കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അന്വേഷണം ഏറ്റെടുത്ത എൻ.ഐ.എ. സംഭവത്തിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പങ്കും അന്വേഷിക്കുന്നു. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വർണം കടത്തിയവർക്കു ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം.യു.എ.ഇ. കോൺസുലേറ്റിന്റെ പേരിലെത്തിയ ബാഗേജിൽ സ്വർണംകടത്താൻ സംഘത്തെ ഉപയോഗിച്ചതിനു പിന്നിൽ തീവ്രവാദസംഘടനകൾക്കു പങ്കുണ്ടെങ്കിൽ അതു രാജ്യസുരക്ഷയ്ക്കു വൻ ഭീഷണിയാണെന്ന വിലയിരുത്തലാണ് എൻ.ഐ.എ.ക്ക്. കേരളത്തിൽ ഇതിനുമുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതിൽ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. അഫ്ഗാനിസ്‌താനിലെ കാബൂൾ സർവകലാശാല കേന്ദ്രീകരിച്ച് ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ആശയപ്രചാരണം നടത്തി ഓൺലൈൻ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി അന്താരാഷ്ട്ര രഹസ്യ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽനിന്ന് അഫ്ഗാനിലേക്കു പോയി കാണാതായ മലയാളികളിൽ ചിലരും ഇത്തരം ഓൺലൈൻ റിക്രൂട്ട്‌മെന്റിൽ ഉൾപ്പെട്ടതായി സൂചനയുണ്ട്.ഏതു പ്രദേശത്തായാലും സംഘടനയുടെ പ്രവർത്തനത്തിനുവേണ്ട പണം അതാതിടങ്ങളിലെ സാഹചര്യങ്ങളിലൂടെ രൂപപ്പെടുത്തണമെന്നും ഓൺലൈൻ റിക്രൂട്ട്‌മെന്റിൽ നിർദേശിച്ചിരുന്നു. കേരളത്തിലെ പ്രവർത്തനത്തിനായി സ്വർണക്കടത്തിന്റെ സാധ്യതകളും ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് എൻ.ഐ.എ. കരുതുന്നത്. തിരുവനന്തപുരത്തെ സ്വർണക്കടത്തുകാർക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എൻ.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണു കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സ്വർണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോൾ എൻ.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിൽ എൻ.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. തമിഴ്‌നാട് പോലീസ് വർഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീൻ ഉൾപ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽനിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു. ഇവരുടെ റിക്രൂട്ട്‌മെന്റ് പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എൻ.ഐ.എ. കരുതുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2CrC8SF
via
IFTTT
No comments:
Post a Comment