തൃശ്ശൂർ: ‘‘സജീവാ, ഇന്നേതാ സാധനം?’’ -തടവറയിലെ ഇരുട്ടിൽ ജയിലഴികളിൽ ചാരി വരാന്തയിലെ വെളിച്ചത്തെ കൂട്ടുപിടിച്ച് വായിക്കുന്ന സജീവന്റെ അടുത്ത് റോന്തുകാർ ചോദിക്കും. ‘‘സുനീത്രാ ചൗധരിയുടെ ബിഹൈൻഡ് ദ ബാർസ് ആണ് സാർ’’. സജീവൻ നൽകുന്ന മറുപടികളിൽ പറയുന്ന പുസ്തകപ്പേരുകൾ ജയിൽജീവനക്കാർ മിക്കപ്പോഴും കേട്ടിട്ടുപോലുമുണ്ടാകില്ല. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഒറ്റപ്പാലം സ്വദേശി 64-കാരനായ സജീവന്റെ വായനയുടെ ലോകവും ജയിൽജീവിതവും ചെറുതൊന്നുമല്ല. ജയിലിൽ വായിച്ചുതീർത്തത് ആയിരക്കണക്കിന് പുസ്തകങ്ങൾ. വാങ്ങിക്കൂട്ടിയതും സൗജന്യമായിക്കിട്ടിയതും ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങൾ. സജീവന് നിർത്താനാകാത്തത് രണ്ടുകാര്യം മാത്രം: മോഷണവും വായനയും.34-ാം വയസ്സിൽ ആദ്യത്തെ മോഷണക്കുറ്റത്തിന് ജയിലിലെത്തിയ സജീവൻ പിന്നീട് പലതവണ ജയിലിലെത്തി. കുറ്റം: ചെറുകിട മോഷണം. ശിക്ഷ കഴിഞ്ഞിറങ്ങിയാൽ അധികം വൈകാതെ വീണ്ടും ജയിലിലെത്തും. ആദ്യമോഷണം മുംബൈയിലായിരുന്നു. ആറുമാസം യേർവാഡ ജയിലിലായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽനിന്ന് എം.എസ്‌സി. കെമിസ്ട്രി ഒന്നാംക്ലാസിൽ ജയിച്ചശേഷം ലോകപ്രശസ്ത മെഡിക്കൽ കമ്പനിയിൽ ജോലികിട്ടിയാണ് മുംബൈയിലെത്തുന്നത്. നാലുവർഷം ജോലിചെയ്തു. അവിടെ ചില കൂട്ടുകെട്ടുകൾ മോഷണത്തിലേക്ക് നയിച്ചെന്ന് സജീവൻ പറയുന്നു. യേർവാഡ ജയിലിൽനിന്നിറങ്ങി അടുത്ത മോഷണം കൊൽക്കൊത്തയിൽ. അവിടെ ജയിലിൽ മൂന്നുമാസം. പിന്നീട് കേരളത്തിലേക്ക്.കണ്ണൂർമുതൽ എറണാകുളംവരെയുള്ള ജയിലുകളിൽ കുറ്റവാളിയായും റിമാൻഡ് തടവുകാരനായും പലതവണ കിടന്നു. 2004-ലാണ് വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിയത്. കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മാറ്റത്തിന് അപേക്ഷിച്ചാണിവിടെ എത്തിയത്. ഏഴ് കേസുകളുടെ ശിക്ഷാ കാലാവധിയാണ് വിയ്യൂർ ജയിലിൽ അനുഭവിക്കുന്നത്. 2026 വരെയാണ് ഇവിടെ ശിക്ഷയിൽ കഴിയുക. വായിക്കുന്നതിൽ പകുതിയോളം ഇംഗ്ലീഷ് പുസ്തകങ്ങളാണ്. മാതൃഭൂമി മുൻ മാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാർ എഴുതിയ ഹൈമവതഭൂവിൽ വായിച്ചു. അതിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഹിമാലയൻ ഒഡീസിയാണ് ഇപ്പോൾ വായിക്കാനായി വാങ്ങിയിരിക്കുന്നത്.ജയിലിലെ ജോലിക്ക് ദിവസം 127 രൂപ കൂലിയുണ്ട്. ആർക്കും പണം അയക്കാനില്ല. കിട്ടുന്ന കൂലി മുഴുവൻ പുസ്തകം വാങ്ങാനായി വിനിയോഗിക്കും. വായിച്ചുതീർന്ന പുസ്തകങ്ങൾ ജയിൽ ലൈബ്രറിയിലേക്ക് നൽകും. നിയമത്തിലും സജീവന് ജ്ഞാനമുണ്ട്. സഹതടവുകാർക്ക് അപ്പീലും പെറ്റീഷനും തയ്യാറാക്കുന്ന സജീവൻ അവർക്ക് ‘വക്കീലാ’ണ്.സജീവനെ ഓർക്കാതെ പറ്റുമോ വായനക്കാരുടെ ലോകമാണ് വിയ്യൂർ സെൻട്രൽ ജയിൽ. സാഹിത്യ അക്കാദമി ഭാരവാഹിയായിരിക്കെ അന്തേവാസികളുമായി സംവദിക്കാൻ അവിടെയെത്തിയിട്ടുണ്ട്. അന്ന് എന്റെ കുറെ പുസ്തകങ്ങളുമായി ഒരാൾ വന്നിരുന്നു. അതായിരുന്നു സജീവൻ. എന്റെ ഒരു പുസ്തകം ഒപ്പിട്ടു വാങ്ങി. ദീർഘകാലമായി ജയിലിലുള്ള അദ്ദേഹം നല്ല വായനക്കാരനാണെന്നറിഞ്ഞ് ഏറെ സന്തോഷിച്ചിരുന്നു. ഇപ്പോഴും വായന തുടരുന്നു എന്നതിൽ കൂടുതൽ സന്തോഷം.-എം. മുകുന്ദൻ
from mathrubhumi.latestnews.rssfeed https://ift.tt/389qJTx
via
IFTTT
No comments:
Post a Comment