കിണറ്റിൽ അഗ്നിരക്ഷാസേനപരിശോധന നടത്തുന്നു മങ്കൊമ്പ്(ആലപ്പുഴ): 'ഞായറാഴ്ച വന്ന ആ ഫോൺകോൾ ഞാൻ ആദ്യംകണ്ടില്ല. മിസ്ഡ് കോൾ കണ്ട് തിരികെവിളിച്ചപ്പോൾ അച്ചൻ ഫോൺ എടുത്തില്ല. അന്ന് ഉച്ചയ്ക്കുശേഷമാണ് അദ്ദേഹത്തെ കാണാതായത്. അവസാനമായി എന്തെങ്കിലും പറയുവാനുണ്ടായിരുന്നോ...അറിയില്ല,' -പള്ളിവളപ്പിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാ. ജോർജ് എട്ടുപറയിലിന്റെ സഹോദരൻ ജോസഫ് കുഞ്ഞ് പറഞ്ഞു. കുട്ടനാട്ടുകാരനാണ് ഫാ. ജോർജ്. നാട്ടുകാർക്ക് പ്രിയങ്കരൻ. പ്രചോദനവും മാനസിക പിന്തുണയും നൽകിയ വൈദികൻ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു. അമേരിക്കയിലായിരുന്ന ഫാ. ജോർജ് ഫെബ്രുവരിയിലാണ് പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് പള്ളിയിൽ വൈദികനായെത്തിയത്. ഒരുമാസം മുമ്പ്, അറ്റകുറ്റപ്പണിക്കിടെ പള്ളിയുടെ പുകപ്പുരയ്ക്ക് തീപിടിച്ച് നാല് തൊഴിലാളികൾക്ക് പൊള്ളലേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമായിരുന്നു. ഈ സംഭവം വൈദികന് കടുത്ത മനോവിഷമമുണ്ടാക്കിയെന്ന് ഇടവകാംഗങ്ങൾ പറയുന്നു. സ്ഥലംമാറ്റം ചോദിച്ചിരുന്നെങ്കിലും കിട്ടിയുമില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ട് ചങ്ങനാശ്ശേരി രൂപതാ കാര്യാലയത്തിലെത്തണമെന്നും നിർദേശിച്ചിരുന്നു. അമേരിക്കയിലായിരിക്കുമ്പോൾ തന്റെ വരുമാനത്തിന്റെ നല്ലൊരു ശതമാനം തുക പാവങ്ങൾക്കായി നൽകിയിരുന്നു. കുട്ടനാട്ടിൽ പ്രളയശേഷം വീടുകൾ നശിച്ചവർക്കും സാധാരണക്കാരായിട്ടുള്ള തൊഴിലാളികൾക്കുമായിരുന്നു സഹായം. പാവപ്പെട്ടവന്റെ വിഷമങ്ങൾക്കുമുമ്പിൽ തനിക്കാവുന്ന വിധത്തിൽ ഫാ. ജോർജ് സഹായങ്ങൾ ചെയ്തിരുന്നതായി കുട്ടനാട്ടുകാർ പറയുന്നു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 10 പള്ളികളിൽ വൈദികനായി പ്രവർത്തിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ എടത്വാ, തകഴി, കായൽപ്പുറം പള്ളികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി ചെത്തിപ്പുഴ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30-ന് തെക്കേക്കരയിലേക്ക് കൊണ്ടുപോകും. 10 മുതൽ 11.30വരെ പള്ളിയിൽ പൊതുദർശനം. തുടർന്ന് ശവസംസ്കാര ശുശ്രൂഷകൾ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും ശുശ്രൂഷകൾ. മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ഫാ. ജോർജ് എട്ടുപറയിൽ കിണറ്റിൽ മുങ്ങിമരിച്ചതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. മൃതദേഹത്തിൽ തലയിലും കൈക്കും ചെറിയ മുറിവുണ്ട്. ഇത് കിണറ്റിലേക്ക് വീണപ്പോഴുണ്ടായതാകാം. ഇത് മരണകാരണമല്ല. ശ്വാസകോശത്തിലും ആമാശയത്തിലും വെള്ളവും ചെളിയും നിറഞ്ഞിരുന്നു. ഇതാണ് മരണകാരണമായത്. ശരീരത്തിനകത്തെ വെള്ളവും കിണറ്റിലെ വെള്ളവും ഒന്നുതന്നെയാണോയെന്നറിയാൻ രാസപരിശോധനയ്ക്ക് അയയ്ക്കും. കോട്ടയം ഡിവൈ.എസ്.പി. ആർ.ശ്രീകുമാർ, അയർക്കുന്നം എസ്.എച്ച്.ഒ. സജി ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് നടപടികൾക്ക് നേതൃത്വം നൽകി. അതിരൂപത അനുശോചിച്ചു ഫാ. ജോർജ് എട്ടുപറയുടെ മരണത്തിൽ ചങ്ങനാശ്ശേരി അതിരൂപത അനുേശാചിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുെടയും പുന്നത്തുറ ഇടവകയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പോലീസ് നടപടികളുമായി സഹകരിക്കുമെന്നും അതിരൂപത പത്രക്കുറിപ്പിൽ അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3dporAA
via
IFTTT
No comments:
Post a Comment