തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനും കുടുംബത്തിനും നേരേ തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉയരുന്നതിനെ ച്ചൊല്ലി സി.പി.എം. നേതൃനിരയില്‍ അസ്വസ്ഥത പുകയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്റെ തിളക്കം കൂട്ടിയതിനു പിന്നാലെയുണ്ടായ ആരോപണങ്ങള്‍ തുടര്‍ഭരണ സാധ്യതയ്ക്കു പോലും മങ്ങലുണ്ടാക്കുന്നെന്ന് അഭിപ്രായമുള്ളവര്‍ സി.പി.എം. സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും വരെയുണ്ട്. ആദ്യ ആരോപണമുയര്‍ന്നതു മുതല്‍ മുഖ്യമന്ത്രിയും ഓഫീസും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നുവെന്നാണു നേതൃനിരയിലെ അടക്കംപറച്ചില്‍.
ശബരിമല യുവതീപ്രവേശനം, പ്രളയം എന്നിവ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനിടെയാണ് കോവിഡ് വ്യാപനത്തിനിടെ ആരോഗ്യ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനം വഴി സര്‍ക്കാരിന്റെ പ്രതിഛായ ഉയര്‍ന്നത്. എന്നാല്‍ തൊട്ടുപിന്നാലെ സ്പ്രിങ്‌ളര്‍ വിവാദമെത്തിയത് പാര്‍ട്ടിയെ പിടിച്ചുകുലുക്കി. വെറും രാഷ്ട്രീയാരോപണം എന്ന രീതിയില്‍ സി.പി.എം. ഇതിനെ പ്രതിരോധിക്കുന്നതിനിടെ കരാറില്‍നിന്നു പിന്‍വലിയേണ്ടിവന്നു. അപ്പോഴേക്കും ബെവ്‌കോ ആപ്പ്, പമ്പയിലെ മണല്‍ക്കടത്ത്, ഇ-മൊബിലിറ്റി പദ്ധതി എന്നിവയെല്ലാം വിവാദമായതോടെ പാര്‍ട്ടിയുടെ പ്രതിരോധം ദുര്‍ബലമായി.
ആരോപണങ്ങളുയര്‍ത്തി പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടെ സി.പി.ഐയുടെ ചില നിലപാടുകള്‍ സി.പി.എമ്മിനെ വിഷമവൃത്തത്തിലാക്കി. അതിനിടയിലാണ് കേരളാ കോണ്‍ഗസ് വിഷയത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്. സി.പി.ഐ. മന്ത്രിമാരെ നോക്കുകുത്തികളാക്കി വകുപ്പുകളില്‍ മുഖ്യമന്ത്രി െകെകടത്തുന്നുവെന്ന പരാതിയും സി.പി.ഐക്കുണ്ട്.
''രണ്ടാം മുഖ്യമന്ത്രി'' എന്നറിയപ്പെട്ടിരുന്ന എം. ശിവശങ്കറിനെ ഒഴിവാക്കണമെന്നു സ്പ്രിങ്‌ളര്‍ വിവാദം വന്നപ്പോള്‍ത്തന്നെ സി.പി.ഐ. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതു നടപ്പാകാന്‍ ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് വിവാദം വേണ്ടിവന്നു. സി.പി.ഐക്കു പിന്നാലെ സി.പി.എമ്മില്‍നിന്നും നിര്‍ദേശം വന്നതോടെയാണ് വിശ്വസ്തനായ ശിവശങ്കറിനെ െകെവിടാന്‍ മുഖ്യമന്ത്രി തയാറായത്. ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും പിന്നാലെ ഐ.ടി. വകുപ്പ് സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കേണ്ടിവന്നു. കോവിഡ് കാലം കഴിഞ്ഞ് സ്പ്രിങ്‌ളര്‍ വിവാദം പരിശോധിക്കാന്‍ സി.പി.എം. കേന്ദ്രനേതൃത്വം പരിഗണിക്കാനിരിക്കെയാണു സ്വര്‍ണക്കടത്ത് വിവാദം കത്തിപ്പിടിക്കുന്നത്.
മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ നല്‍കിയ മുന്നറിയിപ്പ് ഭരണത്തിന്റെ അഞ്ചാംവര്‍ഷം അദ്ദേഹത്തിനു അറംപറ്റുകയും ചെയ്തു. ''എന്റെ അടുത്ത ആളാണെന്നു പറഞ്ഞ് ചില അവതാരങ്ങള്‍ രംഗപ്രവേശം ചെയ്‌തേക്കാം. അതും അഴിമതിയാണ്. അത്തരം അവതാരങ്ങളെ കരുതിയിരിക്കണം'' എന്നായിരുന്നു ''ദീര്‍ഘവീക്ഷണ''ത്തോടെയുള്ള പിണറായിയുടെ വാക്കുകള്‍. അതു യാഥാര്‍ഥ്യമായതാകട്ടെ സര്‍ക്കാരിന്റെ അവസാനമാസങ്ങളിലും കോവിഡ് പ്രതിരോധമുള്‍പ്പെടെ ഇടതുസര്‍ക്കാരിന്റെ നേട്ടങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയതു മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങളായിരുന്നു.
പ്രതിപക്ഷം നേരത്തേ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍തന്നെ പ്രതിക്കൂട്ടിലായതോടെയാണ് ''അവതാരങ്ങള്‍'' മറനീക്കി പുറത്തുവന്നത്. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ തിളങ്ങിനില്‍ക്കവേയായിരുന്നു സ്പ്രിങ്‌ളര്‍ ആരോപണവും തുടര്‍ന്നുള്ള വിവാദവും. ആ ആരോപണത്തിന്റെയും കേന്ദ്രബിന്ദു ശിവശങ്കറായിരുന്നു. സ്പ്രിങ്‌ളര്‍ ആരോപണങ്ങളെ പ്രതിരോധിച്ചെങ്കിലും കരാര്‍ തന്റെ അറിവോടെയല്ലെന്ന് അന്നും മുഖ്യമന്ത്രി െകെമലര്‍ത്തിയിരുന്നു. എന്നാല്‍, വിശ്വസ്തനായ ശിവശങ്കറിനെ അദ്ദേഹം െകെയൊഴിഞ്ഞില്ല.
പിന്നീട്, ബെവ്‌കോ ആപ്പുമായി ബന്ധപ്പെട്ടും ശിവശങ്കര്‍ ആരോപണനിഴലിലായിരുന്നു. ആപ് തയാറാക്കാനുള്ള കമ്പനിയെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. അതും ആത്യന്തികമായി ലക്ഷ്യമിട്ടതു മുഖ്യമന്ത്രിയേയായിരുന്നു. അതിനെയെല്ലാം കവച്ചുവയ്ക്കുന്നതാണ് ഇപ്പോള്‍ ''നയതന്ത്ര'' സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം.
from mangalam.com https://ift.tt/3gDFqRS
via IFTTT
No comments:
Post a Comment