തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്കു തലേന്ന് നടത്തിയ പത്രസമ്മേളനത്തിൽ പിണറായി വിജയൻ പറഞ്ഞ ഒരു വാചകം അന്ന് തലക്കെട്ടുകളായിരുന്നു - ‘അവതാരങ്ങളെ കരുതിയിരിക്കണം’. സോളാർ കേസിൽ ദുഷ്‌പേരുകേട്ട യു.ഡി.എഫ്. സർക്കാരിനുള്ള വിമർശനംകൂടിയായിരുന്നു അത്. ആ വാക്കുകൾ ഇന്ന് തിരിച്ചടിക്കുന്നതുപോലെയായി. അധികാര കേന്ദ്രങ്ങളുടെ ഇടനാഴിയിലെ പുതിയ അവതാരത്തിന്റെ ചെയ്തികളിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ പുറത്താക്കേണ്ടിവന്നു. ഈ അവസ്ഥ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്. ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ മാറ്റണമെന്ന ആവശ്യം സ്‌പ്രിംക്ളർ വിവാദമുയർന്നപ്പോൾ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിൽ ശക്തമായി ഉയർന്നിരുന്നു. നിയമവകുപ്പിനോടുപോലും ആലോചിക്കാതെ അന്താരാഷ്ട്ര കരാർ നൽകിയതായിരുന്നു ആ പ്രശ്നത്തെ ഗൗരവതരമാക്കിയത്. അന്ന് ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം ഹാജരാക്കി മുഖ്യമന്ത്രി ഇടപാടിനെ ന്യായീകരിച്ചു. തുടർന്ന്, ശിവശങ്കറിനെ മാറ്റണമെന്ന തീരുമാനം സംസ്ഥാനകമ്മിറ്റി ഒഴിവാക്കി. ഇ-ബസ് വാങ്ങാനുള്ള കരാർ വിവാദമായപ്പോൾ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ മറുപടി പറയുന്നതിൽനിന്ന് വിലക്കിയിരുന്നു. പകരം മുഖ്യമന്ത്രി തന്നെയാണ് കാര്യങ്ങൾ വിശദീകരിച്ചത്. ഇ-ബസ് ആരോപണത്തിൽ ഉൾപ്പെട്ട പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് കമ്പനി വഴിയാണ് സ്വപ്ന ഐ.ടി. സ്‌പേസ് പാർക്കിലെത്തിയതെന്നത് ആരോപണത്തിനു കൂടുതൽ ബലംനൽകുന്നു. ആരോപണവിധേയരെ ഉടൻ മാറ്റിയെന്നും ആരെയും സംരക്ഷിക്കില്ലെന്നുമാണ് സർക്കാർ വാദം. സോളാർ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനമുപയോഗിച്ച് സ്വകാര്യ വ്യക്തികളെ കബളിപ്പിച്ചതും സദാചാരപ്രശ്നങ്ങളുമായിരുന്നു ആരോപണം. എന്നാൽ, ഈ കേസിൽ സ്വർണക്കടത്ത് ആരോപണംവരെ കാര്യങ്ങളെത്തിയതിനാൽ ശുദ്ധിക്രിയ അത്ര എളുപ്പമല്ലെന്ന് വ്യക്തം. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികൾ മാത്രമാണിതെന്നും സർക്കാരിനും പാർട്ടിക്കും ഇതിന്റെ ഉത്തരവാദിത്വമില്ലെന്നും സ്ഥാപിക്കാനാണ് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും ശ്രമിക്കുന്നത്. ആദ്യം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാത്രം മാറ്റിയ ശിവശങ്കറിനെ രണ്ടാമതൊരു ആലോചനയ്ക്കുശേഷമാണ് ഐ.ടി. സെക്രട്ടറിസ്ഥാനത്തുനിന്ന് പുറത്താക്കുന്നത്. അദ്ദേഹത്തെ ദീർഘാവധിയിൽ പ്രവേശിപ്പിച്ചതും സർക്കാരിന്റെ ക്ഷീണം കുറയ്ക്കാനാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3e6QCoj
via
IFTTT
No comments:
Post a Comment