മുംബൈ: രാജ്യത്തെ 1,482 അർബൻ സഹകരണ ബാങ്കുകളുടെയും പല സംസ്ഥാനങ്ങളിൽ സാന്നിധ്യമുള്ള 58 സഹകരണ ബാങ്കുകളുടെയും നിയന്ത്രണം റിസർവ് ബാങ്കിനു കീഴിലാക്കി കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഓർഡിനൻസ് രാഷ്ട്രപതി അംഗീകരിക്കുന്ന ദിവസംമുതൽ ഇത് പ്രാബല്യത്തിലാകും. മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ അർബൻ സഹകരണ ബാങ്കുകൾ സഹകരണ സൊസൈറ്റി രജിസ്ട്രാറിൻറെയും (ആർ.സി.എസ്.) റിസർവ് ബാങ്കിൻറെയും സംയുക്തനിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്രയിലെ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര അർബൻ സഹകരണബാങ്കിലെ (പി.എം.സി. ബാങ്ക്) വായ്പത്തട്ടിപ്പുകളുടെ പശ്ചാത്തലത്തിൽ നിക്ഷേപകരുടെ സുരക്ഷ മുൻനിർത്തി അർബൻ സഹകരണബാങ്കുകളിൽ റിസർവ് ബാങ്ക് നിയന്ത്രണം കൊണ്ടുവരുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇതിൻറെ ഭാഗമായി ബാങ്കിങ് നിയന്ത്രണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ 2020 മാർച്ചിൽ പാർലമെൻറിൽ അവതരിപ്പിച്ചെങ്കിലും കോവിഡിനെത്തുടർന്ന് ബജറ്റ് സമ്മേളനത്തിൽ ഇത് പാസ്സാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരുന്നത്. ഓർഡിനൻസ് പ്രകാരം രാജ്യത്തെ വാണിജ്യ ബാങ്കുകൾക്കുള്ള എല്ലാ മാനദണ്ഡങ്ങളും അർബൻ സഹകരണ ബാങ്കുകൾക്കും ബാധകമാകും. 1540 സഹകരണ ബാങ്കുകളുടെ കീഴിലുള്ള 8.6 കോടി വരുന്ന നിക്ഷേപകരുടെ 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപം സുരക്ഷിതമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരിയിൽ അവതരിപ്പിച്ച ഭേദഗതി ബില്ലനുസരിച്ച് സഹകരണ ബാങ്കുകളുടെ സി.ഇ.ഒ. നിയമനത്തിന് റിസർവ് ബാങ്കിൻറെ മുൻകൂർ അനുമതി വേണം. സഹകരണ സൊസൈറ്റി രജിസ്ട്രാർക്ക് കീഴിൽവരുന്ന ഏതു സഹകരണ ബാങ്കിൻറെയും ഡയറക്ടർ ബോർഡ് അസാധുവാക്കാൻ ആർ.ബി.ഐക്ക് അധികാരമുണ്ടായിരിക്കും. ആവശ്യമെങ്കിൽ അതതു സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയശേഷം അവയുടെ പ്രവർത്തനം അവസാനിപ്പിക്കുകയുമാകാം. സഹകരണ സൊസൈറ്റി രജിസ്ട്രാറുടെ കീഴിൽ പല സംസ്ഥാനങ്ങളിലെയും അർബൻ സഹകരണ ബാങ്കുകളുടെ ഭരണ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്ന് ആരോപണമുണ്ട്. പി.എം.സി. ബാങ്കിൻറെ പതനത്തിൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. ഭരണസംവിധാനത്തിലെ പ്രശ്നങ്ങൾകൊണ്ട് സാന്പത്തികമായി പ്രതിസന്ധിയിലായ ഒട്ടേറെ സഹകരണ ബാങ്കുകളുടെ പ്രവർത്തനം റിസർവ് ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്. ഈവർഷം ഇതുവരെ 44 സഹകരണ ബാങ്കുകളുടെ പ്രവർത്തനം മരവിപ്പിക്കുകയോ നിലവിലുള്ളത് നീട്ടുകയോ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിൽനിന്നുള്ള സി.കെ.പി. സഹകരണ ബാങ്ക്, ഗോവയിലെ മപൂസ അർബൻ സഹകരണബാങ്ക് എന്നിവയുടെ പ്രവർത്തനം അവസാനിപ്പിക്കാനും ഉത്തരവിട്ടിരുന്നു. അതേസമയം, ചെറു സഹകരണ ബാങ്കുകളുടെയും പ്രാഥമിക കാർഷികസഹകരണ സംഘങ്ങളുടെയും കാർഷികവായ്പാ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ നിയന്ത്രണം നിലവിലുള്ളരീതിയിൽ തുടരുമെന്നാണ് അറിയുന്നത്. ഇതുസംബന്ധിച്ച് ഓർഡിനൻസ് വന്നാലേ കൂടുതൽ വ്യക്തതയുണ്ടാകൂ. നേരത്തേ അവതരിപ്പിച്ച ബില്ലിൽ ഇവയെ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2017 മാർച്ച് അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 33 സംസ്ഥാന സഹകരണ ബാങ്കുകളിലായി 1.2 ലക്ഷം കോടിയുടെയും 370 ജില്ലാ സഹകരണ ബാങ്കുകളിലായി 3.3 ലക്ഷം കോടിയുടെയും 95,595 പ്രാഥമിക കാർഷികവായ്പാ സൊസൈറ്റികളിലായി 1.15 ലക്ഷം കോടിയുടെയും നിക്ഷേപമാണുള്ളത്. ആർ.ബി.ഐ. അനുമതി അനിവാര്യം കടപ്പത്രങ്ങൾ, സുരക്ഷ ഉറപ്പുനൽകാത്ത കടപ്പത്രങ്ങൾ, ഈടുരഹിത വായ്പകൾ തുടങ്ങിയവയുടെ കാര്യത്തിൽ സഹകരണ ബാങ്കുകൾക്ക് ഇനി റിസർവ് ബാങ്കിൻറെ അനുമതി വേണ്ടിവരും. എല്ലാ ഇടപാടുകളും കൃത്യമായി റിസർവ് ബാങ്കിനെ അറിയിക്കണം. വീഴ്ച വരുത്തിയാൽ വൻതുക പിഴ നൽകേണ്ടിവന്നേക്കാം. ആർ.ബി.ഐ. നിർദേശിക്കുന്ന ഉപാധികൾക്കും പരിധിക്കുമപ്പുറം ഓഹരി മൂലധനം പിൻവലിക്കാനോ മൂലധനത്തിൽ കുറവു വരുത്താനോ കഴിയില്ല. ഓഹരിയുടമകൾക്ക് ഓഹരി തിരിച്ചുനൽകി പണം ആവശ്യപ്പെടാനാകില്ല. Content Highlights:Co operative banks RBI
from mathrubhumi.latestnews.rssfeed https://ift.tt/3dvS3wc
via
IFTTT
No comments:
Post a Comment