ന്യൂഡൽഹി: ''നമ്മുടെ പാർട്ടിയെക്കുറിച്ച് ആകുലനാണ്. ലായത്തിൽനിന്ന് കുതിരയെല്ലാം നഷ്ടമായാലേ നമ്മൾ ഉണരുകയുള്ളോ?'' -രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി യുവനേതാവായ സച്ചിൻ പൈലറ്റ് കലാപക്കൊടി ഉയർത്തിയപ്പോൾ മുതിർന്ന നേതാവ് കപിൽ സിബൽ ഉള്ളുനൊന്ത് പറഞ്ഞതാണിത്. ഈ വേദന ചെന്നുതറിക്കുന്നത് കോൺഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ ദൗർബല്യത്തിലും ഇച്ഛാശക്തിയില്ലായ്മയിലുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്കുശേഷം ഒരു വർഷം കഴിഞ്ഞിട്ടും ശക്തമായ നേതൃത്വത്തിന്റെ അഭാവം കാരണം പാർട്ടി കൂടുതൽ ദുർബലാവസ്ഥയിലേക്കാണ് നീങ്ങുന്നത്. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കു പിന്നാലെ, രാജസ്ഥാനിൽ സച്ചിൻ പൈലറ്റും പാർട്ടിയിൽനിന്ന് പുറത്തേക്കെന്ന അവസ്ഥയിലെത്തിനിൽക്കുന്നു- അതും സ്വന്തം നാടുകളിൽ മികച്ച ജനപിന്തുണയുള്ള രണ്ടു യുവനേതാക്കൾ. അനാരോഗ്യംമൂലം കഷ്ടപ്പെടുന്ന 73-കാരിയായ സോണിയാഗാന്ധിയാണ് കോൺഗ്രസ് താത്കാലികാധ്യക്ഷ. ചുറുചുറുക്കോടെയും ആവേശത്തോടെയും പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ അവർക്കിപ്പോഴാവുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ നാണംകെട്ട തകർച്ചയിൽ മനംനൊന്ത് സ്ഥാനമൊഴിഞ്ഞ രാഹുൽ ഗാന്ധിയാകട്ടെ, സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ ഇനിയും തയ്യാറായിട്ടുമില്ല. മുതിർന്ന നേതാക്കളും തന്റെ കൂടെ രാജിവെക്കുമെന്നും പാർട്ടിയിൽ ഒരു പുതിയ രീതി വാർത്തെടുക്കാമെന്നും വ്യാമോഹിച്ചായിരുന്നു രാഹുൽ കഴിഞ്ഞ വർഷം മേയ് 25-ന് രാജിവെച്ചത്. എന്നാൽ, ഒരു മുതിർന്ന നേതാവും ഒപ്പം ചേർന്നില്ല. മുതിർന്ന നേതാക്കളുടെ നിയന്ത്രണം പാർട്ടിയെ ദുർബലമാക്കുന്നു എന്ന വാദമുയർത്തിയാണ് രാഹുൽ ഇപ്പോഴും സ്ഥാനമേൽക്കാത്തത്. ഫലം, പാർട്ടിയിൽ ജനകീയ അടിത്തറയുള്ള ചെറുപ്പക്കാർ ഓരോന്നായി കൊഴിഞ്ഞുപോകുന്നു. രാഹുലിന്റെ തീരുമാനംപോലെ ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളെ കൊണ്ടുവരാൻ മുതിർന്ന കോൺഗ്രസ് നേതാക്കളൊന്നും തയ്യാറല്ല. അങ്ങനെവന്നാൽ പലരും പാർട്ടി വിടുമെന്നും സംസ്ഥാനങ്ങളിൽ പ്രദേശിക പാർട്ടികൾ രൂപവത്കരിക്കുമെന്നുമാണ് ഇവരുടെ വാദം. അതേസമയം, രാഹുൽ തിരിച്ചുവരുമെങ്കിലും ഇനി കോവിഡ് കാലം കഴിയാതെ അതുണ്ടാവില്ലെന്നാണ് സൂചന. Content Highlights:Congress Rajasthan
from mathrubhumi.latestnews.rssfeed https://ift.tt/2OkTpQa
via
IFTTT
No comments:
Post a Comment