മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ച് ഞായറാഴ്ച 120 പേർ മരിച്ചു; ഇതോടെ മരണസംഖ്യ നാലായിരത്തോടടുത്തു. തുടർച്ചയായി അഞ്ചാം ദിവസവും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. ധാരാവിയിൽ 13 പേർക്കുകൂടി രോഗം പിടിപെട്ടതോടെ ഇവിടെ രോഗികളുടെ എണ്ണം 2043 ആയി. 77 പേരാണ് ധാരാവിയിൽ മരിച്ചത്. ധാരാവിക്കടുത്തുള്ള മാട്ടുംഗ ലേബർ ക്യാമ്പിൽ രോഗികൾ വർധിക്കുന്നത് ആശങ്ക പടർത്തുന്നു. ഏറെ മലയാളികൾ താമസിക്കുന്ന ഇവിടെ എട്ടുദിവസംമുമ്പ് രോഗികളുടെ എണ്ണം 249 ആയിരുന്നെങ്കിൽ ഞായറാഴ്ച 450 ആണ്. മുംബൈയിൽ അഗ്നിശമന സേനയിലെ 91 പേർക്ക് ഇതുവരെ കോവിഡ് ബാധിച്ചിട്ടുണ്ട്. ഇതിൽ എട്ടുപേർ മരിച്ചു. നായർ ആശുപത്രിയിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ കോവിഡ് ബാധിതരായ 300 വനിതകളാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. *ന്യൂഡൽഹി: ഡൽഹിയിൽ 2224 പേർക്കുകൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 41,000 കടന്നു. ഒറ്റദിവസം ആദ്യമായാണ് ഇത്രയുമേറെപ്പേരിൽ വൈറസ് കണ്ടെത്തുന്നത്. 56 പേർകൂടി മരിച്ചതോടെ മരണസംഖ്യ 1300 കടന്നു. *ചെന്നൈ: കോവിഡ് ബാധിച്ച് 38 പേർകൂടി മരിച്ചതോടെ തമിഴ്‌നാട്ടിൽ മരണസംഖ്യ 400 കടന്നു. സംസ്ഥാനത്ത് ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ മരണ നിരക്കാണിത്. 1974 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 44,000 കടന്നു. ചെന്നൈയിൽ 1415 പേർക്കാണ് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ മൊത്തം 31,896 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 347 പേർ മരിച്ചു. 1138 പേർക്കുകൂടി രോഗം ഭേദമായതോടെ തമിഴ്‌നാട്ടിൽ രോഗമുക്തി നേടുന്നവരുടെ എണ്ണം 24,547 ആയി. *അഹമ്മദാബാദ്: ഗുജറാത്തിൽ 511 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം കണ്ടെത്തിയവർ 23,590 ആയി. 29 പേർകൂടി മരിച്ചു. 442 പേർക്ക് ഭേദപ്പെട്ടു. 16,333 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. അഹമ്മദാബാദിൽ 334 പേർക്കുകൂടി കോവിഡ് കണ്ടെത്തിയതോടെ ആകെ രോഗബാധിതർ 16,640 ആയി. 22 പേരാണ് ഞായറാഴ്ച മരിച്ചത്. ആകെ മരണം 1187 ആയി.ബെംഗളൂരു: കർണാടകത്തിൽ 176 പേർക്കുകൂടി സ്ഥിരീകരിച്ചതോടെ കോവിഡ് ബാധിതരുടെ എണ്ണം 7000 ആയി. ബെംഗളൂരുവിലും രോഗികളുടെ എണ്ണം കൂടുകയാണ്. മരണ നിരക്കും കൂടി. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുപേർകൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 87 ആയി. ഞായറാഴ്ച 312 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ 3955 പേർക്ക് രോഗം മാറി.
from mathrubhumi.latestnews.rssfeed https://ift.tt/37tqr9L
via
IFTTT
No comments:
Post a Comment