പടം.............തടയണ
മുമ്പ് മംഗളം നല്‍കിയ റിപ്പോര്‍ട്ടുകളും, ചീങ്കണ്ണിപ്പാലിയിലെ തടയണയുടെ ഫയല്‍ ചിത്രവും.
സ്വന്തംലേഖകന്‍
മലപ്പുറം: നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്നുള്ള മലപ്പുറം ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന് അവസാനം ഹൈക്കോടതിയും.
തന്റെ ഭാഗം കേള്‍ക്കാതെയുള്ള കലക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്ന എം.എല്‍.എയുടെ ഭാര്യാപിതാവ് കോഴിക്കോട് നടുവണ്ണൂരിലെ സി.കെ അബ്ദുല്‍ ലത്തീഫിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ദുരന്തനിവാരണ നിയമപ്രകാരം തടയണപൊളിക്കാന്‍ മുന്‍ മലപ്പുറം കലക്ടര്‍ അമിത് മീണ 2017ഡിസംബര്‍ എട്ടിന് ഇറക്കിയ ഉത്തരവ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.
വെറ്റിലപ്പാറ വില്ലേജിലെ ചീങ്കണ്ണിപ്പാലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ പി.വി അന്‍വര്‍ കരാര്‍ പ്രകാരം കൈവശമാക്കിയ സ്ഥലത്ത് മലയിടിച്ചാണ് ആദിവാസികള്‍ക്ക് കുടിവെള്ളമാകേണ്ട വനത്തിലേക്കൊഴുകുന്ന കാട്ടരുവി തടഞ്ഞ് തടയണകെട്ടിയത്. തുടര്‍ന്ന് ഇതുപൊളിച്ചുനീക്കാന്‍ 2015 സെപ്റ്റംബര്‍ ഏഴിന് അന്നത്തെ കലക്ടര്‍ ടി ഭാസ്‌ക്കരന്‍ ഉത്തരവിട്ടപ്പോള്‍ തടയണകെട്ടിയ സ്ഥലം ഭാര്യാപിതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പരാതി.
2016ല്‍ പി.വി അന്‍വര്‍ നിലമ്പൂര്‍ എം.എ.എയായതോടെ തടയണയില്‍ ബോട്ട് സര്‍വീസ് നടത്താനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭാഗമായി തടയണയില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനായിരുന്നു പദ്ധതി. വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് തടയണ. വേനല്‍ക്കാലത്ത് വാട്ടര്‍തീം പാര്‍ക്കിലേക്ക് വെള്ളമെത്തിച്ചതും തടയണയില്‍ നിന്നായിരുന്നു. തുടര്‍ന്നു ഇതുസംബന്ധിച്ചു ആദ്യം വാര്‍ത്ത പുറത്തുകൊണ്ടുവന്നത് മംഗളമാണ്. തുടര്‍ന്ന് ഇതുസംബന്ധിച്ച് നിരവധി അനുബന്ധ സംഭവങ്ങളും മംഗളംപുറത്തുകൊണ്ടുവന്നിരുന്നു.
ഇതിനെ തുടര്‍ന്ന് തടയണപൊളിക്കാനുള്ള കലക്ടറുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു കാണിച്ച് നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് മലപ്പുറം കലക്ടര്‍ക്ക് 2017 മാര്‍ച്ച് 14ന് പരാതി നല്‍കി. ഈ പരാതിയില്‍ പെരിന്തല്‍മണ്ണ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ വിദഗ്ദസമിതിയെ നിയോഗിച്ച് വിശദമായ തെളിവെടുപ്പും നടത്തി. തടയണയല്ല കുളമാണെന്നായിരുന്നു എം.എല്‍.എയുടെ വാദം. എന്നാല്‍ ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചതോടെ കാട്ടരുവിയില്‍ തടയണകെട്ടിയതാണെന്ന് തെളിഞ്ഞു.
യാതൊരു അനുമതിയും ശാസ്ത്രീയ അടിത്തറയുമില്ലാതെ പ്രകൃതിദത്ത അരുവിതടഞ്ഞു നിര്‍ത്തി കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് 2003 ,മൈന്‍സ് ആന്റ് മിനറല്‍ (ഡെവലപ്മെന്റ് ആന്റ് റെഗുലേഷന്‍) ആക്ട് 1957 എന്നിവ ലംഘിച്ചാണ് തടയണനിര്‍മ്മിച്ചതെന്നു കണ്ടെത്തിയാണ് ദുരന്തനിവാരണ നിയമപ്രകാരം 14 ദിവസത്തിനകം സ്വന്തം ചെലവില്‍ തടയണപൊളിച്ചുനീക്കാന്‍ സി.കെ അബ്ദുല്‍ ലത്തീഫിനോട് കളക്ടര്‍ 2017 ഡിസംബര്‍ എട്ടിന് ഉത്തരവിട്ടത്.
തന്റെ ഭാഗം കേള്‍ക്കാതെയാണ് കലക്ടറുടെ ഉത്തരവെന്നു കാണിച്ച് അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടയണ പൊളിക്കുന്നത് താല്‍ക്കാലികമായി സ്‌റ്റേ ചെയ്യുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറയില്‍ സ്വകാര്യ വ്യക്തി കെട്ടിയ തടയണ തകര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ 14 പേര്‍ മരണപ്പെട്ട സംഭവം ചൂണ്ടികാട്ടി് ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ തടയണ പൊളിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ എം.പി വിനോദ് ഹൈക്കോടതിയെ സമീപിച്ച് കേസില്‍ കക്ഷിചേര്‍ന്നു. രണ്ടാഴ്ചക്കകം തടയണയിലെ വെള്ളം പൂര്‍ണ്ണമായും ഒഴുക്കിവിടണമെന്ന 2018 ജൂലൈ 10ന് അന്നത്തെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഈ ഉത്തരവ് 10 മാസമായിട്ടും നടപ്പാക്കിയില്ല.
ഇതോടെ സി.കെ അബ്ദുല്‍ലത്തീഫ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നു വിലയിരുത്തിയ ഹൈക്കോടതി തടയണപൊളിച്ച് വെള്ളം തുറന്നുവിടാന്‍ മലപ്പുറം കളക്ടറോട് ഉത്തരവിടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ തടയണയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നിവിട്ടിരുന്നു. എന്നാല്‍ തടയണ പൂര്‍ണമായും പൊളിച്ചിരുന്നില്ല. കേസ് പരിഗണിച്ചിരുന്ന മുന്‍ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സുപ്രീം കോടതി ജഡ്ജിയായി പോയതിനെ തുടര്‍ന്ന് പുതിയ ചീഫ് സെക്രട്ടറി എസ്. മണികുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.
പരാതിക്കാരനായ എം.പി വിനോദിനെ വധിക്കാന്‍ എം.എല്‍.എ ക്വട്ടേഷന്‍ നല്‍കിയെന്ന് പരാതിയുണ്ടായിരുന്നു. കക്കാടംപൊയിലില്‍ വെച്ച് വിനോദിനെ അക്രമിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഹൈക്കോടതി വിനോദിനും കുടുംബത്തിനും സായുധപോലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഹൈക്കോടതിയില്‍ രണ്ടര വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് തടയണ പൊളിക്കുന്ന ഉത്തരവ് റദ്ദാക്കാനുള്ള എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഹര്‍ജി തള്ളുന്നത്.
from mangalam.com https://ift.tt/30rSnJJ
via IFTTT
No comments:
Post a Comment