തിരുവനന്തപുരം: ഇന്നലെ മാത്രം ആയിരത്തിലേറെപ്പേരില്‍ രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന നിര്‍ദേശം ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ജീവിതം ദുരിതത്തിലാക്കുമെന്ന അഭിപ്രായവും പരിശോധിക്കും. രാജ്യത്ത് മാര്‍ച്ച് 24-നു തുടങ്ങിയ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ 68 ദിവസം പിന്നിട്ടപ്പോള്‍ ജൂണ്‍ ഒന്നു മുതല്‍ ഇളവുകളായി.
തുടക്കത്തില്‍ രോഗവ്യാപനം തടയാന്‍ കഴിഞ്ഞ കേരളത്തില്‍ മേയ് ആദ്യം പുതുതായി ഒരു രോഗി പോലുമില്ലാത്ത ദിവസങ്ങളുണ്ടായി. പുറത്തുനിന്ന് ആളുകള്‍ എത്തിത്തുടങ്ങിയതോടെ രോഗികളുടെ എണ്ണത്തിനൊപ്പം സമ്പര്‍ക്ക വ്യാപനവും വര്‍ധിച്ചു. തിരുവനന്തപുരത്ത് പുല്ലുവിളയിലും പൂന്തുറയിലും സമൂഹവ്യാപനമെന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പലരുടെയും രോഗഉറവിടം അറിയാന്‍ കഴിയാത്തതും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു രോഗം ബാധിക്കുന്നതും ആശങ്കയായി. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണമെന്ന നിര്‍ദേശം നാളെ സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യും.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍, 27-നു ചേരാനിരുന്ന നിയമസഭാസമ്മേളനം മാറ്റിവയ്ക്കാന്‍ നീക്കം. തീരുമാനം ഇന്നത്തെ മന്ത്രിസഭായോഗത്തില്‍. സമ്മേളനം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ധാരണയായെങ്കിലും അവിശ്വാസപ്രമേയ നോട്ടീസുള്ളതിനാല്‍ പ്രതിപക്ഷതാത്പര്യവും പരിഗണിക്കേണ്ടിവരും. പ്രതിപക്ഷനേതാക്കളുമായി സര്‍ക്കാര്‍ ആശയവിനിമയം നടത്തിയെങ്കിലും ധാരണയായില്ല. മന്ത്രിസഭാ ശിപാര്‍ശപ്രകാരം സഭ ചേരാന്‍ ഗവര്‍ണര്‍ വിജ്ഞാപനമിറക്കിയതിനാല്‍ മന്ത്രിസഭതന്നെ ആവശ്യപ്പെട്ടാലേ സമ്മേളനം ഉപേക്ഷിക്കാനാകൂ.
തീയതി നിശ്ചയിച്ചശേഷം സമ്മേളനം റദ്ദാക്കുന്നതു സംസ്ഥാന നിയമസഭാചരിത്രത്തില്‍ ആദ്യമാകും. അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തിനു സമ്മേളനം റദ്ദാക്കുന്നതിനോടു യോജിപ്പില്ല. മുഖ്യമന്ത്രിയും പാര്‍ലമെന്ററി കാര്യമന്ത്രിയും പ്രതിപക്ഷനേതാവുമായി അനൗപചാരികചര്‍ച്ച നടത്തിയെങ്കിലും ധാരണയായില്ല. ധനകാര്യ ബില്‍ പാസാക്കാനാണ് ഏകദിനസമ്മേളനം നിശ്ചയിച്ചത്. 29-നു മുമ്പ് പാസാക്കിയില്ലെങ്കില്‍ ബില്‍ അസാധുവാകും. അസാധാരണ സാഹചര്യമുണ്ടായാല്‍ കാലാവധി നീട്ടിക്കൊണ്ട് സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാം.
സമ്മേളനം ഉപേക്ഷിച്ചാല്‍ പ്രതിപക്ഷപ്രമേയവും അസാധുവാകും. എന്നാല്‍, ഭരണഘടനാ അനുഛേദം 174 പ്രകാരം സെപ്റ്റംബര്‍ 13-നു സഭ വീണ്ടും ചേരണം. കോവിഡ് വ്യാപനത്തേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് 13-നാണ് ബജറ്റ് സമ്മേളനം വെട്ടിച്ചുരുക്കി നിയമസഭ പിരിഞ്ഞത്. ഭരണഘടനപ്രകാരം ആറുമാസത്തിനകം വീണ്ടും ചേരണം.
സമ്പര്‍ക്കത്തിലൂടെ രോഗവ്യാപനം കുതിച്ചുയരുന്നതിനിടെ, സംസ്ഥാനത്തെ കോവിഡ് രോഗികളുടെ പ്രതിദിനസംഖ്യ ആയിരവും കടന്നു. 1038 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണു രോഗം പകര്‍ന്നത്. 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍- 109, വിദേശത്തുനിന്ന്- 87 പേര്‍. സംസ്ഥാനത്ത് ഇന്നലെ കോവിഡ് ബാധിതരായ മൂന്നുപേര്‍കൂടി മരിച്ചു. ആകെ രോഗികളുടെ എണ്ണം 15,032. സമ്പര്‍ക്കത്തിലൂടെ അതിവേഗം രോഗം പടരുന്ന തിരുവനന്തപുരത്ത് സ്ഥിതി അതീവഗുരുതരം. നാല് കോര്‍പറേഷന്‍ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 226 പേര്‍ക്കാണു ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.
from mangalam.com https://ift.tt/2OOMzCQ
via IFTTT
No comments:
Post a Comment