ന്യൂഡല്‍ഹി: ഗല്‍വാന്‍, പാംഗോങ് മേഖലകളിലെ സംഘര്‍ഷം അയഞ്ഞതിനു പിന്നാലെ അക്‌സായി ചിന്നില്‍ ചൈനീസ് സേനാനീക്കം. ചൈന വിന്യസിച്ച അര ലക്ഷം സൈനികരെ പ്രതിരോധിക്കാന്‍ ദൗലത് ബെഗ് ഓള്‍ഡിയില്‍ ആദ്യമായി ടി-20 ടാങ്കുകള്‍ എത്തിച്ച് ഇന്ത്യയുടെ പടയൊരുക്കം. കാരക്കോറം ചുരം വഴി ചൈന കടന്നുകയറാനുള്ള സാധ്യത ചെറുക്കുകയാണു ലക്ഷ്യം. കരസേനയുടെ ഒരു പൂര്‍ണ ബ്രിഗേഡ് (4000 സൈനികര്‍) യുദ്ധസജ്ജമാക്കിയ ഇന്ത്യ മിെസെല്‍ തൊടുക്കാന്‍ ശേഷിയുള്ള ടി-20 ടാങ്കുകളും ഹൊവിറ്റ്‌സര്‍ പീരങ്കികളും വിന്യസിച്ചു.
ഗല്‍വാന്‍, ഷയോക് നദികളുടെ സംഗമസ്ഥാനത്തിനു വടക്ക് 16,000 അടി ഉയരത്തിലാണു ദൗലത് ബെഗ് ഓള്‍ഡി. കാരക്കോറം ചുരത്തിനു സമീപം ചിപ്-ചാപ് നദിക്കരയില്‍ ഇന്ത്യയുടെ അവസാന ചെക്ക്‌പോസ്റ്റായ ഇവിടെയുള്ള എയര്‍ സ്ട്രിപ്പിനു യുദ്ധതന്ത്രങ്ങളില്‍ നിര്‍ണായക പ്രാധാന്യമാണുള്ളത്. 1962-ലെ യുദ്ധത്തോടെ ചൈന കൈവശപ്പെടുത്തിയ അക്‌സായി ചിന്നിനടുത്ത് 1963-ല്‍ പാകിസ്താന്‍ അനധികൃതമായി വിട്ടുകൊടുത്ത 5163 ചതുരശ്ര കിലോമീറ്റര്‍ ഷാക്‌സ്ഗാം താഴ്‌വരയില്‍ ചൈന ഇതിനകം 36 കി.മീ. റോഡ് നിര്‍മിച്ചിട്ടുണ്ട്.
ഷാക്‌സ്ഗാം മഞ്ഞുമലയിലെ തുരങ്ക നിര്‍മാണത്തിലൂടെ ഈ റോഡ് ലാസ-കഷ്ഗാര്‍ പാതയുമായി ബന്ധിപ്പിക്കാന്‍ ചൈനയ്ക്കു കഴിയും. ഷാക്‌സ്ഗാം-കാറക്കോറം ചുരത്തിലൂടെയുള്ള ചൈനീസ് അധിനിവേശം ദൗലത് ബെഗ് ഓള്‍ഡിയെ മാത്രമല്ല, സിയാച്ചിനെയും സമ്മര്‍ദമേഖലയാക്കുമെന്നതു മുന്നില്‍ക്കണ്ടാണ് ഇന്ത്യന്‍ നീക്കം. ഗല്‍വാന്‍ സംഘര്‍ഷകാലത്തുതന്നെ ദൗലത് ബെഗ് ഓള്‍ഡിയില്‍ ഇന്ത്യ പീരങ്കികള്‍ എത്തിച്ചിരുന്നു. ടാങ്ക് വിന്യാസം ആദ്യമായാണ്. ഗല്‍വാന്‍, പാംഗോങ് മേഖലകളില്‍ ഇരുഭാഗത്തും സേനാപിന്മാറ്റം മെല്ലെയാണെങ്കിലും പുരോഗമിക്കുകയാണ്. അതിനിടെ, ടിബറ്റ് അതിര്‍ത്തിയിലൂടെ ചൈന അരുണാചല്‍ പ്രദേശിലേക്കു കടന്നുകയറുമെന്ന മുന്നറിയിപ്പുകളുണ്ട്.
അതിനിടയില്‍ ഫ്രാന്‍സില്‍നിന്നു വാങ്ങിയ അത്യാധുനിക റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ അഞ്ചെണ്ണം ഇന്ത്യയിലേക്കു പറന്നു. ഏഴായിരം കിലോമീറ്റര്‍ പറന്ന് നാളെ അംബാലയിലെ വ്യോമകേന്ദ്രത്തിലിറങ്ങുന്ന ഈ അഞ്ചു വിമാനങ്ങളും വ്യോമസേനയുടെ ഭാഗമാകും. യാത്രാമധ്യേ വിമാനങ്ങള്‍ യു.എ.ഇയിലെ അല്‍ ദഫ്‌റയില്‍ ഇറങ്ങി. പറക്കലിനിടെ ഇന്ധനം നിറയ്ക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സര്‍വായുധങ്ങളും ഘടിപ്പിച്ച യുദ്ധസജ്ജമായ വിമാനങ്ങളാണ് ആദ്യ ബാച്ചിലുള്ളത്.
റാഫേല്‍ പറത്താന്‍ ഫ്രാന്‍സില്‍നിന്നു വിദഗ്ധ പരിശീലനം ലഭിച്ച വ്യോമസേനാ പൈലറ്റുമാരാണ് ഇവ നാട്ടിലെത്തിക്കുന്നത്. റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതിനു സാക്ഷ്യംവഹിക്കാന്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡര്‍ ജാവേദ് അഷ്‌റഫും എത്തിയിരുന്നു. വ്യോമസേനാ പൈലറ്റുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ഇന്ത്യ-ഫ്രാന്‍സ് പ്രതിരോധ സഹകരണത്തിന്റെ പുതിയ നാഴികക്കല്ലാണിതെന്ന് അദ്ദേഹം പറഞ്ഞു. റാഫേല്‍ വിമാനത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 59,000 കോടി രൂപ മുടക്കി 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് 2016 സെപ്റ്റംബറില്‍ ഫ്രാന്‍സുമായി ഇന്ത്യ കരാറുണ്ടാക്കിയത്.
from mangalam.com https://ift.tt/30RERO7
via IFTTT
No comments:
Post a Comment