൽനിന്നുള്ള വിവരങ്ങളും എടുത്തു. സ്വർണക്കടത്തിലെ പങ്കാളികൾ, സാമ്പത്തിക നിക്ഷേപങ്ങൾ എന്നിവയാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3frhfWz
via
IFTTT
No comments:
Post a Comment