തിരുവല്ല: കുപ്രസിദ്ധമായ കരിക്കിന്‍വില്ല കൊലക്കേസിലെ നിര്‍ണായക സാക്ഷിയായിരുന്ന ഗൗരിയമ്മ(98) യാത്രയായി. 40 വര്‍ഷം മുമ്പ് 1980 ഒക്‌ടോബര്‍ ആറിനാണ് തിരുവല്ല ടി.കെ. റോഡില്‍ മീന്തലക്കര ക്ഷേത്രത്തിനു സമീപമുള്ള കരിക്കിന്‍വില്ലയെന്ന വീട്ടില്‍ കുവൈത്തില്‍നിന്നെത്തിയ കെ.സി. ജോര്‍ജി(63)നെയും ഭാര്യ റേച്ചലി (56)നെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
റേച്ചലിന്റെ ആഭരണങ്ങള്‍, ജോര്‍ജിന്റെ വിലയേറിയ റോളക്‌സ് വാച്ച്, ടേപ്പ് റെക്കോര്‍ഡര്‍, പണം എന്നിവയും അപഹരിച്ചിരുന്നു. അന്വേഷണസംഘത്തിന് ലഭിച്ച ഏക സൂചന കൊല നടന്ന വീടിനുള്ളിലെ വാരിവലിച്ചിട്ടിരുന്ന കടലാസുകളില്‍ പതിഞ്ഞ പുത്തന്‍ ഷൂസിന്റെ പാടുകള്‍മാത്രവും. സിബി മാത്യൂസായിരുന്നുഅന്വേഷണസംഘത്തലവന്‍.
കരിക്കിന്‍വില്ലയില്‍ പകല്‍സമയം ജോലിക്കെത്തിയിരുന്ന ഗൗരിയമ്മയുടെ മൊഴിയാണു കേസില്‍ നിര്‍ണായക തെളിവായത്. ഗൗരിയമ്മയെ ചോദ്യംചെയ്തപ്പോള്‍ തലേന്ന് താന്‍ ജോലി കഴിഞ്ഞ് പോകാനൊരുങ്ങുമ്പോള്‍ നാലുപേര്‍ കാറില്‍ വന്നിരുന്നെന്നു പറഞ്ഞു. 'മദ്രാസിലെ മോന്‍' ആണ് വന്നതെന്ന് റേച്ചല്‍ പറഞ്ഞിരുന്നതായി ഗൗരി വെളിപ്പെടുത്തി. ഈ മൊഴിയാണ് കേസിന് തുമ്പുണ്ടാക്കിയത്.
കേസന്വേഷണം ബന്ധുക്കളിലേക്കു നീങ്ങി. റേയ്ച്ചലിന്റെ അനുജത്തിയുടെ മകന്‍, മദ്രാസില്‍ പഠിച്ചിരുന്ന റെനിയിലേക്ക് അന്വേഷണം നീണ്ടു. റെനി ജോര്‍ജും കൂടെ പഠിച്ചുകൊണ്ടിരുന്ന മൗറിഷ്യസ് സ്വദേശി ഹസന്‍ഗുലാം മുഹമ്മദ്, മലേഷ്യക്കാരന്‍ ഗുണശേഖരന്‍, കെനിയക്കാരന്‍ കിബ്‌ലോ ദാനിയേല്‍ എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നു പോലീസ് കണ്ടെത്തി.
[IMG]
സംഭവം നടന്ന് പത്തുദിവസം കഴിഞ്ഞ് മദ്രാസിലെ ഒരു ലോഡ്ജില്‍നിന്നു റെനിയെയും ഹസന്‍ഗുലാം മുഹമ്മദിനെയും പോലീസ് പിടികൂടി. അടുത്തദിവസം ഗുണശേഖരനെയും. നാട്ടിലേക്കു കടക്കാന്‍ ശ്രമിച്ച കിബ്‌ലോ ദാനിയേല്‍ പോലീസിനു കീഴടങ്ങി. മദ്രാസില്‍ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായിരുന്നു ഇവര്‍. ലഹരിമരുന്നിനും മദ്യത്തിനും അടിമകളായിരുന്ന ഇവര്‍ പണമുണ്ടാക്കാനായാണ് ചെെന്നെയില്‍നിന്ന് കാറോടിച്ച് തിരുവല്ലയിലെത്തിയതും കൊല നടത്തിയതും.
പ്രതികളെ 1982 ജനുവരി ഒന്നിന് കോട്ടയം സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1983 മാര്‍ച്ച് 21 ന് െഹെക്കോടതി വിധി ശരിവച്ചു. പൂജപ്പുര ജയിലിലായിരുന്നു റെനിയും ഗുണശേഖരനും മുഹമ്മദും. കിബ്‌ലോ ഡല്‍ഹി തിഹാര്‍ ജയിലിലും. 1995 ജൂണില്‍ ജയില്‍വാസം പൂര്‍ത്തിയാക്കി മൂന്നു പ്രതികള്‍ സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങി.
ജയില്‍വാസത്തിനിടെ, കരിക്കിന്‍വില്ല കൊലപാതവുമായി ബന്ധപ്പെട്ട് 'മദ്രാസിലെ മോന്‍' എന്ന സിനിമയെടുത്ത നിര്‍മ്മാതാവിനെ റെനി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട്, ഏറെക്കാലത്തിനുശേഷം പരോളിലിറങ്ങി വിവാഹിതനായ റെനി ജയില്‍വാസത്തിനുശേഷം പുറത്തുവന്ന് ആത്മീയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്. ഭാര്യ ടീനയെയും ഉള്‍പ്പെടുത്തി ബംഗളുരുവില്‍ തടവുകാരുടെമക്കള്‍ക്കായി ഭവനവും നടത്തുന്നു. ഇതോടൊപ്പം പ്രേഷിതപ്രവര്‍ത്തനത്തിലും സജീവമാണ്.
കേസ് അന്വേഷിച്ച സംഘത്തില്‍ എസ്.പി: ഗോപിനാഥ്, സി.ഐ: എ.കെ. ആചാരി, എസ്.ഐ: അബ്ദുല്‍കരിം എന്നിവരുമുണ്ടായിരുന്നു. റെനി പരോള്‍ ഇറങ്ങിയ സമയത്തൊക്കെ ഗൗരിയമ്മ ഭയപ്പെട്ടിരുന്നു. പിന്നീടൊരിക്കല്‍ റെനി ജോര്‍ജ് നേരിട്ടെത്തി ഗൗരിയെ കണ്ട് മാപ്പ് പറയാനെത്തിയിരുന്നു.
from mangalam.com https://ift.tt/2ZsyCQ2
via IFTTT
No comments:
Post a Comment