ന്യൂഡൽഹി: തിങ്കളാഴ്ച രാവിലെ കാണാതായ പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മിഷനിലെ രണ്ടു ജീവനക്കാരെ ഇസ്ലാമാബാദ് പോലീസ് അറസ്റ്റുചെയ്തതാണെന്ന് വൈകീട്ട് സ്ഥിരീകരിച്ചു. ഇന്ത്യ ശക്തമായി പ്രതിഷേധമറിയിച്ചതിനെത്തുടർന്ന് രാത്രി വിട്ടയച്ചു. ഒരു വാഹനാപകടത്തിന്റെ പേരിൽ ഹൈക്കമ്മിഷൻ ജീവനക്കാരെ അറസ്റ്റുചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ രണ്ട് പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ ഇന്ത്യ കഴിഞ്ഞമാസം പിടികൂടി തിരിച്ചയച്ചിരുന്നു. ഇതിനു പകരമാണു നടപടിയെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പാകിസ്താന്റെ ആക്ടിങ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ജീവനക്കാരെ ഉടൻ സുരക്ഷിതമായി വിട്ടയക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. തുടർന്നാണ് കസ്റ്റഡിയിൽനിന്നു വിട്ടത്. രാവിലെ എട്ടോടെയാണ് ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഡ്രൈവർമാരായ രണ്ടുപേരെ കാണാതായത്. ഇസ്ലാമാബാദ് വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ സ്വീകരിക്കുന്നതിനായി ഹൈക്കമ്മിഷന്റെ ഔദ്യോഗിക കാറിലാണിവർ പോയത്. എംബസിക്കടുത്തുവെച്ച് ഒരു വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടന്നുകളയാൻ ശ്രമിച്ചപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് പാകിസ്താന്റെ വാദം. ഇവരെക്കുറിച്ച് ഏറെനേരം വിവരമൊന്നും ലഭിക്കാഞ്ഞതോടെ കടുത്ത ആശങ്കയുയർന്നു. ഐ.എസ്.ഐ. ഉദ്യോഗസ്ഥർ പിന്തുടർന്നിരുന്നതായി സൂചന ലഭിച്ചതോടെ ഇവർ പാക് കസ്റ്റഡിയിലുണ്ടെന്ന സംശയം ഉയർന്നു. എന്നാൽ, പാകിസ്താൻ ഔദ്യോഗിക പ്രതികരണം നൽകിയില്ല. തുടർന്നാണ് പാക് ഹൈക്കമ്മിഷണറുടെ ചുമതല വഹിക്കുന്ന സയ്യിദ് ഹൈദർ ഷായെ ഉച്ചയോടെ വിളിച്ചുവരുത്തി ഡൽഹിയിൽ വിദേശമന്ത്രാലയം രേഖാമൂലം പ്രതിഷേധമറിയിച്ചത്. Content Gighlights: 2 'missing' Indian staffers released by Pakistan, have visible injuries: Official
from mathrubhumi.latestnews.rssfeed https://ift.tt/3ecrY6M
via
IFTTT
No comments:
Post a Comment